ദേശീയപാത മുറിച്ചുകടക്കുന്നതിനും മതില്‍ ചാടുന്നതിനും കുറവില്ല; അപകടം അരികെ

കാസര്‍കോട്: ദേശീയപാത 66ലെ ആദ്യറീച്ചായ തലപ്പാടി-ചെങ്കള റീച്ച് നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തിയാക്കി ദേശീയപാതാ അതോറിറ്റിക്ക് കൈമാറിയ സാഹചര്യത്തിലും ദേശീയപാതയില്‍ അപകട സാഹചര്യത്തിനും ആശങ്കക്കും അയവില്ല. പലയിടങ്ങളിലും കാല്‍നട യാത്രക്കാര്‍ ദേശീയപാത മുറിച്ചുകടക്കുന്നതും മതില്‍ ചാടി കടക്കുന്നതും ഇപ്പോഴും തുടരുകയാണ്. വലിയ അപകട സാഹചര്യമാണ് പലയിടങ്ങളിലും നിലവിലുള്ളത്. മറുവശത്തെ ബസ് ആശ്രയിക്കുന്നതിനായി വിദ്യാര്‍ത്ഥികളും സ്ത്രീകളും അടക്കമുള്ളവര്‍ ദേശീയപാത മുറിച്ച് കടക്കുകയും ഡിവൈഡര്‍ ചാടി കയറുകയും ചെയ്യുന്ന കാഴ്ചയാണ് പലയിടങ്ങളിലും ഉള്ളത്. അടുക്കത്ത്ബയലില്‍ ഈ അടുത്ത് ഒരു വീട്ടമ്മ ദേശീയപാത മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ചിരുന്നു. തെരുവ് വിളക്ക് തൂണ്‍ സ്ഥാപിച്ചിടത്തെ വിടവില്‍ കൂടിയാണ് പലയിടങ്ങളിലും യാത്രക്കാര്‍ ചാടി കടക്കുന്നത്. ഇങ്ങനെ ചാടി കടക്കുമ്പോള്‍ വാഹനങ്ങള്‍ ശ്രദ്ധയില്‍പെടാതെ അപകടത്തില്‍പെടാന്‍ സാധ്യതയേറെയാണ്. ഭാഗ്യം കൊണ്ടാണ് പലരും അപകടത്തില്‍ നിന്ന് രക്ഷപ്പെടുന്നത്. ബസ് ആശ്രയിക്കുന്നതിന് മിക്കയിടങ്ങളിലും അടിപ്പാതയിലൂടെയോ ഫൂട്ട് ഓവര്‍ ബ്രിഡ്ജിലൂടെയോ നടന്ന് മറുഭാഗത്ത് എത്തേണ്ട സാഹചര്യമാണ്. എന്നാല്‍ ഒരു കിലോ മീറ്ററോ അതിലധികമോ നടക്കേണ്ടി വരുന്നതിനാല്‍ കുട്ടികളും സ്ത്രീകളും അടക്കമുള്ളവര്‍ എളുപ്പ വഴിയെന്ന് കരുതി ദേശീയപാത മറികടക്കുകയും ഡിവൈഡര്‍ ചാടി കടക്കുകയുമാണ്. ഇത്തരം സ്ഥലങ്ങളില്‍ അപകടാവസ്ഥ കുറക്കാനുള്ള നടപടികളോ ബോധവല്‍ക്കരണമോ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നില്ല. പൊലീസ് സാന്നിധ്യം ഉറപ്പാക്കി അപകട സാഹചര്യം ഒഴിവാക്കണമെന്ന് ആവശ്യം ഉയര്‍ന്നിരിക്കുകയാണ്.

സര്‍വീസ് റോഡിലെ സ്ലാബുകള്‍ പലതും പൊട്ടിപ്പൊളിഞ്ഞു; യാത്രക്കാര്‍ക്ക് ആശങ്ക

കാസര്‍കോട്: ദേശീയപാത സര്‍വീസ് റോഡിലെ ഓവുചാല്‍ സ്ലാബുകള്‍ പലയിടത്തും പൊട്ടിപ്പൊളിഞ്ഞ നിലയില്‍. മൊഗ്രാല്‍പുത്തൂര്‍, കല്ലങ്കൈ, എരിയാല്‍, അടുക്കത്ത്ബയല്‍, പുതിയ ബസ്സ്റ്റാന്റ് പരിസരം, നുള്ളിപ്പാടി, അണങ്കൂര്‍ എന്നിവിടങ്ങളിലെല്ലാം സ്ലാബുകള്‍ പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. സര്‍വീസ് റോഡില്‍ ഇരുഭാഗങ്ങളിലേക്കും വാഹനങ്ങള്‍ക്ക് ഓടാവുന്നതിനാല്‍ അമിതഭാരം കയറ്റിയുള്ള വലിയ വാഹനങ്ങളടക്കം ഓവുചാലുകള്‍ക്ക് മുകളിലൂടെ കടന്നുപോവുന്നു. എന്നാല്‍ മിക്കയിടങ്ങളിലും സ്ലാബുകള്‍ പൊട്ടിക്കിടക്കുന്നത് ആശങ്കയുണ്ടാക്കുന്നു. വലിയ വാഹനങ്ങള്‍ കടന്നുപോവുമ്പോള്‍ സ്ലാബുകള്‍ കൂടുതലായും പൊട്ടിപ്പൊളിയാനുള്ള സാധ്യതയുണ്ട്. മഴവെള്ളം കടന്നുപോവാനും ഇളക്കി മാറ്റാനും പറ്റാവുന്ന രീതിയില്‍ നിര്‍മ്മിച്ച സ്ലാബുകളാണ് പലയിടങ്ങളിലും പൊട്ടിപ്പൊളിഞ്ഞത്. മറ്റ് സ്ലാബുകളിലും ചിലയിടങ്ങളില്‍ വിള്ളല്‍ വീണിട്ടുണ്ട്.

പ്രവൃത്തിയില്‍ ചെപ്പടി; ഇന്റര്‍ലോക്കുകളും ഇളകി

മൊഗ്രാല്‍: ചെപ്പടി പ്രവൃത്തി മൂലം ദേശീയപാതാ നടപ്പാതയില്‍ പാകിയ ഇന്റര്‍ലോക്ക് കട്ടകള്‍ ഇളകിയതായി പരാതി. മൊഗ്രാല്‍ ലീഗ് ഓഫീസ് പരിസരത്താണ് ഇന്റര്‍ലോക്ക് ഇളകി നടപ്പാതയുടെ തകര്‍ച്ചക്ക് വഴി വെച്ചിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് നിര്‍മ്മിച്ചതാണ് നടപ്പാത. നടപ്പാതകള്‍ പലസ്ഥലങ്ങളിലും സമയം ലാഭിക്കാനും ജോലി വേഗത്തിലാക്കാനും നിര്‍മ്മാണ കമ്പനി അധികൃതര്‍ അശാസ്ത്രീയമായാണ് നിര്‍മ്മിച്ചതെന്ന പരാതിയുണ്ട്. സുപ്രീംകോടതി പോലും ഇടപെടല്‍ നടത്തിയ സാഹചര്യത്തില്‍ നടപ്പാത നിര്‍മ്മാണം കാര്യക്ഷമമായി നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് കാല്‍നടയാത്രക്കാരുടെ ആവശ്യം.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it