ഇതും ഒരു പാലം; തുരുമ്പെടുത്ത് കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്ന് വീണ് പള്ളത്തടുക്ക പാലം

ബദിയടുക്ക: ചെര്‍ക്കള-കല്ലടുക്ക സംസ്ഥാന പാതയിലെ അപകടാവസ്ഥയിലുള്ള പള്ളത്തുക്ക പാലത്തിന്റെ അറ്റകുറ്റ പ്രവൃത്തിയോ പുതുക്കി പണിയുന്നതിനുള്ള നടപടികളോ അധികൃതരുടെ ഭാഗത്തുനിന്ന് ഇല്ലാത്തത് യാത്രക്കാരെയും നാട്ടുകാരെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നു. ചെര്‍ക്കള-കല്ലടുക്ക സംസ്ഥാന പാതയില്‍ പെര്‍ളയെയും ബദിയടുക്കയെയും ബന്ധിപ്പിക്കുന്ന പള്ളത്തടുക്ക പാലമാണ് അപകടാവസ്ഥയിലുള്ളത്. അപകടാസ്ഥയിലായി വര്‍ഷങ്ങള്‍ പിന്നിട്ടുവെങ്കിലും നാട്ടുകാര്‍ പതിഷേധവുമായി രംഗത്തിറങ്ങുമ്പോള്‍ കണ്ണില്‍ പൊടിയിടുന്നത് പോലെ പാലത്തിന് മുകളിലുള്ള കുഴികള്‍ അടക്കുകയാണ് പതിവ് രീതി. കാലവര്‍ഷം തുടങ്ങുന്നതോടെ കുഴികള്‍ രൂപപെടും. എന്നാല്‍ പാലം പുതുക്കി പണിയാനുള്ള പരിഹാര മാര്‍ഗം നാളിതുവരെ ഉണ്ടായിട്ടില്ല. പാലത്തിന്റെ താഴ്ഭാഗം തകര്‍ന്ന് ഇരുമ്പു കമ്പികള്‍ തുരുമ്പെടുത്ത് ദ്രവിച്ച് കോണ്‍ക്രീറ്റ് സിമന്റ് പാളികള്‍ അടര്‍ന്ന നിലയിലാണ്. പാലത്തിന്റെ പില്ലറുകളും ഭാഗീകമായി തകര്‍ന്നിട്ടുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മ്മിച്ച പാലം 1987ല്‍ പുതുക്കി പണിയുകയും അന്നത്തെ പൊതുമരാമത്ത് മന്ത്രി ടി.കെ ഹംസ ഉദ്ഘാടനം ചെയ്യുകയും ചെയ്തിരുന്നു. അന്നുതന്നെ പ്രവൃത്തിയില്‍ കൃത്രിമമുണ്ടെന്ന് പരാതിയുയര്‍ന്നിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. പാലത്തിലെ വലിയ ബീമുകളിലെ ഇരുമ്പ് കമ്പികളാണ് തുരുമ്പെടുത്ത് കോണ്‍ക്രീറ്റ് പൊട്ടി പുറത്ത് വന്നിട്ടുള്ളത്. പാലത്തിന്റെ അടിഭാഗത്ത് പലയിടത്തും ഇത്തരത്തില്‍ ഇരുമ്പു കമ്പികള്‍ തുരുമ്പെടുത്ത് ദ്രവിച്ച് കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുവീണ നിലയിലുമാണ്. മുകള്‍ ഭാഗം പൂര്‍ണ്ണമായും തകര്‍ന്ന് പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. അന്തര്‍ സംസ്ഥാനവുമായി ബന്ധപ്പെടുന്ന റോഡില്‍ സ്ഥിതി ചെയ്യുന്ന പാലമെന്നത് കൊണ്ടുതന്നെ ഈ വഴി ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. പാലത്തിന്റെ അപകടാവസ്ഥ കണക്കിലെടുത്ത് സൂചനാബോര്‍ഡ് സ്ഥാപിച്ചതല്ലാതെ തുടര്‍നടപടിയൊന്നുമില്ല.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it