ബദിയടുക്ക ബസ്സ്റ്റാന്റ് യാഥാര്‍ത്ഥ്യമാകുമോ? പുതിയ ഭരണ സമിതിയില്‍ പ്രതീക്ഷയര്‍പ്പിച്ച് യാത്രക്കാര്‍

ബദിയടുക്ക: ബദിയടുക്ക ബസ്സ്റ്റാന്റ് യാഥാര്‍ത്ഥ്യമാകുമെന്ന കാര്യത്തില്‍ പുതിയ ഭരണ സമിതിയില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് യാത്രക്കാര്‍. കഴിഞ്ഞ രണ്ട് ഭരണ സമിതിയുടെ കാലാവധി കഴിഞ്ഞിട്ടും ബദിയടുക്ക ബസ്സ്റ്റാന്റിന് വേണ്ടിയുള്ള മുറവിളി ഇന്നും തുടരുകയാണ്. മലയോര മേഖലയിലെ പ്രധാന ടൗണാണ് ബദിയടുക്ക. ബദിയടുക്ക ടൗണില്‍ നിന്നും കര്‍ണ്ണാടക ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളിലേക്ക് പോകാനുള്ള യാത്രക്കാര്‍ക്ക് ബസ് കാത്ത് നില്‍ക്കാന്‍ ഇവിടെ ഇടമില്ല. സംസ്ഥാന അതിര്‍ത്തിക്കടുത്ത് സ്ഥിതി ചെയ്യുന്ന ഈ ടൗണില്‍ നിന്ന് നാല് ഭാഗത്തേക്കും ഒട്ടനേകം ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. കര്‍ണ്ണാടക, കാസര്‍കോട് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളടക്കം നിരവധി യാത്രക്കാരാണ് ബദിയടുക്ക ടൗണിലെത്തുന്നത്. എന്നാല്‍ യാത്രക്കാര്‍ക്കായി ഇവിടെ ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കാന്‍ ഇതുവരെ പഞ്ചായത്ത് അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ബദിയടുക്ക ടൗണില്‍ എത്തുന്ന യാത്രക്കാര്‍ക്ക് വിശ്രമിക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങളോട് കൂടിയ ബസ് കാത്തിരിപ്പ് കേന്ദ്രം വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. നേരത്തെ ഉണ്ടായിരുന്ന ബസ്സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ് കാലപഴക്കം ചെന്ന് അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് നീക്കം ചെയ്തിരുന്നു. എന്നാല്‍ പകരം സംവിധാനം ഉണ്ടാക്കാതെയാണ് കെട്ടിടം പൊളിച്ചത്. പുതിയ കെട്ടിടം പണിയുന്നതിന് 2010ല്‍ എം.എല്‍.എയുടെ ആസ്ഥി വികസന ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ അനുവദിച്ചുവെന്ന പ്രഖ്യാപനം ഉണ്ടായെങ്കിലും അത് നടപ്പായില്ല. ടൗണിലെത്തുന്ന യാത്രക്കാരുടെ പ്രാഥമിക ആവശ്യങ്ങള്‍ക്കായി ശൗചാലയം വേണമെന്ന നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് ശൗചാലയം പണിതെങ്കിലും അത് യാത്രക്കാര്‍ക്ക് പ്രയോജനമില്ലാത്ത സ്ഥലത്താണ്. മഴയും വെയിലും കൊണ്ട് ബസ് കാത്തുനില്‍ക്കുന്ന യാത്രക്കാര്‍ക്ക് കാലങ്ങളായി അങ്ങനെ തന്നെ നില്‍ക്കേണ്ട സ്ഥിതിയാണ്. കഴിഞ്ഞ ഭരണ സമിതിയുടെ കാലയളവില്‍ ഷീറ്റ് പാകിയ ഷെല്‍ട്ടര്‍ പണിതുവെങ്കിലും ഇരിക്കാനുള്ള സൗകര്യമില്ല. തിരഞ്ഞെടുപ്പില്‍ സമനിലയിലെത്തിയ യു.ഡി.എഫും ബി.ജെ.പിയും ഭരണത്തിലെത്തിയാല്‍ ആധുനിക സംവിധാനങ്ങളോട് കൂടിയ ബസ്സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സ് പണിയുമെന്ന് പറയുന്നുണ്ടെണ്ടിലും ആര് ഭരണത്തിലേറുമെന്നും ബസ്സ്റ്റാന്റ് കെട്ടിടം യാഥാര്‍ത്ഥ്യമാവുമോ എന്നും കാത്തിരിക്കാം.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it