പൊട്ടിപ്പൊളിഞ്ഞ സ്വര്‍ഗ-തുമ്പടുക്ക റോഡിലൂടെയുള്ള യാത്ര ദുസ്സഹം

പെര്‍ള: കേരള-കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന സ്വര്‍ഗ-തുമ്പടുക്ക റോഡ് പൊട്ടിപ്പൊളിഞ്ഞ് തകര്‍ന്ന് തരിപ്പണമായി വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയില്ല. തകര്‍ന്ന റോഡിലൂടെയുള്ള വാഹനയാത്ര തീര്‍ത്തും ദുസ്സഹമാണ്. ജില്ലയുടെ വടക്കേഅറ്റത്ത് എന്‍മകജെ പഞ്ചായത്തിലെ സ്വര്‍ഗ-തുമ്പടുക്കയിലൂടെ അയല്‍ സംസ്ഥാനമായ കര്‍ണാടകയുമായി ബന്ധിപ്പിക്കുന്ന റോഡാണ് പൂര്‍ണ്ണമായും തകര്‍ന്നത്. നികുതി വെട്ടിച്ചെത്തുന്ന വാഹനങ്ങള്‍ അനധികൃത കടത്തിന് ഉപയോഗിക്കുന്ന റോഡാണിത്. ഇവിടെ അധികൃതരുടെ ശ്രദ്ധ പതിയുന്നുമില്ല. അമിത ഭാരവുമായി ചീറി പായുന്ന വാഹനങ്ങളാണ് റോഡ് തകര്‍ച്ചക്ക് കാരണമെന്നാണ് പ്രദേശവാസികളുടെ ആരോപണം.

അടിയന്തരാവസ്ഥ കാലത്ത് കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് അരി കടത്താന്‍ ഈ വഴി ഉപയോഗിച്ചിരുന്നുവത്രെ. 20 വര്‍ഷം മുമ്പ് വരെ കര്‍ണാടകയില്‍ കശുവണ്ടി വില കേരളത്തേക്കാള്‍ കൂടുതലായിരുന്നപ്പോള്‍ അനധികൃത കടത്ത് തടയാന്‍ വര്‍ഷത്തില്‍ രണ്ടുമാസം സ്വര്‍ഗയില്‍ താല്‍കാലിക ചെക്ക് പോസ്റ്റ് സ്ഥാപിച്ചിരുന്നു. ഈ അവസരത്തില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വാഹനങ്ങളില്‍ കൊണ്ടുവന്ന് ചാക്കുകളില്‍ നിറച്ച് തുമ്പടുക്കയിലെ ഊടുവഴിയിലൂടെ കടത്തി കര്‍ണാടകയിലെ അതിര്‍ത്തിയില്‍ എത്തിച്ച് വീണ്ടും വാഹനങ്ങളില്‍ കയറ്റി കടത്തികൊണ്ട് പോവുമായിരുന്നു. പിന്നീട് ഊടുവഴിയെ റോഡാക്കി മാറ്റി ഒരു പ്രവാശ്യം ടാറിംഗ് നടത്തിയെങ്കിലും പിന്നീട് അധികൃതരുടെ ശ്രദ്ധ പതിഞ്ഞതുമില്ല. നിരന്തരമായി പരാതിപ്പെടുമ്പോള്‍ ചെങ്കല്‍ ക്വാറിയിലെ ചെമ്മണ്ണ് റോഡില്‍ നിരത്തി കണ്ണടുക്കുകയാണ് ചെയ്യാറ്. കോവിഡ് കാലത്ത് ലോക്ക്ഡൗണ്‍ കാലയളവില്‍ സംസ്ഥാനത്തിന്റെ എല്ലാ അതിര്‍ത്തികളും അടച്ചപ്പോള്‍ കേരള-കര്‍ണാടകയിലേക്ക് പ്രവേശിക്കാന്‍ ആളുകള്‍ ഈ വഴി ഉപയോഗിച്ചിരുന്നത്. അനധികൃത മദ്യം, മണല്‍, കന്നുകാലി കടത്ത് എന്നിവയ്ക്ക് ഈ റോഡാണ് ഉപയോഗിക്കുന്നത്. ഈ റോഡ് നന്നാകണമെങ്കില്‍ ഇനിയും എത്രനാള്‍ കാത്തിരിക്കണമെന്നത് ചോദ്യചിഹ്നമായി മാറുന്നു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it