ചട്ടഞ്ചാലിലെ ടാറ്റാ ട്രസ്റ്റ് ആസ്പത്രിക്ക് ഇനി സ്വതന്ത്ര ആസ്പത്രി; ചുമതല കൈമാറി

കാസര്‍കോട്: കോവിഡ് കാലത്ത് ചട്ടഞ്ചാലില്‍ നിര്‍മ്മിച്ച ടാറ്റാ ട്രസ്റ്റ് ഗവ. ആസ്പത്രി ഇനി സ്വതന്ത്ര ആസ്പത്രി. ആസ്പത്രി സൂപ്രണ്ടിന് ചുമതല കൈമാറി. കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയുടെ അനുബന്ധ ആസ്പത്രിയായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. സ്വതന്ത്ര ആസ്പത്രിയാക്കി മാറ്റിയെങ്കിലും ഭരണച്ചുമതലയും നിയന്ത്രണവും ഇനിയും ജില്ലാ പഞ്ചായത്തിനാണ്. ഇവിടെ ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കിന്റെയും ഒ.പി ബ്ലോക്കിന്റെയും നിര്‍മ്മാണം പുരോഗമിക്കുന്നു. കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രി സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇതിന്റെ മേല്‍നോട്ടം വഹിക്കുക പ്രായോഗികമായി ബുദ്ധിമുട്ടാണ്. ജില്ലാ ആസ്പത്രിയും ഈ ആസ്പത്രിയും തമ്മില്‍ 20 കിലോമീറ്ററിലധികം ദൂരമുണ്ട്. ഇത് കണക്കിലെടുത്ത് സ്വതന്ത്ര ആസ്പത്രിയാക്കി മാറ്റണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടി. കോവിഡ് ചികിത്സയുടെ കാര്യത്തില്‍ കാസര്‍കോടിന്റെ പിന്നോക്കാവസ്ഥ ശ്രദ്ധയില്‍പ്പെട്ടാണ് ടാറ്റാ ഗ്രൂപ്പ് പ്രത്യേക ആസ്പത്രി അനുവദിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ചട്ടഞ്ചാലില്‍ ഏറ്റെടുത്തുനല്‍കിയ 4.12 ഏക്കര്‍ സ്ഥലത്താണ് പ്രീ ഫാബ്രിക്കേറ്റഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് ആസ്പത്രി നിര്‍മ്മിച്ചത്. കേവലം 124 ദിവസം കൊണ്ടാണ് ആസ്പത്രി നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. കോവിഡ് കാലത്ത് ജില്ലക്ക് ഇത് ഏറെ അനുഗ്രഹമായി. കോവിഡ് മുക്തമായതോടെ ആസ്പത്രിയുടെ പ്രവര്‍ത്തനം നിലച്ചു.
ഇതോടെ കണ്ടെയ്‌നറുകള്‍ മാറ്റി അവിടെ ക്രിട്ടിക്കല്‍ കെയര്‍ ആസ്പത്രി നിര്‍മ്മിക്കാനായിരുന്നു സര്‍ക്കാറിന്റെ തീരുമാനം. ഇതേ തുടര്‍ന്ന് കണ്ടെയ്‌നറുകള്‍ വിവിധ വകുപ്പുകള്‍ക്കും സ്‌കൂളുകള്‍ക്കും മറ്റുമായി കൈമാറുകയായിരുന്നു.

