യൂറിയ രണ്ട് മാസമായി കിട്ടാനില്ല; നെല്‍കര്‍ഷകര്‍ ദുരിതത്തില്‍

കാസര്‍കോട്: ജില്ലയില്‍ യൂറിയ കിട്ടാനില്ലാതായതോടെ നെല്‍കൃഷി ആരംഭിക്കാന്‍ സമയമായതോടെ വളം തേടിയുള്ള ഓട്ടപ്പാച്ചിലിലാണ് കര്‍ഷകര്‍. കാഞ്ഞങ്ങാട്ടുള്ള വളം ഡിപ്പോയില്‍ മാത്രമാണ് നിലവില്‍ യൂറിയ ലഭ്യം. മറ്റുള്ള ഡിപ്പോകളില്‍ അടക്കം അന്വേഷിച്ചിട്ടും കര്‍ഷകര്‍ക്ക് നിരാശയാണ് ഫലം. കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്ന വളമാണ് യൂറിയയും പൊട്ടാഷും. സഹകരണ സംഘങ്ങളിലൂടെയാണ് യൂറിയ പ്രധാനമായും കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. രണ്ടുമാസമായി യൂറിയക്ക് ക്ഷാമം അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ ആഴ്ചയോടെ കാസര്‍കോട്, കണ്ണൂര്‍, കോട്ടയം ജില്ലകളില്‍ യൂറിയ കിട്ടാനില്ലാത്ത സ്ഥിതിയായി. വളം ഡിപ്പോകളില്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി സബ്‌സിഡി വളങ്ങളുടെ സ്റ്റോക്ക് സംബന്ധിച്ച് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കും. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിന് റിപ്പോര്‍ട്ട് കൈമാറും. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാറാണ് വളം അനുവദിക്കുന്നത്. സാധാരണയായി മാസത്തില്‍ ഒരു തവണയാണ് പരിശോധന നടക്കാറുള്ളത്. സ്റ്റോക്കില്‍ കുറവുണ്ടെന്നറിഞ്ഞാലും പരിശോധന നടത്താറുണ്ട്. എന്നാല്‍ രണ്ട് മാസമായി കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ ഇന്‍സ്‌പെക്ഷന്‍ പലയിടത്തും കൃത്യമായി നടക്കുന്നില്ലെന്ന് പരാതിയുണ്ട്. തിരക്കുകള്‍ മൂലം ചിലപ്പോഴൊക്കെ പരിശോധന അല്‍പം വൈകാറുണ്ടെങ്കിലും ഇത്ര വൈകുന്നത് അപൂര്‍വമാണെന്നാണ് കര്‍ഷകര്‍ പറയുന്നത്.
പെരിയയില്‍ അടക്കം പലയിടത്തും കഴിഞ്ഞ മാസം പരിശോധന നടത്തി ജില്ലാതലത്തിലേക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അടുത്ത ആഴ്ചയോടെ യൂറിയ കുറച്ച് എത്തുമെന്ന് വിവരമുണ്ട്. അതോടൊപ്പം വില്‍പന, സ്റ്റോക്ക് കണക്കുകള്‍ സൂക്ഷിക്കുന്ന പി.ഒ.എസില്‍ ചിലപ്പോഴെങ്കിലും യൂറിയ സ്റ്റോക്കിലെ കുറവ് അപ്‌ലോഡ് ചെയ്യാനും ചിലര്‍ മറക്കാറുണ്ട്. നെല്‍കൃഷിക്ക് യൂറിയ അത്യാവശ്യ ഘടകമാണ്.

