വമ്പന്‍ മത്സ്യങ്ങളുടെ 'കലവറ'യായി തലപ്പാടി

തലപ്പാടി: ഏത് കാലാവസ്ഥയിലും തലപ്പാടിയില്‍ ചെന്നാല്‍ മത്സ്യങ്ങള്‍ കിട്ടുമെന്നത് മത്സ്യഭക്ഷണ പ്രേമികള്‍ക്ക് ആശ്വാസമാവുന്നു. വൈകിട്ട് മുതല്‍ തുറന്നിട്ടിരിക്കുന്ന മത്സ്യമാര്‍ക്കറ്റില്‍ മീന്‍ഭക്ഷണ പ്രേമികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മീന്‍ വാങ്ങാന്‍ കാസര്‍കോട്ട് നിന്നടക്കം ധാരാളമാളുകളാണ് വൈകുന്നേരങ്ങളില്‍ തലപ്പാടിയില്‍ എത്തുന്നത്. അയക്കൂറ, സ്രാവ്, ആവോലി, ബാമീന്‍, ചെമ്മീന്‍, ഏരി പോലത്തെ വമ്പന്‍ മത്സ്യങ്ങള്‍ക്കൊപ്പം, അയലയും, മത്തിയും പോലോത്ത ചെറുമത്സ്യങ്ങളും ഇവിടെ നിന്ന് ലഭിക്കും. മാര്‍ക്കറ്റില്‍ ചെന്നാല്‍ ഉപഭോക്താക്കള്‍ നിരാശരാകേണ്ടതുമില്ല.

വിവിധ ഹാര്‍ബറുകളില്‍ നിന്നും മറ്റുമാണ് വലിയ മീനുകള്‍ ഇവിടത്തെ വില്‍പ്പന സ്റ്റാളുകളിലെത്തുന്നത്. വിവാഹമടക്കമുള്ള വലിയ ആഘോഷ പരിപാടികള്‍ക്ക് തീന്‍മേശയില്‍ മീന്‍ വിഭവങ്ങള്‍ ഒരുക്കുന്നവര്‍ക്ക് തലപ്പാടി മത്സ്യമാര്‍ക്കറ്റ് അനുഗ്രഹമാവുന്നുവെന്ന് ഉപഭോക്താക്കള്‍ പറയുന്നു. 10 മുതല്‍ 15 കിലോ വരെ തൂക്കം വരുന്ന അയക്കൂറ വരെ ഇവിടെയുണ്ട്. ഒപ്പം സാധാരണക്കാരുടെ ഇഷ്ട മീനായ മത്തി അടക്കമുള്ള ചെറുമീനുകളും ഇവിടെ ലഭിക്കും. വികസനം എത്തിനോക്കാത്ത തലപ്പാടിയില്‍ മത്സ്യവില്‍പ്പന ഷാളുകളും തട്ടുകളും ധാരാളമായി എത്തിയത് തലപ്പാടിയുടെ വികസന സ്വപ്‌നങ്ങള്‍ക്ക് ചിറകു വിരിക്കുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it