കുമ്പള റെയില്‍വേ സ്റ്റേഷനില്‍ മൂന്നാംഘട്ട വികസനം: ലിഫ്റ്റ് നിര്‍മ്മാണം പുരോഗമിക്കുന്നു

കുമ്പള: രണ്ട് പ്ലാറ്റ്‌ഫോമുകളുള്ള കുമ്പള റെയില്‍വേ സ്റ്റേഷനില്‍ വയോധികരായ യാത്രക്കാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രയാസം കൂടാതെ പ്ലാറ്റ്‌ഫോമുകളിലേക്ക് പോകാനുള്ള ലിഫ്റ്റ് നിര്‍മ്മാണം അന്തിമഘട്ടത്തില്‍. 80 ശതമാനം ജോലികള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. രണ്ടാം പ്ലാറ്റ്‌ഫോമിലേക്ക് നടന്നുപോകാനും വരാനും വയോധികരായ യാത്രക്കാരും സ്ത്രീകളും കുട്ടികളും ഏറെ പ്രയാസപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ട സ്റ്റേഷന്‍ അധികൃതര്‍ തന്നെയാണ് റെയില്‍വേ അധികൃതരെ അറിയിച്ച് ലിഫ്റ്റ് നിര്‍മ്മാണത്തിന് അനുമതി ലഭ്യമാക്കിയത്. കുമ്പളയില്‍ ഘട്ടം ഘട്ടമായി വികസന പദ്ധതികള്‍ നടപ്പിലാക്കുമെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. ഇതിന്റെ ഭാഗമായാണ് പ്ലാറ്റ്‌ഫോം മോഡി പിടിപ്പിച്ചതും ആവശ്യത്തിന് ഇരിപ്പിടം ഒരുക്കിയതും. യാത്രക്കാര്‍ക്കായി ശൗചാലയം ഉള്‍പ്പെടെയുള്ള വിശാലമായ വിശ്രമകേന്ദ്രവും ഒരുക്കി. വികസനത്തിന്റെ മൂന്നാംഘട്ടത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ ലിഫ്റ്റ് നിര്‍മ്മാണവും നടന്നുവരുന്നത്.

37 ഏക്കറോളം സ്ഥലം ലഭ്യതയുള്ള കുമ്പള റെയില്‍വേ സ്റ്റേഷന്‍ വികസനം ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. നാട്ടുകാരും യാത്രക്കാരും മുന്നോട്ടുവെക്കുന്ന ആവശ്യങ്ങളിലൊന്ന് റെയില്‍വേ സ്റ്റേഷനില്‍ കാടുമൂടി കിടക്കുന്ന സ്ഥല ലഭ്യത ഉപയോഗപ്പെടുത്തി കുമ്പള റെയില്‍വേ സ്റ്റേഷനെ 'സാറ്റലൈറ്റ്' സ്റ്റേഷനായി ഉയര്‍ത്തുക എന്നതാണ്.

ഇത്രയും സ്ഥല ലഭ്യതയുള്ള റെയില്‍വേ സ്റ്റേഷന്‍ മംഗലാപുരത്തിനും കണ്ണൂരിനുമിടയില്‍ എവിടെയുമില്ല. ഈ കാരണം കൊണ്ടാണ് കുമ്പള സാറ്റലൈറ്റ് സ്റ്റേഷന് വേണ്ടി നാട്ടുകാര്‍ മുറവിളി കൂട്ടുന്നത്. ഇത് സംബന്ധിച്ച് റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷനും സന്നദ്ധ സംഘടനകളും വ്യാപാരി സംഘടനകളും നാട്ടുകാരും നിരന്തരമായി മന്ത്രിമാരെയും റെയില്‍വേ അധികൃതരെയും ജനപ്രതിനിധികളെയും കണ്ട് നിവേദനം നല്‍കിവരുന്നുണ്ട്.

