മലയാളമയമായി 'പിദായി' തുളു സിനിമ; മികച്ച രണ്ടാമത്തെ സിനിമ

ബംഗളൂരു രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം നേടിയ പിദായി എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അവാര്‍ഡ് ഏറ്റുവാങ്ങുന്നു
കാസര്‍കോട്: ദേശീയ അവാര്‍ഡ് ജേതാവും പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ അനന്തരവനുമായ സന്തോഷ് മാട സംവിധാനം ചെയ്ത 'പിദായി' എന്ന തുളു ചിത്രം പതിനാറാം ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച രണ്ടാമത്തെ കന്നഡ ചലച്ചിത്രത്തിനുള്ള അവാര്‍ഡ് നേടി. ബാംഗ്ലൂര്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രഭാരതി, കര്‍ണാടക സിനിമ എന്നീ രണ്ട് വിഭാഗങ്ങളിലേക്കുള്ള മത്സര വിഭാഗത്തില്‍ പിദായി തിരഞ്ഞെടുക്കപ്പെട്ടു. ഇതാദ്യമായാണ് ഒരു തുളു സിനിമ രണ്ട് വിഭാഗങ്ങളിലായി മത്സരിക്കുന്നത്.
'നമ്മ കനസു' ബാനറില്‍ കെ. സുരേഷ് നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രമേഷ് ഷെട്ടിഗാര്‍ മഞ്ചേശ്വരത്തിന്റേതാണ്. കന്നഡ നടന്‍ ശരത് ലോഹിതാശ്വയാണ് ചിത്രത്തില്‍ പ്രധാന വേഷം ചെയ്തത്. മുന്‍കാല മലയാളി നടി ജലജയുടെ മകള്‍ ദേവി നായര്‍ മറ്റൊരു പ്രമുഖ റോളില്‍ അഭിനയിച്ചു. ഛായാഗ്രഹണം നിര്‍വഹിച്ചത് ഉണ്ണി മടവൂര്‍ ആണ്. സിനിമയുടെ ഭൂരിഭാഗവും മഞ്ചേശ്വരത്താണ് ചിത്രീകരിച്ചത്. പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ സംസ്‌കൃതം വരികള്‍ക്ക് സംഗീതം നല്‍കിയത് ചെന്നൈയില്‍ താമസിക്കുന്ന മലയാളി കര്‍ണാടക സംഗീതജ്ഞന്‍ പി.വി അജയ് നമ്പൂതിരിയാണ്. സുധീര്‍ അത്താവര്‍, കുശാലാക്ഷി മഞ്ചേശ്വര്‍ എന്നിവരും വരികള്‍ എഴുതിയിട്ടുണ്ട്. ഡോ. വിദ്യാഭൂഷണ്‍ ഒരു സിനിമക്ക് പാടുന്നത് ഈ സിനിമയിലാണെന്നതും പ്രത്യേകതയാണ്.
മലയാളി പിന്നണി ഗായകന്‍ വിജേഷ് ഗോപാലും ഭാവനയും പാടിയിട്ടുണ്ട്. സംഗീതം കൈതപ്രത്തിന്റെ മകന്‍ ദീപാങ്കുരനാണ് നിര്‍വഹിച്ചത്. മലയാളി സംവിധായകരായ ജയരാജ്, കമല്‍, റോഷന്‍ ആന്ധ്രൂസ് എന്നിവരുടെ സഹായിയായി സന്തോഷ് മാട നിരവധി മലയാളം, തമിഴ് ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.