മുകളില്‍ മരങ്ങള്‍, താഴെ കാട്ടിനകത്ത് പെരുമ്പാമ്പുകളും; ജീവന്‍ പണയം വെച്ച് അംഗന്‍വാടി കുട്ടികള്‍

ബന്തിയോട്: മുകളില്‍ അപകടാവസ്ഥയിലുള്ള മരങ്ങളും താഴെ കാട്ടിനകത്ത് പെരുമ്പാമ്പുകളും. ജീവന്‍ പണയം വെച്ച് അംഗന്‍വാടി കുട്ടികള്‍. മംഗല്‍പ്പാടി പഞ്ചായത്തിലെ പതിനാറാം വാര്‍ഡില്‍പെട്ട ഷിറിയ അംഗന്‍വാടിയിലെ കുട്ടികള്‍ക്കാണ് ഈ ദുരിതം. കഴിഞ്ഞ മാസം ശക്തമായ കാറ്റില്‍ രാത്രി അംഗന്‍വാടി കെട്ടിടത്തിന് സമീപത്തെ മരം കടപുഴകി വീണ് ശൗചാലയത്തിന്റെ വാതില്‍ തകര്‍ന്നിരുന്നു. അംഗന്‍വാടി കെട്ടിടത്തിന്റെ പകുതി കോണ്‍ക്രീറ്റും പകുതി ഷീറ്റ് പാകിയതുമാണ്. കെട്ടിടത്തിനടുത്തായി രണ്ട് മരങ്ങളുണ്ട്. ശക്തമായ മഴയില്‍ മണ്ണ് ഒലിച്ചുപോയ ഒരു മരത്തിന്റെ അടിഭാഗം അപകടാവസ്ഥയിലാണ്. കാറ്റ് വീശിയാല്‍ മരം കടപുഴകി വീഴുന്ന സ്ഥിതിയാണുള്ളത്. മറ്റൊരു മരത്തിന്റെ വലിയ ശിഖരങ്ങള്‍ കെട്ടിടത്തിന് മുകളില്‍ നില്‍ക്കുന്നതും അപകടഭീഷണി ഉയര്‍ത്തുന്നു.
അംഗന്‍വാടിയുടെ ചുറ്റു മതില്‍ കഴിഞ്ഞ ദിവസമുണ്ടായ മഴയില്‍ തകര്‍ന്നിട്ടുണ്ട്. സമീപത്തെ പറമ്പിലുള്ള കാട്ടില്‍ നിന്ന് പെരുമ്പാമ്പുകള്‍ കെട്ടിടത്തിന്റെ മുറ്റത്തേക്ക് കയറി വരുന്നതായി അംഗന്‍വാടിയിലെ ആയമാര്‍ പറയുന്നു. അംഗന്‍വാടി കെട്ടിടത്തിന്റെ മുറ്റത്ത് കാട് പന്തലിച്ചുനില്‍ക്കുകയാണ്. ഇതുമൂലം കുട്ടികള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അസ്ഥയാണ്. 15 കുട്ടികള്‍ അംഗന്‍വാടിയിലേക്ക് ആദ്യം എത്തിയിരുന്നു. മരം കടപുഴകി വീണതിന് ശേഷം മാതാപിതാക്കള്‍ ഭയന്ന് കുട്ടികളെ വിടാറില്ലെന്നാണ് പറയുന്നത്. ഇതേ തുടര്‍ന്ന് ഇപ്പോള്‍ ഏഴോളം കുട്ടികള്‍ മാത്രമാണെത്തുന്നത്. ഇതുസംബന്ധിച്ച് ഹനീഫ ഷിറിയ പല തവണ മംഗല്‍പ്പാടി പഞ്ചായത്ത് ഓഫീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല.