നടപ്പാതയും ഓവുചാലുമില്ല; കാല്‍നടയാത്രക്കാര്‍ക്ക് ദുരിതം

ബദിയടുക്ക: റോഡരികില്‍ നടപ്പാതയും ഓവുചാലുമില്ലാത്തത് കാല്‍നട യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഒരുപോലെ ദുരിതമാകുന്നു. മലയോരത്തെ പ്രധാന ടൗണായ മുള്ളേരിയയിലെ ഗാഡിഗുഡ്ഡെ-ബെള്ളൂര്‍ റോഡിലാണ് നടപ്പാതയും ഓവുചാലുമില്ലാത്തത്. മുള്ളേരിയ ടൗണില്‍നിന്ന് ബദിയടുക്ക റോഡ് ആരംഭിക്കുന്ന അതേ സ്ഥലത്ത് നിന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള ഗാഡിഗുഡ്ഡെ റോഡ് ആരംഭിക്കുന്നത്. ഇവിടെ ഓവുചാലുമില്ല. മുള്ളേരിയ ഗവ. ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി, വി.എച്ച്.എസ്.ഇ വിഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളിലേക്ക് പോകാനുള്ള ഏകവഴിയാണിത്. സ്‌കൂളിലേക്കുള്ള നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് റോഡിന്റെ മധ്യഭാഗത്ത് കൂടി നടന്നുപോയാല്‍ മാത്രമേ സ്‌കൂളിലേക്ക് എത്താന്‍ കഴിയൂ. റോഡിന് വീതി കുറവായതിനാല്‍ ഇവിടെ ഓവുചാല്‍ ഉള്‍പ്പെടെയുള്ള റോഡ് വികസനം നടത്താന്‍ സാധിക്കുന്നില്ല. മഴ വന്നാല്‍ ഇവിടെ വെള്ളം കെട്ടി നിന്ന് ചെളിക്കുളമാകും. മേലേഭാഗത്തുനിന്നും കുത്തിയൊഴുകുന്ന ചെളിവെള്ളം മുഴുവനായും റോഡിലൂടെ ഇവിടേക്കാണ് എത്തുന്നത്. ഇരുചക്ര വാഹനങ്ങള്‍ റോഡ് കാണാതെ പലപ്പോഴും അപകടത്തില്‍പെട്ടിട്ടുണ്ട്. നിരവധി സര്‍ക്കാര്‍, സഹകരണ സ്ഥാപനങ്ങള്‍ റോഡിന്റെ അരികിലുണ്ട്. രണ്ട് പതിറ്റാണ്ടിലധികമായി മുള്ളേരിയയിലെ വ്യാപാരികളും ഇതേ ആവശ്യമുയര്‍ത്തുന്നുണ്ട്. ദിവസേന നൂറുകണക്കിനാളുകള്‍ ആശ്രയിക്കുന്ന റോഡരികില്‍ നടപ്പാതയും ഓവുചാലും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.



Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it