വാണിനഗര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടറും ജീവനക്കാരുമില്ല

പുതിയ കെട്ടിടം പ്രവര്‍ത്തിച്ചത് ഉദ്ഘാടന ദിവസം മാത്രം

പെര്‍ള: ജില്ലയിലെ വടക്കേ അറ്റത്തെ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് പറയാനുള്ളത് അവഗണനയുടെ മാത്രം കഥകള്‍. എന്‍മകജെ പഞ്ചായത്തിലെ വാണിനഗര്‍ കുടുംബാരോഗ്യ കേന്ദ്രം ഡോക്ടര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരില്ലാതെ അവഗണനപേറുകയാണ്. കാലപഴക്കം ചെന്ന പഴയ ആസ്പത്രി കെട്ടിടത്തിന് പകരം കെട്ടിടം നിര്‍മ്മാണം പൂര്‍ത്തിയായി ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ക്ക് പിന്നിട്ടെങ്കിലും ഉദ്ഘാടനത്തിന് കെട്ടിടം തുറന്നതല്ലാതെ പിന്നീട് തുറന്നതുമില്ല. നിലവില്‍ കാലപഴക്കംചെന്ന, തകര്‍ച്ച ഭീഷണി നേരിടുന്ന കെട്ടിടത്തില്‍ തന്നെയാണ് കുടുംബാരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പ്രദേശമെന്ന നിലയില്‍ ദിനേന 200ല്‍പരം രോഗികള്‍ എത്തുന്ന ഇവിടെ ഡോക്ടര്‍മാരും നഴ്‌സ്, ലാബ് ടെക്‌നിഷ്യന്‍ തുടങ്ങിയ തസ്തികകളില്‍ ജീവനക്കാരുമില്ല. രാവിലെ എത്തുന്ന രോഗികള്‍ ഏറെ വൈകുവോളും ഡോക്ടറുടെ വരവും കാത്തിരിക്കുകയാണ്. വയോജനങ്ങള്‍, പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ള രോഗികള്‍ ചികിത്സ കിട്ടാതെ മടങ്ങുകയാണ്. ഒരു ഡോക്ടറുടെ സേവനം ഉണ്ടെങ്കിലും ആസ്പത്രിയിലെത്തുന്നത് ഒരു ദിവസം മാത്രം. മെഡിക്കല്‍ ഓഫീസറുടെ ചുമതലയും അദ്ദേഹത്തിനാണ്. അതുകൊണ്ട് തന്നെ രോഗികളെ പരിശോധിക്കാനുള്ള സമയം ലഭിക്കാറില്ല. ആസ്പത്രിയില്‍ ആവശ്യത്തിനുള്ള ഡോക്ടര്‍മാരേയും ജീവനക്കാരേയും നിയമിച്ച് പുതിയ കെട്ടിടത്തില്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനം ആരംഭിക്കാത്ത പുതിയ കെട്ടിടം

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it