മുന്നാട് ജയപുരത്തെ പുളി മുത്തശ്ശി മരം ഇനി ഓര്‍മ്മ; സങ്കടക്കണ്ണീരുമായി നാട്ടുകാര്‍ തടിച്ചുകൂടി

മുന്നാട്: രണ്ട് നൂറ്റാണ്ടിലേറെയുള്ള കഥകള്‍ ബാക്കി വെച്ച് ഒരു നാടിന്റെ നന്മതിന്മകള്‍ക്ക് മൂകസാക്ഷിയായ പുളി മുത്തശ്ശിക്ക് ആ ഗ്രാമം അന്ത്യാഞ്‌ലികളര്‍പ്പിച്ച് വിടചൊല്ലി. മുന്നാട് ജയപുരത്തെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുളിമരമാണ് കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും നിലം പതിച്ചത്. മരം കടപുഴകിയതറിഞ്ഞ് പ്രദേശത്തെ ആബാലവൃദ്ധം ജനങ്ങള്‍ മരത്തിനടുത്ത് തടിച്ചു കൂടി. പലരും ഓര്‍മ്മകള്‍ പങ്കുവെച്ചു. പലതിനും സാക്ഷിയായ പുളി മരത്തിന് നാട്ടുകാര്‍ വിട ചൊല്ലി. രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും നാട്ടുവര്‍ത്തമാനങ്ങള്‍ക്കും നിരവധി മധ്യസ്ഥതകള്‍ക്കും വേദിയായ പുളീന്റടി ഇനി ഓര്‍മ്മ മാത്രം. എന്നാല്‍ പത്ത് സത്പുത്രന്മാര്‍ക്ക് തുല്യമാണൊരു വൃക്ഷമെന്ന മഹത് വചനമോര്‍ത്ത് വീണ്ടും പുളിമരം നട്ടുപരിപാലിക്കാന്‍ നാട്ടുകള്‍ ഒന്നിച്ച് തീരുമാനിച്ചാണ് പിരിഞ്ഞത്. മണ്ണിനേയും മരത്തിനേയും പൂവിനേയും പുഴയേയും ആദരിച്ചുവന്ന ഒരു സംസ്‌ക്കാരത്തിന്റെ നേര്‍സാക്ഷ്യമായിരുന്നു ഗ്രാമത്തിന്റെ പ്രവൃത്തി. എ. മാധവന്‍, ഇ. കുഞ്ഞിരാമന്‍ പായം, കെ.പി ബാലകൃഷണന്‍, ജയപുരം കൃഷ്ണന്‍, ടി. മോഹനന്‍ ജയപുരം, മിനി മാധവന്‍ എന്നിവര്‍ ആദരാഞ്ജലികളര്‍പ്പിച്ച് സംസാരിച്ചു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it