കേരള ക്രിക്കറ്റ് ലീഗിന് ആവേശത്തുടക്കം; അസ്ഹറുദ്ദീന്റെ നായകത്വത്തില്‍ ആലപ്പിയുടെ ആദ്യപോര് ഇന്ന്

കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥി മോഹന്‍ലാലിനൊപ്പം തളങ്കര സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീന്‍ അടക്കമുള്ള വിവിധ ടീമുകളുടെ നായകന്മാര്
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം പതിപ്പിന് ആവേശകര തുടക്കം. ഇന്നലെ നടന്ന ഉദ്ഘാടന മത്സരം തന്നെ ത്രില്ലിംഗ് നിറഞ്ഞതായി. കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സിനെ ഒരു വിക്കറ്റിന് തകര്‍ത്ത് നിലവിലെ ചാമ്പ്യന്മാരായ കൊല്ലം സൈലേഴ്‌സ് ജൈത്രയാത്ര തുടങ്ങി. മറ്റൊരു മത്സരത്തില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെ കൊച്ചി ബ്ലൂ ടൈഗേര്‍സ് എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി. കാസര്‍കോടിന്റെ അഭിമാനതാരം മുഹമ്മദ് അസ്ഹറുദ്ദീന്‍ നയിക്കുന്ന ആലപ്പി റിപ്പിള്‍സ് ആദ്യ മത്സരത്തിന് ഇന്നിറങ്ങും. ഉച്ചയ്ക്ക് 2.30ന് നടക്കുന്ന മത്സരത്തില്‍ തൃശൂര്‍ ടൈറ്റന്‍സാണ് എതിരാളികള്‍. 6.45ന് നടക്കുന്ന മത്സരത്തില്‍ ഏരീസ് കൊല്ലം സെയിലേഴ്‌സ് അദാനി ട്രിവാന്‍ഡ്രം റോയല്‍സിനെ നേരിടും. കഴിഞ്ഞ വര്‍ഷം ആലപ്പിക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് അസ്ഹറുദ്ദീനായിരുന്നു. നാല് അര്‍ധ സെഞ്ച്വറികളടക്കം 410 റണ്‍സായിരുന്നു അസ്ഹറിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. പിന്നാലെ രഞ്ജി മത്സരങ്ങളിലും മികച്ച ഫോം തുടര്‍ന്ന അസ്ഹറിന്റെ നായകത്വവും കളിമികവുമാണ് ആലപ്പിയുടെ പ്രതീക്ഷ. കാസര്‍കോട് സ്വദേശിയായ ശ്രീഹരി എസ്. നായരും ഇത്തവണ ടീമിലുണ്ട്.