കുമ്പള ടൗണില്‍ ട്രാഫിക് പോയിന്റില്ല; വാഹനങ്ങള്‍ ദിശ തെറ്റി ഓടുന്നത് അപകടഭീഷണിയാവുന്നു

കുമ്പള: കുമ്പള ടൗണില്‍ ട്രാഫിക് പോയിന്റില്ല. വാഹനങ്ങള്‍ ദിശ തെറ്റി ഓടുന്നത് അപകട ഭീഷണി ഉയര്‍ത്തുന്നു. ആറുവരി ദേശീയപാതയുടെ പ്രവൃത്തിയുടെ ഭാഗമായി കുമ്പള ടൗണിലേക്ക് പ്രവേശിക്കാന്‍ ഉണ്ടാക്കിയ റോഡിലൂടെ ഓടുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കാണ് ഈ പ്രശ്നം തലവേദനയായി മാറുന്നത്. കുമ്പളയില്‍ നിന്ന് തലപ്പാടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളും തലപ്പാടിയില്‍ നിന്ന് വരുന്ന വാഹനങ്ങളും കുമ്പള ടൗണിലേക്ക് പ്രവേശിക്കുമ്പോഴും തലപ്പാടിയില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളും കാസര്‍കോട് നിന്ന് വരുന്ന വാഹനങ്ങളും കുമ്പളയിലേക്ക് പ്രവേശിക്കുമ്പോഴും ഗതാഗത പ്രശ്നങ്ങളുണ്ടാകുന്നു. ഈ വാഹനങ്ങളെല്ലാം പുതിയതായുണ്ടാക്കിയ റോഡില്‍ കൂടി വേണം കടന്നുപോകാന്‍. എല്ലാ വാഹനങ്ങളും ഒന്നിച്ചെത്തുമ്പോള്‍ വാഹനങ്ങള്‍ പരസ്പരം തട്ടാതിരിക്കാന്‍ വേണ്ടി നിര്‍ത്തിയിടുന്നതിനാല്‍ ഏറെനേരം ഗതാഗതം സ്തംഭിക്കാനിടവരുത്തുന്നു. പുതിയതായി നിര്‍മ്മിച്ച റോഡില്‍ വാഹനങ്ങള്‍ക്ക് പ്രയാസമില്ലാതെ കടന്നുപോകാന്‍ വേണ്ടി ട്രാഫിക്ക് പോയിന്റ് നിര്‍മ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.