കവി കയ്യാര്‍ കിഞ്ഞണ്ണറൈയുടെ പേരിലുള്ള ലൈബ്രറി പ്രവര്‍ത്തിച്ചത് ഉദ്ഘാടന ദിവസം മാത്രം

ബദിയടുക്കയിലെ ലൈബ്രറി വര്‍ഷങ്ങളായി അടഞ്ഞുതന്നെ

ബദിയടുക്ക: വായനാദിനത്തിലും കന്നഡ കവി നഡോജ കയ്യാര്‍ കിഞ്ഞണ്ണ റൈയുടെ പേരിലുള്ള ബദിയടുക്കയിലെ ലൈബ്രറി അടഞ്ഞു തന്നെ. പ്രശസ്ത കന്നഡ കവി കയ്യാര്‍ കിഞ്ഞണ്ണ റൈയുടെ സ്മരണാര്‍ത്ഥം ബദിയടുക്ക പഞ്ചായത്ത് സ്ഥാപിച്ച ലൈബ്രറിയാണ് വര്‍ഷങ്ങളായി നാഥനില്ലാതെ, അനാഥമായി കാടുകയറി നാശത്തിന്റെ വക്കിലെത്തി നില്‍ക്കുന്നത്. വര്‍ഷങ്ങളായി അടച്ചിട്ടിരിക്കുന്ന ലൈബ്രറിയുടെ വാതിലും ജനാലയും തുരുമ്പെടുത്തും ചിതലരിച്ചും നശിച്ചുകൊണ്ടിരിക്കുന്നു. കയ്യാര്‍ കിഞ്ഞണ്ണ റൈയുടെ സ്മാരകമായി വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ബോളുക്കട്ട സ്റ്റേഡിയത്തിനടുത്ത് ലൈബ്രറി പ്രവര്‍ത്തനം ആരംഭിച്ചത്. നേരത്തെ പഞ്ചായത്തിന്റെ വകയായുള്ള പുസ്തകങ്ങളും പലരും സൗജന്യമായി നല്‍കിയ പുസ്തകങ്ങളും ഇവിടെയുണ്ട്. അതോടൊപ്പം പഞ്ചായത്ത് ഫണ്ടില്‍ നിന്ന് ചില പത്രങ്ങളും വരുത്തിയിരുന്നു. ഉദ്ഘാടന ദിവസം തുറന്നതല്ലാതെ പിന്നീട് ആരും തിരിഞ്ഞ് നോക്കിയതില്ല.

കവിയോട് കാട്ടുന്ന അനാദരവില്‍ പ്രതിഷേധിച്ച് കവിയെയും പുസ്തകങ്ങളേയും സ്‌നേഹിക്കുന്ന ചിലര്‍ ലൈബ്രറി ഇതിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നതിനെ തുടര്‍ന്ന് കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയുടെ തുടക്കത്തില്‍ ലൈബ്രറി ഉച്ചക്ക് രണ്ടു മണി മുതല്‍ അഞ്ചു മണിവരെ തുറന്നു പ്രവര്‍ത്തിക്കാന്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഒരാളെ നിയമിച്ചിരുന്നു. ചുരുക്കം ചില ദിവസം തുറന്നു പ്രവര്‍ത്തിച്ചതല്ലാതെ പിന്നീട് പ്രവര്‍ത്തിച്ചില്ല. ഇതിന് വേണ്ടി നിയോഗിച്ച ജീവനക്കാരിയാകട്ടെ നിലവില്‍ പഞ്ചായത്ത് ഓഫീസിനുള്ളില്‍ മറ്റു ജോലികള്‍ ചെയ്യുകയാണ്.

വായനക്കാര്‍ ഇല്ലാത്തതുകൊണ്ടാണ് ലൈബ്രറി തുറക്കാത്തതെന്നാണ് പഞ്ചായത്ത് അധികൃതരുടെ മറുപടി. എന്നാല്‍ അക്ഷരങ്ങളെ സ്‌നേഹിക്കുന്നവരും വായന ശീലക്കാരും കവിയുടെ ഗ്രന്ഥാലയത്തിന് മുന്നിലെത്തി നിരാശയോടെ മടങ്ങുകയാണ്. അതേസമയം കവി കയ്യാര്‍ കിഞ്ഞണ്ണ റൈ ബദിയടുക്കയില്‍ താമസിച്ചിരുന്ന സ്ഥലത്ത് സ്മാരകമായി മൂന്ന് കോടി രൂപ ചെലവില്‍ കര്‍ണാടക സര്‍ക്കാര്‍ കവിത കുഠീരം എന്ന പേരില്‍ കന്നഡ ഭവനം നിര്‍മ്മാണത്തിന് തുടക്കം കുറിക്കുമ്പോഴാണ് പഞ്ചായത്ത് അധികൃതര്‍ ഇത്തരമൊരു ലൈബ്രറി കണ്ടില്ലെന്ന് നടിക്കുന്നത്.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it