അറ്റകുറ്റപണിയുടെ പേരില്‍ അടച്ചിട്ട വിദ്യാനഗറിലെ നീന്തല്‍കുളം അഞ്ച് മാസമായി അടഞ്ഞുതന്നെ

കാസര്‍കോട്: ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സ് ലിമിറ്റഡിന്റെ (എച്ച്.എ.എല്‍) സാമൂഹിക സുസ്ഥിരത ഫണ്ട് ഉപയോഗിച്ച് കാസര്‍കോടിന്റെ കായിക മേഖലക്ക് വലിയ പ്രതീക്ഷയേകി നിര്‍മ്മിച്ച, ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും കാസര്‍കോട് നഗരസഭയുടെയും സംയുക്ത ഉത്തരവാദിത്വത്തില്‍ കൈമാറിയ വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിന് സമീപത്തെ നീന്തല്‍കുളം അധികൃതരുടെ അനാസ്ഥമൂലം അഞ്ചുമാസമായി അടഞ്ഞുതന്നെ. 1.72 കോടി രൂപ ചെലവിട്ടാണ് എച്ച്.എ.എല്‍ പൂര്‍ണമായും സൗജന്യമായി നീന്തല്‍കുളം അനുവദിച്ചത്. ഉദ്ഘാടനത്തിന് ശേഷം ഒരു വര്‍ഷത്തോളമുള്ള കാലയളവില്‍ 200ഓളം പേര്‍ക്കാണ് ഇവിടെ നീന്തല്‍ പരിശീലനം നല്‍കിയത്. ജില്ലാ അക്വാറ്റിക് അസോസിയേഷന് കീഴിലുള്ള പരിശീലകരായിരുന്നു പരിശീലനം നല്‍കിയിരുന്നത്. മൂന്ന് വയസ് മുതല്‍ 70 വയസ് വരെയുള്ളവര്‍ പരിശീലനത്തിന് എത്തിയിരുന്നു. അതിനിടെ മോട്ടോറുകളടക്കമുള്ളവ തകരാറിലാവുകയും നീന്തല്‍കുളത്തിന് സമീപം വൈദ്യുതി ഷോക്കടിക്കുന്നതും പതിവായതോടെ കഴിഞ്ഞ നവംബറില്‍ നീന്തല്‍കുളം താല്‍ക്കാലികമായി അടച്ചിടാന്‍ ജില്ലാ ഭരണകൂടം ഉത്തരവിടുകയായിരുന്നു. എന്നാല്‍ അഞ്ച് മാസം പിന്നിട്ടിട്ടും നീന്തല്‍കുളം തുറന്നുകൊടുക്കാന്‍ നടപടിയുണ്ടായില്ല. നിര്‍മ്മാണ പ്രവൃത്തിയില്‍ അപാകതയുള്ളതായി തുടക്കത്തിലെ പരാതിയുയര്‍ന്നിരുന്നു. ആറ് മാസം കൊണ്ട് തന്നെ പല സാമഗ്രികളും തകരാറിലായി. 4 മോട്ടോറുകളും ഒരു വര്‍ഷം കൊണ്ട് തന്നെ പ്രവര്‍ത്തന രഹിതമായി. നീന്തല്‍കുളത്തിന് പുറത്തേക്ക് വെള്ളം ഒഴുകുന്നതും മാലിന്യങ്ങള്‍ കെട്ടിനില്‍ക്കുന്നതും പതിവായി. അതിനിടെ വൈദ്യുതി ഷോക്കേല്‍ക്കുന്നതായും പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നീന്തല്‍കുളം അടച്ചിട്ടത്. താല്‍ക്കാലികമായി അടച്ചിടുന്നതായി അറിയിപ്പുണ്ടായെങ്കിലും പിന്നീട് തുറക്കാനുള്ള നടപടി ഉണ്ടായില്ല. സ്‌കൂള്‍ അവധിക്കാലമായതിനാല്‍ ദിവസേന നിരവധി കുട്ടികളാണ് ഇവിടെ എത്തുന്നത്. എന്നാല്‍ ഗേറ്റ് പൂട്ടികിടക്കുന്നതിനാല്‍ തിരിച്ച് മടങ്ങേണ്ട സ്ഥിതിയാണ്. സമീപം സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡില്‍ നല്‍കിയ നമ്പര്‍ പകുതി ഭാഗം പെയിന്റടിച്ച നിലയിലാണ്. അതിനാല്‍ ഇവിടെ എത്തുന്നവര്‍ക്ക് ബന്ധപ്പെട്ടവരില്‍ നിന്ന് കാര്യം അറിയാനും ആവുന്നില്ല. കാസര്‍കോടിന്റെ കായികതാരങ്ങള്‍ക്ക് വലിയ പ്രതീക്ഷയായിരുന്ന നീന്തല്‍കുളം ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് നീന്തല്‍താരങ്ങള്‍ ആവശ്യപ്പെടുന്നു. അറ്റകുറ്റ പണികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ റിപ്പോര്‍ട്ട് ലഭ്യമായ ശേഷം ജില്ലാ കലക്ടറുടെ അനുമതിയോടെ നീന്തല്‍കുളം തുറന്നുപ്രവര്‍ത്തിക്കാനുള്ള നടപടിയുണ്ടാവുമെന്നും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് പി. ഹബീബ് റഹ്മാന്‍ പറഞ്ഞു. അറ്റകുറ്റപണി പൂര്‍ത്തിയായ സാഹചര്യത്തില്‍ ഉടന്‍ തന്നെ ബന്ധപ്പെട്ടവരുടെ യോഗം ചേര്‍ന്ന് നീന്തല്‍കുളം തുറന്ന് പ്രവര്‍ത്തിപ്പിക്കുമെന്ന് കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം അറിയിച്ചു.


നീന്തല്‍കുളം അടച്ചിട്ടതിനാല്‍ ഇന്ന് രാവിലെ നിരാശരായി മടങ്ങുന്ന വിദ്യാര്‍ത്ഥികള്‍

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it