കുമ്പളയിലെയും സമീപത്തെ ഏഴോളം വരുന്ന പഞ്ചായത്തുകളിലെയും ജനങ്ങള്‍ ട്രെയിന്‍ മാര്‍ഗ്ഗമുള്ള യാത്രക്കായി ആശ്രയിക്കുന്നത് കുമ്പള റെയില്‍വേ സ്റ്റേഷനെയാണ്.

മംഗലാപുരത്തെ കോളേജുകളെ ആശ്രയിക്കുന്ന വിദ്യാര്‍ത്ഥികളും ആസ്പത്രികളിലേക്ക് പോകുന്ന രോഗികളും വ്യാപാര ആവശ്യങ്ങള്‍ക്കായി പോകുന്ന കച്ചവടക്കാരും നിത്യേന ആശ്രയിക്കുന്നത് കുമ്പള റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന ട്രെയിനുകളെയാണ്. ജില്ലയില്‍ വരുമാനത്തില്‍ മികവ് പുലര്‍ത്തി പോരുന്ന കുമ്പള റെയില്‍വേ സ്റ്റേഷനില്‍ ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കാത്തത് നേരത്തെ തന്നെ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. സന്നദ്ധ സംഘടനകളൊക്കെ ഇതുമായി ബന്ധപ്പെട്ട് പ്രക്ഷോഭ പരിപാടികളും സംഘടിപ്പിച്ചിരുന്നു.

പ്ലാറ്റ്‌ഫോമില്‍ മേല്‍ക്കൂരയുടെ അഭാവവും യാത്രക്കാരെ ദുരിതത്തിലാക്കുന്നുണ്ട്. വെയിലും മഴയും കൊണ്ടാണ് യാത്രക്കാര്‍ക്ക് ട്രെയിന്‍ കാത്തു നില്‍ക്കേണ്ടത്. അടുത്തഘട്ട വികസനത്തില്‍ ഇത് ഉള്‍പ്പെടുത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

ഏറ്റവും ഒടുവില്‍ ദക്ഷിണ റെയില്‍വേ പ്രഖ്യാപിച്ച പദ്ധതികളിലൊന്നാണ് കുമ്പള റെയില്‍വേ സ്റ്റേഷന്‍ സ്ഥലത്തെ 'ടര്‍ഫ്' മൈതാനം. റെയില്‍വേ സ്ഥലങ്ങള്‍ കാട്മൂടി കിടക്കുന്ന അവസ്ഥയില്‍ റെയില്‍വേക്ക് വരുമാനം പ്രതീക്ഷിച്ചുകൊണ്ടാണ് ദക്ഷിണ റെയില്‍വേ സ്വകാര്യ ഏജന്‍സികള്‍ക്ക് ടര്‍ഫ് മൈതാനം പണിയാനായി കുമ്പള ഉള്‍പ്പെടെ കാസര്‍കോട് ജില്ലയില്‍ മാത്രം 5 റെയില്‍വേ സ്റ്റേഷനുകളെ പരിഗണിച്ചിട്ടുള്ളത്. ഫുട്‌ബോളിന്റെ നാടായ കുമ്പളയില്‍ ടര്‍ഫ് മൈതാനം വരുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ല. എന്നാല്‍ നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെടുന്ന മറ്റു വികസന പദ്ധതികള്‍ കൂടി പരിഗണിക്കണമെന്നാണ് ആവശ്യമുയരുന്നത്.

റെയില്‍വേ സ്ഥലം ഉപയോഗപ്പെടുത്തി ഉന്നത വിദ്യാഭ്യാസത്തിന് കുമ്പളയില്‍ റെയില്‍വേ ഡിഗ്രി കോളേജ് അനുവദിക്കണമെന്ന ആവശ്യവും വിദ്യാര്‍ത്ഥികള്‍ മുന്നോട്ടുവെക്കുന്നുണ്ട്. ഇപ്പോള്‍ ജില്ലയിലെ 500ഓളം വരുന്ന വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്നത് മംഗലാപുരത്തെ കോളേജുകളെയാണ്. ഈ ആവശ്യത്തെ നാട്ടുകാരും സന്നദ്ധ സംഘടനകളും പിന്തുണക്കുന്നുമുണ്ട്.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it