കാസര്‍കോടിന്റെ സ്വന്തം അസ്ഹറുദ്ദീന്‍ നായകന്‍, ശ്രീഹരി എസ്. നായരും ടീമില്‍
ഒമാന്‍ ദേശീയ ടീമിനെതിരെ കേരള സീനിയര്‍ ടീമിന്റെ മത്സരം

മുഹമ്മദ് അസ്ഹറുദ്ദീന്‍, ശ്രീഹരി എസ്. നായര്‍
കാസര്‍കോട്: ഐ.സി.സി റാങ്കിങ്ങില്‍ 17-ാം സ്ഥാനത്തുള്ള ഒമാന്‍ ദേശീയ ടീമിനെതിരെ കളിക്കാനിറങ്ങുന്ന കേരള സീനിയര്‍ ടീമിനെ കാസര്‍കോടിന്റെ സ്വന്തം മുഹമ്മദ് അസ്ഹറുദ്ദീന്‍ നയിക്കും. ഈ മാസം 20 മുതല്‍ 26 വരെ ഒമാനിലാണ് അഞ്ച് പരിമിത ഓവര്‍ മത്സരങ്ങള്‍. കേരളാ ക്രിക്കറ്റ് ലീഗിലും പിന്നാലെ രഞ്ജി ട്രോഫിയിലും മുഹമ്മദ് അസ്ഹറുദ്ദീന്‍ നടത്തിയ മിന്നും പ്രകടനങ്ങളാണ് വിക്കറ്റ് കീപ്പറും ബാറ്ററുമായ അദ്ദേഹത്തെ മറ്റൊരു രാജ്യത്തിനെതിരെയുള്ള മത്സരത്തില്‍ കേരളാ ടീമിന്റെ നായക പദവിയിലെത്തിച്ചത്. കാസര്‍കോട് ജില്ലയില്‍ നിന്നുള്ള ഇടങ്കയ്യന്‍ സ്പിന്‍ ബൗളാല്‍ ശ്രീഹരി എസ്. നായരും ടീമില്‍ ഇടംനേടി. രോഹന്‍ എസ്. കുന്നുമ്മല്‍, അഹ്മദ് ഇമ്രാന്‍, സല്‍മാന്‍ നിസാര്‍, ഷോണ്‍ റോജര്‍, ഗോവിന്ദ് ദേവ് ഡി പൈ, അഭിഷേക് പി. നായര്‍, പി.എ അബ്ദുല്‍ ബാസിത്, അക്ഷയ് മനോഹര്‍, എന്‍.എം സറഫുദ്ദീന്‍, എം.ഡി നിധീഷ്, എന്‍.പി ബേസില്‍, ഏദന്‍ ആപ്പിള്‍ ടോം, ബിജു നാരായണന്‍ എന്‍., മാധവ് കൃഷ്ണ എന്നിവരും ടീമിലുണ്ട്. ഐ.പി.എല്ലില്‍ കളിക്കുന്നതിനാല്‍ സഞ്ജു സാംസ്ണും സച്ചിന്‍ ബേബിയും വിഷ്ണു വിനോദും ടീമിലില്ല. അമയ് ഖുറേസിയയാണ് മുഖ്യ പരിശീലകന്‍. രജീഷ് രത്‌നകുമാര്‍ സഹപരിശീലകനും നാസിര്‍ മച്ചാന്‍ നിരീക്ഷകനുമാണ്. മത്സരത്തിന് മുന്നോടിയായിട്ടുള്ള ക്യാമ്പ് ഈ മാസം 15 മുതല്‍ 18 വരെ തിരുവനന്തപുരത്ത് നടക്കും. മുഹമ്മദ് അസ്ഹറുദ്ദീനെയും ശ്രീഹരി എസ്. നായരെയും കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ അഭിനന്ദിച്ചു.