നീലേശ്വരം റെയില്‍വേ സ്റ്റേഷന്റെ വടക്കുഭാഗത്ത് അടിപ്പാത വേണമെന്നാവശ്യം ശക്തമാകുന്നു

നീലേശ്വരം: നീലേശ്വരം റെയില്‍വേ സ്റ്റേഷന്റെ വടക്കുഭാഗത്ത് അടിപ്പാത വേണമെന്നാവശ്യം ശക്തമാകുന്നു. ഒന്നാം പ്ലാറ്റ് ഫോമില്‍ നിന്ന് രണ്ടാം പ്ലാറ്റ് ഫോമിലേക്ക് പോകുന്നതിന് സ്റ്റേഷന്റെ വടക്കുഭാഗത്താണ് അടിപ്പാത ആവശ്യമുയര്‍ന്നിരിക്കുന്നത്. നിലവില്‍ റെയില്‍ മുറിച്ചു കടന്നാണ് യാത്രക്കാര്‍ ഇരു ഭാഗത്തേക്കും സഞ്ചരിക്കുന്നത്. ഇത് അപകടത്തിന് കാരണമാകുമെന്ന് യാത്രക്കാര്‍ ഭയക്കുന്നു. കുട്ടികള്‍ അടക്കം ഈ വഴിയിലൂടെ യാത്ര ചെയ്യുന്നത് ഗുരുതരമായ അപകട സാധ്യതകള്‍ സൃഷ്ടിക്കുന്നു. യാത്രക്കാരുടെ സുരക്ഷക്കായി അടിയന്തിരമായി അടിപ്പാത നിര്‍മിക്കണമെന്നാണ് ആവശ്യം. പലരും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ടാണ് ട്രാക്ക് മുറിച്ചുകടക്കുന്നത്. തീവണ്ടി എത്തുന്നതറിയാതെ തന്നെ അവര്‍ ട്രാക്കില്‍ പ്രവേശിക്കുന്നത് ഗുരുതരമായ അപകടങ്ങള്‍ക്കിടയാക്കുന്നു. ശബ്ദം കേള്‍ക്കുമ്പോഴാണ് പലരും ട്രെയിന്‍ എത്തുന്നതറിയുന്നത്. കഴിഞ്ഞ വര്‍ഷം കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ രണ്ടാമത്തെ പ്ലാറ്റ്ഫോമില്‍നിന്ന് ഒന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക് കടക്കാനായി പാളം മുറിച്ചുകടക്കവേ കണ്ണൂര്‍ ഭാഗത്തുനിന്നെത്തിയ തീവണ്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചിരുന്നു. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നീലേശ്വരം സ്റ്റേഷനില്‍ അടിയന്തിരമായി അടിപ്പാത നിര്‍മ്മാണം നടത്തണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുന്നു. ഓഫീസുകള്‍ വിടുന്ന വൈകുന്നേരങ്ങളില്‍ നൂറ് കണക്കിന് യാത്രക്കാരാണ് നീലേശ്വരത്ത് ഇറങ്ങുന്നതും ഇവിടെ നിന്ന് കയറുന്നതും. വേഗത്തില്‍ ലക്ഷ്യ സ്ഥാനത്ത് എത്തുന്നതിനായി യാത്രക്കാര്‍ പാളം മുറിച്ചു കടക്കുകയാണ് പതിവ്. കാഞ്ഞങ്ങാട് ഉണ്ടായ അപകടം നീലേശ്വരത്ത് ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ അധികൃതര്‍ വേഗത്തില്‍ കണ്ണ് തുറക്കണമെന്നാണ് യാത്രക്കാര്‍ പറയുന്നത്. ഒരു ഡസനോളം തീവണ്ടികള്‍ നീലേശ്വരത്ത് നിര്‍ത്താതെ കടന്ന് പോകുന്നുണ്ട്.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it