വിദ്യാനഗറില്‍ കാത്തിരിപ്പ് കേന്ദ്രം ഉപയോഗിക്കാതെ ബസുകള്‍ നിര്‍ത്തുന്നത് കടകള്‍ക്ക് മുന്നില്‍

വിദ്യാനഗര്‍: തലപ്പാടി-ചെങ്കള റീച്ചില്‍ ദേശീയപാതയുടെയും സര്‍വ്വീസ് റോഡിന്റെയും പ്രവൃത്തി പൂര്‍ത്തിയാവുമ്പോഴും ചിലയിടങ്ങളില്‍ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ ബസ്സുകള്‍ നിര്‍ത്താതെ തോന്നിയ സ്ഥലങ്ങളില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുന്നതായും ഇറക്കുന്നതായും പരാതി. ഇത് ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും കാരണമാകുന്നു. ജില്ലയുടെ ഭരണസിരാ കേന്ദ്രമായ വിദ്യാനഗറില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും ബസ്സുകള്‍ ഇവിടെ നിര്‍ത്തിയിടാതെ അല്‍പം അകലെയുള്ള കടകള്‍ക്ക് മുന്നിലാണ് നിര്‍ത്തുന്നത്. സര്‍വ്വീസ് റോഡില്‍ ബസ്സുകള്‍ ആളുകളെ കയറ്റാനും ഇറക്കാനും നിര്‍ത്തിയിടുമ്പോള്‍ രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. വാഹനങ്ങള്‍ അപകടത്തില്‍പ്പെടാനും ഇത് ഇടയാക്കുമെന്ന് യാത്രക്കാര്‍ പറയുന്നു. ഇത് സംബന്ധിച്ച് നഗരസഭാ കൗണ്‍സിലര്‍ മജീദ് കൊല്ലമ്പാടി ആര്‍.ടി.ഒ അധികൃതര്‍ അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. അതേ സമയം കറന്തക്കാട് മുതല്‍ നായന്മാര്‍മൂല വരെ പലയിടങ്ങളിലും സര്‍വ്വീസ് റോഡിലും നടപ്പാതയിലുമടക്കം വാഹനങ്ങള്‍ അനധികൃതമായി നിര്‍ത്തിയിടുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. ഇതും ഗതാഗതക്കുരുക്കിനും വാഹനങ്ങള്‍ അപകടത്തില്‍പ്പെടാനും കാരണമാകുന്നുണ്ട്.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it