മൊഗ്രാല്‍ സ്‌കൂള്‍ റോഡില്‍ വെള്ളക്കെട്ടും കാടും; വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള കാല്‍നടയാത്രക്കാര്‍ക്ക് ദുരിതം

മൊഗ്രാല്‍: പരേതനായ പി.ബി. അബ്ദുല്‍റസാഖ് എം.എല്‍.എയുടെ കാലത്ത് പുനര്‍നിര്‍മ്മിച്ച മൊഗ്രാല്‍-പേരാല്‍ പി.ഡബ്ല്യു.ഡി. റോഡിനെ തിരിഞ്ഞുനോക്കാതെ അധികൃതര്‍. 2,500 ലേറെ കുട്ടികള്‍ പഠിക്കുന്ന മൊഗ്രാല്‍ ജി.വി.എച്ച്.എസ്.എസ്, സര്‍ക്കാര്‍ യൂനാനി ഡിസ്‌പെന്‍സറി തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്ന മൊഗ്രാല്‍-പേരാല്‍ പി.ഡബ്ല്യു.ഡി. റോഡില്‍ സ്‌കൂളിന് സമീപത്താണ് കുണ്ടുംകുഴിയും ചെളി വെള്ളവും കാടും നിറഞ്ഞ് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ദുരിതമാവുന്നത്. ഈ റൂട്ടില്‍ കുമ്പള പഞ്ചായത്തിന്റെ കെ.എസ്.ആര്‍.ടി.സി ഗ്രാമ വണ്ടിയും സര്‍വീസ് നടത്തുന്നുണ്ട്.

പലതവണ പരാതിപ്പെട്ടും നടപടികളുണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. റോഡില്‍ അപകടസാധ്യതയുള്ള ചളിയങ്കോട്-റഹ്മത്ത് നഗര്‍ വളവില്‍ കുത്തിയൊലിച്ച് വരുന്ന മഴവെള്ളം ഒഴുകിപ്പോകാന്‍ ഓവുചാല്‍ സംവിധാനമില്ലാത്തത് റോഡ് തകര്‍ച്ചയ്ക്ക് കാരണമാകുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ശക്തമായ മഴയില്‍ വെള്ളം ഒഴുകി റോഡിന്റെ ഇരുഭാഗത്തും വന്‍കുഴികള്‍ രൂപപ്പെട്ടതോടെ വാഹനങ്ങള്‍ക്ക് എതിര്‍ ദിശയില്‍ നിന്ന് വരുന്ന വാഹനങ്ങളെ മറികടന്നുപോകാന്‍ പറ്റാത്ത സാഹചര്യമായതിനാല്‍ ഇവിടെ ഗതാഗത തടസവും ഉണ്ടാകാറുണ്ട്.

ചളിയങ്കോട്-റഹ്മത്ത് നഗര്‍ വരെ റോഡിന് സമീപം ഓവുചാല്‍ സംവിധാനം വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെയായി. പി.ഡബ്ല്യു.ഡി. റോഡ് ആയതിനാല്‍ പഞ്ചായത്ത് അധികൃതരും ഇടപെടുന്നുമില്ല. ഇതില്‍ ധര്‍മ്മസങ്കടത്തിലാണ് നാട്ടുകാര്‍. മഴക്കാലത്തിനു മുമ്പ് ചളിയങ്കോട് ബോയ്‌സ് സംഘടിച്ച് റോഡിലെ ഇരുവശവുമുള്ള കുഴികള്‍ മണ്ണിട്ട് മൂടിയിരുന്നെങ്കിലും മഴ കനത്തതോടെ ഇത്ം ഒഴുകിപ്പോയി.

സ്‌കൂള്‍ റോഡില്‍ മഴവെള്ളം കെട്ടിക്കിടക്കുന്നതും കാടുകള്‍ മൂടിക്കിടക്കുന്നതും ഒഴിവാക്കാന്‍ ഇടപെടല്‍ വേണമെന്നാവശ്യപ്പെട്ട് മൊഗ്രാല്‍ ദേശീയവേദി എ.കെ.എം. അഷ്‌റഫ് എം.എല്‍.എക്ക് നിവേദനം നല്‍കിയിരുന്നുവെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല. കുമ്പള പഞ്ചായത്ത് തനത് ഫണ്ട് ഉപയോഗപ്പെടുത്തി സ്‌കൂളിന് സമീപം ഇന്റര്‍ലോക്ക് സംവിധാനത്തില്‍ പദ്ധതി നടപ്പിലാക്കുമെന്ന് വാര്‍ഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ നാസര്‍ മൊഗ്രാല്‍ നാട്ടുകാരെ അറിയിച്ചിരുന്നുവെങ്കിലും ഇതിലും നടപടിയില്ല. ഇവിടെയുള്ള ട്രാന്‍സ്‌ഫോര്‍മറിന് സമീപത്ത് വെള്ളം കെട്ടിക്കിടക്കുന്നതും അപകടസാധ്യത ഉണ്ടാക്കുമെന്ന് നാട്ടുകാര്‍ ഭയക്കുന്നുണ്ട്.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it