ദേശീയപാതയിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യമുയരുന്നു

വേനല്‍ ചൂടില്‍ വെന്തുരുകുന്നു

കാസര്‍കോട്: വേനല്‍ ചൂട് രൂക്ഷമാവുന്ന സാഹചര്യത്തില്‍ ദേശീയപാതയോരത്ത് ബസ് കാത്തിരിക്കുന്നവര്‍ക്ക് ദുരിതമേറെ. തണല്‍ മരങ്ങളെല്ലാം റോഡ് വികസനത്തിന്റെ ഭാഗമായി അന്യമായതോടെ ദേശീയപാതയോരത്ത് ബസ് കാത്തു നില്‍ക്കുന്നവര്‍ വിയര്‍ത്തൊലിക്കുകയാണ്. ചൂടിന്റെ കാഠിന്യം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയും ചെയ്യുന്നു. ദേശീയപാതയില്‍ സര്‍വീസ് റോഡുകളുടെ പ്രവൃത്തി മിക്കയിടത്തും പൂര്‍ത്തിയായിട്ടുണ്ട്. ചിലയിടങ്ങളില്‍ പാതിവഴിയിലുമാണ്. തലപ്പാടി-ചെങ്കള റീച്ചില്‍ 77 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുമെന്നാണ് അറിയുന്നത്. നിലവില്‍ കുമ്പള ദേവിനഗറില്‍ മാത്രമാണ് ബസ് കാത്തിരിപ്പ് കേന്ദ്രം പൂര്‍ത്തിയായിട്ടുള്ളത്. മറ്റ് ഇടങ്ങളിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നിര്‍മ്മാണ പ്രവൃത്തി രണ്ടാഴ്ചക്കകം ആരംഭിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. നേരത്തെ മാര്‍ച്ച് മാസത്തോടെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാനാവുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും ദേശീയപാത നിര്‍മ്മാണത്തില്‍ തന്നെ 15 ശതമാനത്തോളം ജോലികള്‍ ബാക്കിനില്‍ക്കുകയാണ്. ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍, നടപ്പാത, സര്‍വീസ് റോഡ് എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ഇനിയും വൈകുമെന്നാണ് സൂചന. ചൂട് അസഹ്യമായതിനാല്‍ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ യുദ്ധകാലടിസ്ഥാനത്തില്‍ സ്ഥാപിക്കണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്. ഉച്ചസമയത്തൊക്കെ ബസ് കാത്തുനില്‍ക്കുന്ന പ്രായമായവര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൂര്യാഘാതം മൂലം ബോധക്ഷയം ഉണ്ടാകുന്നതായും പൊള്ളലേല്‍ക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ചൂട് ഏല്‍ക്കാതിരിക്കാന്‍ സര്‍ക്കാര്‍ നിരവധി നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും അത് പ്രാവര്‍ത്തികമായി നടപ്പിലാക്കാന്‍ പരിമിതികളുണ്ടെന്ന് ബന്ധപ്പെട്ടവര്‍ തന്നെ പറയുന്നുണ്ട്. തൊഴില്‍ എടുക്കുന്നവര്‍ക്കുള്ള സമയക്രമം പോലും പാലിക്കപ്പെടുന്നില്ലെന്നും ആക്ഷേപമുണ്ട്.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it