കവ്വായി പ്രദേശത്തുകാരുടെ യാത്രാദുരിതത്തിന് പരിഹാരമായില്ല

ദേശീയപാത നിര്‍മ്മാണ കമ്പനി അധികൃതരുടെ അനാസ്ഥ കാരണം യാത്രാദുരിതം അനുഭവിക്കുന്ന കവ്വായിലേക്കുള്ള സര്‍വീസ് റോഡ്
കാഞ്ഞങ്ങാട്: ദേശീയപാത നിര്‍മ്മാണ കമ്പനി അധികൃതരുടെ നിഷേധാത്മക നിലപാട് കാരണം കാഞ്ഞങ്ങാട് നഗരസഭയിലെ 15-ാം വാര്‍ഡില്‍പ്പെട്ട കവ്വായി പ്രദേശത്തെ ജനങ്ങള്‍ ദുരിതമനുഭവിക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം. 2025 ജനുവരി മാസത്തിലാണ് പകരം സംവിധാനമൊരുക്കാതെ ദേശീയപാതയില്‍ നിന്ന് കവ്വായിലേക്ക് പ്രവേശിക്കുന്ന റോഡ് അധികൃതര്‍ അടച്ചത്. പകരം ജില്ലാ ആസ്പത്രിക്ക് സമീപത്ത് നിന്ന് അഹല്യ കണ്ണാസ്പത്രിക്ക് മുന്നില്‍ കൂടി പോകുന്ന ചെമ്മണ്‍ റോഡ് ഉപയോഗിക്കാനാണ് ദേശീയപാത നിര്‍മ്മാണ കമ്പനി അധികൃതര്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ ടാര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കാതെ പ്രസ്തുത റോഡ് ഉപയോഗിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് അന്ന് തന്നെ നാട്ടുകാര്‍ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും അതൊന്നും ചെവിക്കൊള്ളാന്‍ കമ്പനി അധികൃതര്‍ തയ്യാറായില്ല. ഇതുമൂലം രോഗികളും സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് ദുരിതം അനുഭവിക്കുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ കാസര്‍കോട് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കുകയും എത്രയും പെട്ടെന്ന് റോഡ് ടാര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കാന്‍ 2025 ഏപ്രില്‍ മാസത്തില്‍ ജിലാ കലക്ടര്‍ നിര്‍മ്മാണ കമ്പനി അധികൃതര്‍ക്ക് രേഖാമൂലം നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. എന്നാല്‍ നാളിതു വരെയും പ്രസ്തുത റോഡ് ഗതാഗത യോഗ്യമാക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. റോഡ് ഗതാഗത യോഗ്യമല്ലാത്തത് കാരണം ഓട്ടോ റിക്ഷ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കവ്വായിലേക്ക് ഓട്ടം വരാന്‍ മടിക്കുന്നതോടൊപ്പം പ്രദേശത്ത് പൊടി ശല്യവും രൂക്ഷമാണ്. ഒരു വര്‍ഷമായി കവ്വായി പ്രദേശത്തെ ജനങ്ങള്‍ അനുഭവിക്കുന്ന യാത്രാദുരിതത്തിന് പരിഹാരം കാണുന്നതിന് മുന്‍ നഗരസഭാ കൗണ്‍സിലര്‍ ഒഴികെയുള്ള ജന പ്രതിനിധികളാരും ഇടപെട്ടിട്ടില്ലെന്നാണ് ജനങ്ങളുടെ ആക്ഷേപം. ഒരു പ്രദേശത്തെ ജനങ്ങളാകെ അനുഭവിക്കുന്ന യാത്രാദുരിതത്തിന് പരിഹാരം കാണാന്‍ എം.എല്‍.എയും നഗരസഭാ ചെയര്‍മാനും ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ഇടപെടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

