ബി.ജെ.പിയുടെ വര്‍ഷങ്ങളായുള്ള കുത്തക വാര്‍ഡുകള്‍ ലീഗും എല്‍.ഡി.എഫും സ്വതന്ത്രനും പിടിച്ചെടുത്തു

സീതിക്കുഞ്ഞി കുമ്പള
കുമ്പള: ബി.ജെ.പിയുടെ മൂന്ന് കുത്തക വാര്‍ഡുകള്‍ മുസ്ലിംലീഗും എല്‍.ഡി.എഫും സ്വന്തന്ത്രനും പിടിച്ചെടുത്തു. കുത്തക വാര്‍ഡുകള്‍ നഷ്ടമായതിനെ ബി.ജെ.പി കേന്ദ്രങ്ങള്‍ കാണുന്നത് ഞെട്ടലോടെയാണ്. 20, 25 വര്‍ഷങ്ങളായി ബി.ജെ.പിയുടെ കയ്യില്‍ ഒതുങ്ങിയിരുന്ന വാര്‍ഡുകളാണ് മാട്ടംകുഴിയും ശാന്തിപള്ളവും. കുമ്പള പഞ്ചായത്തിന്റെ അതിര്‍ത്തി പ്രദേശത്തോട് ചേര്‍ന്നുള്ള പുത്തിഗെ പഞ്ചായത്തിലെ അനന്തപുരം വാര്‍ഡും ബി.ജെ.പിക്ക് നഷ്ടമായി. 22-ാം വാര്‍ഡായ മാട്ടംകുഴി 25 വര്‍ഷക്കാലം ബി.ജെ.പിയാണ് ഭരിച്ചിരുന്നത്. മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥി റിസ്വാന നൗഷാദ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയെക്കാള്‍ 19 വോട്ടിനാണ് ഇവിടെ വിജയം കരസ്ഥമാക്കായത്. കുമ്പള പഞ്ചായത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥികളില്‍ ഒരാളായ സ്‌നേഹയാണ് 21-ാം വാര്‍ഡായ ശാന്തിപ്പള്ളത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. ബി.ജെ.പി. സ്ഥാനാര്‍ത്ഥിയെക്കാള്‍ 118 വോട്ടുകള്‍ നേടിയാണ് സ്നേഹ വിജയിച്ചത്. പുത്തിഗെ പഞ്ചായത്തിലെ 11-ാം വാര്‍ഡായ അനന്തപുരം ബി.ജെ.പി 25 വര്‍ഷക്കാലമാണ് ഭരിച്ചിരുന്നത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സതീശന്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയെക്കാള്‍ 113 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ഇതോടെ ഈ വാര്‍ഡും ബി.ജെപിയെ കൈവിട്ട് പോവുകയായിരുന്നു. മാട്ടംകുഴി വാര്‍ഡില്‍ ബി.ജെ.പിയും മുസ്ലിംലീഗും നേര്‍ക്കുനേര്‍ പോരാടിയപ്പോള്‍ ശാന്തിപ്പള്ളത്ത് ബി.ജെ.പിയും എല്‍.ഡി.എഫും തമ്മിലായിരുന്നു പ്രധാന മത്സരം. ബി.ജെ പിയുടെ 25 വര്‍ഷത്തെ ഭരണത്തില്‍ അനന്തപുരത്ത് വികസനം മുരടിച്ചപ്പോഴാണ് നാട്ടുകാര്‍ സതീശനെ മത്സരരംഗത്ത് കൊണ്ടുവന്നത്. അനന്തപുരത്ത് ബി.ജെ.പിയും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും തമ്മില്‍ പൊരിഞ്ഞ പോരാട്ടമാണ് നടന്നത്. മൂന്ന് വാര്‍ഡുകള്‍ ബി.ജെ.പിക്ക് നഷ്ടപ്പെട്ടത് പാര്‍ട്ടി നേതൃത്വത്തിന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. ചില സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെടാന്‍ പ്രധാനകാരണം പഞ്ചായത്തിലെ വാര്‍ഡുകള്‍ കൂട്ടിച്ചേര്‍ത്തത് കൊണ്ടാണെന്ന് ബി.ജെ.പി നേതാക്കള്‍ പറയുന്നു.

