കരാര്‍ കമ്പനി തോടിന്റെ പകുതിഭാഗം നികത്തി; മൂന്നേക്കറോളം കൃഷിസ്ഥലം വെള്ളത്തില്‍

പുല്ലൂര്‍: ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി മേഘ കമ്പനി തോടിന്റെ പകുതിഭാഗം നികത്തിയതോടെ വെള്ളം വയലിലേക്ക് കുത്തിയൊഴുകുന്നു. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയില്‍ തോട്ടില്‍ ജലനിരപ്പുയരുകയും തോടിന് കുറുകെയുള്ള ബണ്ട് തകരുകയും ചെയ്തു. വര്‍ഷങ്ങളുടെ പഴക്കമുള്ള ബണ്ടാണ് തകര്‍ന്നത്. ഇതോടെ സമീപത്തെ മൂന്നേക്കറോളം വരുന്ന കൃഷി സ്ഥലത്തേക്ക് വെള്ളം കുത്തിയൊലിച്ചു. ഇപ്പോള്‍ കൃഷി സ്ഥലം പൂര്‍ണ്ണമായും വെള്ളത്തിനടിയിലാണ്. രണ്ടു വര്‍ഷം മുമ്പാണ് മേഘ കമ്പനി റോഡിന്റെ പടിഞ്ഞാറു ഭാഗത്ത് സര്‍വീസ് റോഡ് നിര്‍മ്മാണത്തിനായി തോടിന്റെ പകുതി ഭാഗം നികത്തിയത്. സര്‍വീസ് റോഡ് നിര്‍മ്മാണത്തിനായി എടുത്ത മണ്ണ് കുമിഞ്ഞുകൂടിയാണ് തോടിന്റെ പകുതിയും നികന്നത്. കഴിഞ്ഞവര്‍ഷവും തോട്് കരകവിഞ്ഞ് വെള്ളം വയലിലേക്കൊഴുകിയിരുന്നു. ഇതുകാരണം രണ്ട് വര്‍ഷത്തിലേറെയായി ഇവിടെ നെല്‍കൃഷി ചെയ്യാനാകുന്നില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു. നികത്തിയ തോടിന്റെ വീതി കൂട്ടാമെന്ന് മേഘ ഉറപ്പ് നല്‍കിയിരുന്നെങ്കിലും നടപടിയൊന്നുണ്ടായില്ല. തോടിന് കുറുകെയുണ്ടായിരുന്ന പാലവും പൊളിച്ചുനീക്കിയിരുന്നു. ഇതോടെ ഏമ്പം കുണ്ട് പ്രദേശത്തെ കിഴക്കും പടിഞ്ഞാറും ഭാഗത്തുള്ള കര്‍ഷകര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് രണ്ടുഭാഗത്തേക്കും നടന്നുപോകാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് തോടിന് കുറുകെ താല്‍ക്കാലികമായി ഇരുമ്പ് പാലം നിര്‍മ്മിച്ചുകൊടുത്തു. ഈ ഇരുമ്പ് പാലം വീതി കുറഞ്ഞതിനാല്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ നടന്നുപോകാന്‍ ഭയപ്പെടുകയാണ്. സുരക്ഷിതമായി നടന്നുപോകുന്ന കോണ്‍ക്രീറ്റ് പാലം പിന്നീട് നിര്‍മ്മിക്കാമെന്ന് ഉറപ്പ് നല്‍കിയെങ്കിലും പാലിക്കപ്പെട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഇവിടെ സര്‍വീസ് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ല. ചെളിയും മണ്ണും നിറഞ്ഞ സര്‍വീസ് റോഡിലൂടെയുള്ള യാത്ര അപകടസാധ്യത വര്‍ധിക്കുകയാണ്. സര്‍വീസ് റോഡിന്റെ വീതിയോ ആഴമോ വര്‍ധിപ്പിച്ച് വയലിലേക്ക് വെള്ളം കുത്തിയൊലിക്കുന്നത് തടയണമെന്നും തോടിന് കുറുകെ വീതിയുള്ള കോണ്‍ക്രീറ്റ് പാലം നിര്‍മ്മിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it