പാലത്തിന്റെ തൂണുകള്‍ക്ക് ബലക്ഷയം; ഏവിഞ്ച നടപ്പാലം അപകടാവസ്ഥയില്‍

നീര്‍ച്ചാല്‍: പാലത്തിന്റെ തൂണുകള്‍ക്ക് ബലക്ഷയം. ഏവിഞ്ച നടപ്പാലം അപകടാവസ്ഥയില്‍. ഇതുവഴിയുള്ള യാത്ര ഭീതിയേറിയിരിക്കുകയാണ്. ഏതാണ്ട് 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് നാട്ടുകാരുടേയും പ്രദേശവാസികളുടെയും നിരന്തരമായ ആവശ്യം പരിഗണിച്ചാണ് ഏവിഞ്ച തോടിന് കുറുകെ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് രണ്ട് ലക്ഷം രൂപ ചെലവഴിച്ച് നടപ്പാലം പണിതത്. നിര്‍മ്മാണ സമയത്ത് തന്നെ കൃത്രിമം നടന്നതായി ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ രംഗത്തെത്തിയിരുന്നു. കോണ്‍ക്രീറ്റ് തൂണുകള്‍ക്ക് പകരം ചെങ്കല്ല് കൊണ്ട് പില്ലറുകള്‍ പണിത് അതിന് മുകളില്‍ കോണ്‍ക്രീറ്റ് ചെയ്തായിരുന്നു പാലത്തിന്റെ നിര്‍മ്മാണം. പാലത്തിന്റെ അരിക് ഇടിഞ്ഞതോടെ ചെങ്കല്ലില്‍ പണിത തൂണുകളുടെ കല്ലുകള്‍ ഇളകി ഏത് സമയവും പാലം നിലംപൊത്താവുന്ന സ്ഥിതിയിലാണുള്ളത്. തിരഞ്ഞെടുപ്പുകള്‍ അടുക്കുമ്പോള്‍ പാലം പുതുക്കി പണിയാമെന്ന വാഗ്ദാനം വെറും വാക്കില്‍ ഒതുങ്ങുന്നതായാണ് നാട്ടുകാരുടെ പരാതി. നേരത്തെ കര്‍ഷകരുടെ കൂട്ടായ്മയില്‍ പണിത കവുങ്ങ് പാലത്തിലൂടെ ഭയമില്ലാതെ യാത്ര ചെയ്തിരുന്നവര്‍ നിലവിലെ പാലത്തിലൂടെ ഭീതിയോടെയാണ് നടന്നു നീങ്ങുന്നത്. കൊല്ലങ്കാനം, ഏവിഞ്ച തുടങ്ങിയ സ്ഥലങ്ങളിലെ കര്‍ഷകരും വിദ്യാര്‍ത്ഥികളും മറ്റുള്ളവരും ഇതേ നടപാലത്തിലൂടെ നടന്നുനീങ്ങി ബിര്‍മ്മിനടുക്കയിലെത്തി നീര്‍ച്ചാലിലേക്കും അതുവഴി ബദിയടുക്ക, കുമ്പള, കാസര്‍കോട് തുടങ്ങിയ പ്രദേശങ്ങളിലേക്കും എത്തുന്നത്. പാലത്തിന്റെ തകര്‍ച്ച മുന്നില്‍ കണ്ട് പ്രദേശവാസികളില്‍ പലരും മാന്യ വഴിയോ കുക്കംകൂടല്‍ പടിയടുപ്പ്, അല്ലെങ്കില്‍ കൊറത്തികുണ്ട് വഴി ചുറ്റി സഞ്ചരിച്ചാണ് നീര്‍ച്ചാലിലേക്കും മറ്റു സ്ഥലങ്ങളിലേക്കുമെത്തുന്നത്. അടിയന്തരമായി പാലം പുതുക്കി പണിയാന്‍ അധികൃതര്‍ തയ്യാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it