മൊഗ്രാലില്‍ സര്‍വീസ് റോഡ് തുറക്കാത്തത് ദുരിതമാവുന്നു

ഒരാഴ്ചത്തേക്കെന്ന് പറഞ്ഞ് അടച്ചിട്ടു; രണ്ടാഴ്ച കഴിഞ്ഞിട്ടും തുറന്നില്ല

മൊഗ്രാല്‍: മൊഗ്രാല്‍ ടൗണില്‍ നിന്ന് കുമ്പള ഭാഗത്തേക്കുള്ള ദേശീയപാത സര്‍വീസ് റോഡ് അടച്ചിട്ട് രണ്ടാഴ്ച പിന്നിടുന്നു. ഒരാഴ്ചത്തേക്ക് അടച്ചിട്ട റോഡാണ് രണ്ടാഴ്ച പിന്നിട്ടിട്ടും തുറന്നുകൊടുക്കാതെ കിടക്കുന്നത്. ഇത് നാട്ടുകാര്‍ക്ക് വലിയ തോതിലുള്ള യാത്രാദുരിതത്തിന് കാരണമാവുന്നുണ്ട്. ഒപ്പം അധിക ബാധ്യതയും. അറ്റകുറ്റപണികളുടെ പേരിലാണ് കഴിഞ്ഞമാസം 18ന് റോഡ് അടച്ചിട്ടത്. പരീക്ഷാസമയവും ഈദ് ആഘോഷവുമൊക്കെ ആയതിനാല്‍ ജോലികള്‍ ഏപ്രില്‍ ആദ്യവാരത്തേക്ക് മാറ്റണമെന്ന് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും സന്നദ്ധ സംഘടനകളുടെയും ഓട്ടോത്തൊഴിലാളികളുടെയും ആവശ്യം അധികൃതര്‍ ചെവിക്കൊണ്ടില്ല. റോഡ് അടച്ചിട്ടത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇപ്പോള്‍ മൊഗ്രാല്‍ ലീഗ് ഓഫീസിനും മൊഗ്രാല്‍ ടൗണിലും മുഹ്‌യുദ്ദീന്‍ പള്ളിക്കും പരിസരത്തുള്ള യാത്രക്കാര്‍ക്ക് ബസ് കയറണമെങ്കില്‍ ഒന്നെങ്കില്‍ പെര്‍വാഡ് ബസ്‌സ്റ്റോപ്പിലോ, അല്ലെങ്കില്‍ കൊപ്പളം ബസ്‌സ്റ്റോപ്പിലോ എത്തണം. ഇത് പ്രായമായവര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഏറെ ദുരിതമാകുന്നുണ്ട്. പോരാത്തതിന് അസഹ്യമായ ചൂട് സമയത്ത് വെയില് കൊണ്ട് ബസ് കാത്തുനില്‍ക്കേണ്ട അവസ്ഥയും. മൊഗ്രാല്‍ ടൗണിലെ യാത്രക്കാര്‍ പെര്‍വാഡിലേക്കും കൊപ്പളത്തിലേക്കും ഓട്ടോറിക്ഷ പിടിച്ചാണ് ബസ് കയറാന്‍ പോകുന്നത്. ഇതിന് 30 രൂപ ഓട്ടോചാര്‍ജും കൊടുക്കണം. യാത്രക്കാര്‍ക്ക് ഇത് അധിക ബാധ്യതയാവുന്നുവെന്നും പരാതിയുണ്ട്. സര്‍വീസ് റോഡ് അടിയന്തരമായി തുറന്നുകൊടുക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it