ഗാസയില്‍ കൊല്ലപ്പെട്ട 1500 കുട്ടികളുടെ പേരുകള്‍ ഞായറാഴ്ച്ച കാസര്‍കോട് വായിക്കുന്നു

സംഗമം 3.30 മുതല്‍ സന്ധ്യാരാഗത്തില്‍; എന്‍.എസ്. മാധവന്‍ എത്തും

കാസര്‍കോട്: ചിന്താ രവി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ അഡ്വ. പി.വി.കെ നമ്പൂതിരി ഫൗണ്ടേഷന്റെയും കാസര്‍കോട് നഗരം കേന്ദ്രീകരിച്ചുള്ള മറ്റു സാംസ്‌കാരിക സംഘടനകളുടെയും സഹകരണത്തോടെ, 'ഗാസയുടെ പേരുകള്‍' എന്ന പരിപാടി 2ന് ഞായറാഴ്ച്ച വൈകിട്ട് 3.30ന് പുലിക്കുന്ന് സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ നടക്കും. ഗാസയില്‍ കൊല്ലപ്പെട്ട 18000 കുട്ടികളുടെ പേരുകള്‍ വായിക്കുക എന്ന സംസ്ഥാനതല പരിപാടിയുടെ കാസര്‍കോട് ജില്ലാതല പരിപാടിയാണ് ഞായറാഴ്ച നടക്കുന്നത്. പ്രമുഖ സാഹിത്യകാരന്‍ എന്‍.എസ് മാധവന്‍, മാധ്യമ പ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണന്‍ തുടങ്ങിയവരും ജില്ലയിലെ പ്രമുഖ സാഹിത്യ-സാംസ്‌കാരിക രാഷ്ട്രീയ നേതാക്കളും സംബന്ധിക്കും. ഗാസയില്‍ കൊല്ലപ്പെട്ട 1500 ഓളം കുട്ടികളുടെ പേരുകള്‍ ഏതാണ്ട് അമ്പതോളം പേര്‍ ചേര്‍ന്ന് വായിക്കും. ഗാസയിലെ വംശഹത്യ സംബന്ധിച്ച ലഘു ചിത്രങ്ങളുടെ പ്രദര്‍ശനവും കവിതാ ആലാപനവും ഉണ്ടാവും. പലസ്തീന്‍ വസ്ത്രമായ കഫിയ ധരിച്ചായിരിക്കും കൊല്ലപ്പെട്ട കുട്ടികളുടെ പേരുകള്‍ വായിക്കുക.

പരിപാടിയുടെ ഒരുക്കങ്ങള്‍ വിലയിരുത്താനായി സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ജി.ബി. വത്സന്‍ അധ്യക്ഷത വഹിച്ചു. സുബിന്‍ ജോസ് സ്വാഗതം പറഞ്ഞു. സത്യന്‍ പി.വി. പരിപാടി വിശദീകരിച്ചു. പി. ദാമോദരന്‍, എ.എസ് മുഹമ്മദ്കുഞ്ഞി, ടി.എ ഷാഫി, എം.വി സന്തോഷ്, അഡ്വ. രാധാകൃഷ്ണന്‍ പെരുമ്പള, ബാലകൃഷ്ണന്‍ ചെര്‍ക്കള, രാധാകൃഷ്ണന്‍ കാമലം, കെ.വി. ഗോവിന്ദന്‍, ബപ്പിടി മുഹമ്മദ് കുഞ്ഞി, ഗോകുല്‍ പി.വി, ഷാഫി എ. നെല്ലിക്കുന്ന്, കെ.എച്ച്. മുഹമ്മദ്, ഷുക്കൂര്‍ കോളിക്കര, സി.എല്‍. ഹമീദ്, ഫറൂഖ് കാസ്മി, താഹിറ, പി.എം. കബീര്‍, എന്‍.എ ഹമീദ്, ഹസൈനാര്‍ തോട്ടുംഭാഗം എന്നിവര്‍ സംസാരിച്ചു.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it