കൊറഗ വിഭാഗത്തിന് പറയാനുള്ളത് അവഗണനയുടെ മാത്രം കഥകള്‍

ബദിയടുക്ക: പട്ടികവര്‍ഗ വിഭാഗത്തിലെ പ്രാചീന ഗോത്ര വിഭാഗത്തില്‍പ്പെട്ടതും വംശനാശം നേരിടുന്നതുമായ കൊറഗ വിഭാഗത്തിന്റെ വികസനത്തിന് വേണ്ടി നിരവധി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുവെന്ന് പ്രഖ്യാപനം നടത്തുമ്പോഴും ഈ വിഭാഗത്തിന് ഇതൊന്നും ലഭിക്കുന്നില്ലെന്ന് ആക്ഷേപം. ഈ സമുദായം മറ്റു ജനവിഭാഗങ്ങളില്‍ നിന്നും തീര്‍ത്തും ഒറ്റപ്പെട്ടു നില്‍ക്കുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. കാസര്‍കോട് ജില്ലയുടെ വടക്കെ അതിര്‍ത്തിയില്‍ മാത്രം കണ്ടുവരുന്ന ഈ സമൂഹം തീര്‍ത്തും അവഗണനയില്‍ കഴിയുകയാണ്. മഞ്ചേശ്വരം, കാസര്‍കോട് ബ്ലോക്കുകളിലായി അമ്പതോളം പട്ടിക വര്‍ഗ ഉന്നതികളില്‍ നാനൂറിലേറെ കൊറഗ കുടുംബങ്ങള്‍ താമസിക്കുന്നു എന്നാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത്. ചോല നായക്കര്‍, കാട്ടു നായക്കര്‍, കാടര്‍, കുറിച്ച്യര്‍ എന്നീ വിഭാഗങ്ങളിലെ പോലെ കൊറഗരെയും പ്രാചീന ഗോത്രവിഭാഗത്തില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൃഷി ചെയ്യാനോ മൃഗങ്ങളെ വളര്‍ത്താനോ ശീലിച്ചിട്ടില്ലാത്ത കൊറഗരുടെ ജീവിതോപാധി ഇന്നും കൊട്ടമെടയലാണ്. കാട്ടില്‍ നിന്ന് ശേഖരിക്കുന്ന വള്ളികള്‍ ഉപയോഗിച്ച് കൊട്ടയുണ്ടാക്കി വില്‍ക്കുന്ന ഇവര്‍ ഒന്നും കരുതിവെക്കുന്ന ശീലക്കാരല്ല. സ്വന്തം വീട് എന്ന ചിന്തപോലും ഇവരില്‍ പലര്‍ക്കുമില്ല. സര്‍ക്കാര്‍ നിര്‍മ്മിച്ച് നല്‍കുന്ന വീടുകളില്‍ പരസ്പരം മാറി താമസിക്കുകയാണ് ഇവരില്‍ അധികവും. വേനല്‍കാലത്ത് വീട് ഉപേക്ഷിച്ച് മരത്തിനടിയില്‍ കിടന്നുറങ്ങുന്നവരുമുണ്ട്. കൊട്ട മെടയുന്നതിന് കാട്ടുവള്ളികള്‍ ശേഖരിക്കാന്‍ കിലോ മീറ്ററുകള്‍ താണ്ടി വനങ്ങളിലേക്ക് പോകേണ്ടിവരുന്നു. പലപ്പോഴും വനത്തിനുള്ളില്‍ ദിവസങ്ങളോളം തങ്ങിയാല്‍ മാത്രമെ ഒരാഴ്ച കൊട്ട മെടയാനുള്ള വള്ളികള്‍ ഇവര്‍ക്ക് ലഭിക്കുകയുള്ളൂ. ചില സമയങ്ങളില്‍ വനംവകുപ്പ് അധികൃതര്‍ വനത്തിനുള്ളിലേക്ക് ഇവരെ കടത്തി വിടാറുമില്ല. മഴയെത്തുന്നതോടെ വള്ളികള്‍ ശേഖരിക്കാന്‍ ഏറെ പ്രയാസപ്പെടേണ്ടി വരും. ഇത്തരം സന്ദര്‍ഭങ്ങളില്‍ മുഴു പട്ടിണിയായിരിക്കും ഇവര്‍. വേനല്‍ കാലത്ത് കൊട്ട മെടഞ്ഞ് പണം തരാമെന്ന ഉറപ്പിന്മേല്‍ സാധനങ്ങള്‍ വാങ്ങുന്നവരുമുണ്ട്. കോളനികളില്‍ അസുഖം ബാധിച്ച് പലരും മരിക്കുകയുണ്ടായി. പട്ടിണിയും വ്യാധിയും ചൂഷണവുമാണ് കൊറഗരെ അരക്ഷിതാവസ്ഥയിലാക്കിയത്. സര്‍ക്കാര്‍ ആസൂത്രണം ചെയ്ത ചികിത്സാ പദ്ധതികള്‍ നടപ്പിലാക്കാന്‍ ചുമതലപ്പെടുത്തിയവരുടെ ഉദാസീനതകൊണ്ട് പാളിപ്പോവുകയാണുണ്ടാവുന്നത്. ചികിത്സക്കായി സഹകരിക്കാറില്ലെന്നാണ് അധികൃതര്‍ കണ്ടെത്തിയ ന്യായീകരണം. കൊറഗരുടെ ആരോഗ്യ പ്രശ്‌നത്തിന് വേണ്ടി നിലവില്‍ വന്ന മൊബൈല്‍ യൂണിറ്റിന്റെ പ്രവര്‍ത്തനത്തിന് ഒരു വാഹനം അനുവദിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്ക് കോളനികളിലെ രോഗികളെ കണ്ടെത്താനോ ചികിത്സ നല്‍കാനോ കഴിയുന്നില്ലെന്നാണ് ആരോപണം. ബദിയടുക്കയില്‍ കര്യാഡ്, ധര്‍ബ്ബത്തടുക്ക, പെരിയടുക്ക, മാടത്തടുക്ക, പെരഡാല ഉന്നതികളിലുള്ള 70 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ വീട് നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ടെങ്കിലും ഭൂമി ഇവരുടെ ഉടമസ്ഥതയില്‍ ഇല്ലാത്തതിനാല്‍ പല കുടുംബങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നു. പെരഡാല കോളനിയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ലക്ഷങ്ങള്‍ ചെലവഴിച്ച് റബ്ബര്‍ വെച്ച് പിടിപ്പിച്ചുവെങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങളുടെ പതിവ് അനാസ്ഥയില്‍ അതും നശിച്ചുകൊണ്ടിരിക്കുകയാണ്. ഇതേ ഉന്നതിയില്‍ ഒരു ഏകാധ്യാപക വിദ്യാലായമുണ്ടായിരുന്നു. അത് നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നത് കൊണ്ടു മാത്രം ഇവിടത്തെ അഞ്ചു കുട്ടികള്‍ പ്ലസ് വണ്‍, പ്ലസ് ടു, ഡിഗ്രി ക്ലാസുകളില്‍ പഠനം പൂര്‍ത്തീയാക്കിയിരുന്നു. എന്നാല്‍ വിദ്യാലയം നിലവില്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അടച്ചു പൂട്ടുകയും ചെയ്തു. അതേസമയം പുതു തലമുറ മാറി ചിന്തിക്കാന്‍ തുടങ്ങിയതോടെ ചിലര്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കും മറ്റു ജോലി തേടി പോകുന്നവരുമുണ്ട്.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it