ശാപമോക്ഷം തേടി ബദിയടുക്കയിലെ ടൗണ്‍ ഹാള്‍ കെട്ടിടം

ബദിയടുക്ക: വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച് പിന്നീട് പാതിവഴിയില്‍ ഉപേക്ഷിച്ച, നോക്കുകുത്തിയായി മാറിയ ബദിയടുക്ക ടൗണ്‍ ഹാള്‍ ശാപമോക്ഷം തേടുന്നു. പഞ്ചായത്തിന്റെ സ്വപ്‌ന പദ്ധതിയെന്ന അവകാശവാദത്തോടെ 2004ല്‍ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ച ബദിയടുക്ക ടൗണ്‍ ഹാള്‍ കെട്ടിടം പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്. വര്‍ഷങ്ങള്‍ പിന്നിട്ട്, അസ്ഥികൂടമായി അവശേഷിക്കുന്ന കെട്ടിടത്തിന്റെ ഭാഗങ്ങള്‍ ഇപ്പോള്‍ സാമൂഹ്യ വിരുദ്ധര്‍ക്ക് താവളമായി മാറുകയാണ്. 35 ലക്ഷം രൂപ ചെലവില്‍ ബോളുക്കട്ട മിനി സ്റ്റേഡിയത്തിനരികലാണ് ടൗണ്‍ ഹാള്‍ നിര്‍മ്മിക്കാനുള്ള പദ്ധതി ആവിഷ്‌കരിച്ച് ഒന്നാംഘട്ട പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ടത്. ഇരുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലെ പില്ലറുകളും ഒന്നാംനിലയുടെ ഒരുവശത്തെ സ്ലാബിന്റെ കോണ്‍ക്രീറ്റ് പ്രവര്‍ത്തനവും ആരംഭിച്ചതോടെ പ്രവൃത്തിയില്‍ കൃത്രിമമുണ്ടെന്ന് കാട്ടി ചിലര്‍ വിജിലന്‍സ് അധികൃതര്‍ക്ക് പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ എസ്റ്റിമേറ്റിന് വിരുദ്ധമായി പ്രവൃത്തിയില്‍ കൃത്രിമം നടത്തിയതായും പ്രവൃത്തി ഏറ്റെടുത്ത വ്യക്തി കൂടുതല്‍ തുക കൈപറ്റിയതായും കണ്ടെത്തി. ഇതേ തുടര്‍ന്ന് പ്രവൃത്തി ഏറ്റെടുത്ത വ്യക്തിയില്‍ നിന്ന് കൈപറ്റിയ അധിക തുക തിരിച്ചടക്കാന്‍ നിര്‍ദ്ദേശിക്കുകയും കേസ് വിജിലന്‍സ് കോടതിയില്‍ കൈമാറുകയുമാണുണ്ടായത്. ഇതോടെ ടൗണ്‍ ഹാള്‍ കെട്ടിടത്തിന്റെ പ്രവര്‍ത്തനം പാതിവഴിയില്‍ നിലച്ചു. രണ്ട് പതിറ്റാണ്ട് കാലമായി കാട് മൂടി കിടക്കുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം സാമൂഹ്യവിരുദ്ധരും മദ്യപന്‍മാരും കയ്യടക്കിയിരിക്കുന്നു. എന്നാല്‍ നിലവില്‍ വിജിലന്‍സ് കോടതി കേസ് പിന്‍വലിച്ചുവെങ്കിലും കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ ഫണ്ട് എങ്ങനെ കണ്ടെത്തുമെന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ കെട്ടിടം നാഥനില്ലാതെ ശാപമോക്ഷത്തിനായി കേഴുകയാണ്.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it