ഫെന്‍സിങ് ചാമ്പ്യന്‍ഷിപ്പ്: ഇരട്ട സഹോദരങ്ങള്‍ 4 സ്വര്‍ണ്ണം നേടി ജില്ലക്ക് അഭിമാനമായി

നീലേശ്വരം: ഫെന്‍സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട സഹോദരങ്ങളായ നീലേശ്വരം സ്വദേശികള്‍ 4 സ്വര്‍ണ്ണം നേടി നാടിന് അഭിമാനമായി. ആനന്ദ് നാരായണന്‍, അഭിനന്ദ് നാരായണന്‍ എന്നിവര്‍ക്കാണ് സ്വര്‍ണ്ണം നേടാനായത്. എം.ജി യൂണിവേര്‍സിറ്റി ഇന്റര്‍കോളേജിയറ്റ് പുരുഷ-വനിത ഫെന്‍സിങ് ചാമ്പ്യന്‍ഷിപ്പില്‍ വ്യക്തിഗത ഇനത്തിലും ഗ്രൂപ്പിനത്തിലും ആനന്ദ് നാരായണന്‍ 2 സ്വര്‍ണ്ണ മെഡലുകളും, സാബ്രെ വ്യക്തിഗത ഇനത്തില്‍ ഒരു സ്വര്‍ണ്ണവുമടക്കം 3 മെഡലുകള്‍ നേടിയപ്പോള്‍, ഇതേ മത്സരത്തില്‍ ടീമില്‍ കളിച്ച അഭിനന്ദ് അടങ്ങിയ ടീം സ്വര്‍ണ്ണം നേടുകയായിരുന്നു. എറണാകുളം മഹാരാജാസ് കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് ആനന്ദ്. ഇതേ കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് അഭിനന്ദ്. ഇതോടെ പഞ്ചാബില്‍ വെച്ച് നടത്തുന്ന ദേശീയതല ഫെന്‍സിങ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുവാന്‍ ആനന്ദ് അര്‍ഹത നേടി. നീലേശ്വരം വാണിയം വയലിലെ പി. നാരായണന്‍ - കെ. ലത ദമ്പതികളുടെ മക്കളാണ് ആനന്ദും അഭിനന്ദും. ഹരിയാനയിലെ ഏകലവ്യന്‍ ഫെന്‍സിങ് അക്കാദമിയില്‍ നിന്നാണ് ആനന്ദ് പരിശീലനം നേടുന്നത്.