പരക്കെ ആഫ്രിക്കന്‍ ഒച്ച് ശല്യം രൂക്ഷം; കര്‍ഷകര്‍ക്ക് ദുരിതം

കാസര്‍കോട്: ജില്ലയില്‍ പരക്കെ ആഫ്രിക്കന്‍ ഒച്ച് ശല്യം രൂക്ഷമായതോടെ കര്‍ഷകര്‍ക്ക് ദുരിതം. മഴയും മഞ്ഞും വെയിലും ഇടകലര്‍ന്ന കാലാവസ്ഥയിലും ഒച്ചിന്റെ ശല്യത്തിന് കുറവില്ല. തെങ്ങും കവുങ്ങും അടക്കമുള്ള കൃഷിയിടങ്ങളിലെല്ലാം നാശം വിതച്ച് കര്‍ഷകര്‍ക്ക് ദുരിതവും കണ്ണീരും വിതക്കുകയാണ് ഒച്ചുകളുടെ കൂട്ടം. ഉപ്പ് ഉപയോഗിച്ചാണ് കര്‍ഷകര്‍ പലപ്പോഴും ഒച്ചിനെ തുരത്തിയിരുന്നത്. ഇപ്പോള്‍ ഉപ്പിനും ഒച്ച് കീഴടങ്ങുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. തീരമേഖലയില്‍ ഒച്ചിന്റെ കൂട്ടത്തോടെയുള്ള ശല്യം നാളികേര കര്‍ഷകരില്‍ ആശങ്ക ഉയര്‍ത്തുന്നു. കാലാവസ്ഥ വ്യതിയാനത്തിലാണ് തീരമേഖലയില്‍ ഒച്ചുകളുടെ ശല്യം വര്‍ധിച്ചത്. അതേ സമയം തെങ്ങിനെ ശല്യം ചെയ്യാത്ത ഒച്ചും കൂട്ടത്തിലുണ്ടെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. എല്ലാ കൃഷികളിലും നാശകാരിയായ ഒച്ച് ഇപ്പോള്‍ വീടുകളുടെ ചുമരുകളിലും അതുവഴി വീട്ടിനകത്തും കടന്നെത്തുന്നു. ദേഹത്ത് തട്ടിയാല്‍ ചൊറിച്ചിലെടുക്കുന്ന അവസ്ഥയുണ്ടെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. മറ്റു കീടങ്ങളുടെ ശല്യത്തിന് പുറമെയാണ് ഒച്ചിന്റെ ദുരിതവും കൂടി സഹിക്കേണ്ടി വരുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it