സര്‍വെ പൂര്‍ത്തിയായി; കാറഡുക്ക ബോക്‌സൈറ്റ് ഖനനം ടെണ്ടര്‍ ജൂലൈയില്‍

ബദിയടുക്ക: കാറഡുക്ക സംരക്ഷിത വനമേഖലയിലെ കാടകം നാര്‍ളം ബ്ലോക്കിലെ ബോക്‌സൈറ്റ് ഖനനത്തിനുള്ള ടെണ്ടര്‍ ജൂലൈയില്‍ നടക്കും. ഖനനത്തിന് മുന്നോടിയായുള്ള സര്‍വെ നടപടികള്‍ പൂര്‍ത്തിയായി. വനംവകുപ്പിന്റെ അനുമതി, പാരിസ്ഥിതികാനുമതി, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയുള്‍പ്പെടെ ലഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി ടെണ്ടര്‍ നടപടികളിലേക്ക് കടക്കും. റവന്യു വകുപ്പ്, വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് സര്‍വെ നടന്നത്. ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ പഠനം നടത്തി 2019ല്‍ സംസ്ഥാന മൈനിങ് ആന്റ് ജിയോളജി വകുപ്പിന് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍വെ. പതിമൂന്നാംമൈല്‍ വണ്ണാച്ചടവില്‍ നിന്നാരംഭിച്ച് കല്ലളിക്കാല്‍, ബാളക്കണ്ടം വനം ഓഫീസ് പരിസരം വരെയുള്ള ഖനനം നടത്താന്‍ ഉദ്ദേശിക്കുന്ന പ്രദേശത്ത് സ്ഥലത്തിന്റെ അതിരുകളും രേഖപ്പെടുത്തി. ജി.എസ്.ഐ പഠനത്തില്‍ കണ്ടെത്തിയ 150 ഹെക്ടര്‍ ഭൂമിയില്‍ 50 മുതല്‍ 100 ഹെക്ടര്‍ പരിധിയിലാണ് സര്‍വെ പകാരം ഖനനത്തിന് ഉപയോഗിക്കാന്‍ കഴിയുക. കൂടുതല്‍ ഉയര്‍ന്ന അലുമിനിയമടങ്ങിയ പ്രദേശമാണ് കാറഡുക്ക ബ്ലോക്ക്. മറ്റു സംസ്ഥാനങ്ങളില്‍ ഖനനം നടത്തുന്ന പ്രദേശത്തെ അലുമിനിയത്തിന്റെ ഉള്ളടക്കം 8 മുതല്‍ 35 ശതമാനം വരെയാണെങ്കില്‍ കാറഡുക്കയിലേത് 40 മുതല്‍ 45 ശതമാനമെന്നാണ് ജി.എസ്.ഐ പഠനത്തില്‍ തെളിഞ്ഞതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുള്ളേരിയ ഉള്‍പ്പെടുന്ന നാര്‍ളം ബ്ലോക്കില്‍ നിന്ന് 0.2113 ദശലക്ഷം ടണ്‍ ഹൈഗ്രേഡ് ബോക്‌സൈറ്റും 5.1417 ദശലക്ഷം ടണ്‍ അലുമിനിയം ലാറ്ററൈറ്റും ലഭിക്കുമെന്നാണ് കരുതുന്നത്. ഇവിടെ ഖനനം സാമ്പത്തികമായി ലാഭകരമാണെന്നാണ് വിലയിരുത്തല്‍. 5000 കോടി രൂപയാണ് പ്രാഥമിക സര്‍വെ പ്രകാരം അടിസ്ഥാന വില നിശ്ചയിച്ചതെങ്കിലും ഇതില്‍ മാറ്റമുണ്ടാകാനാണ് സാധ്യത.
കൃഷിക്കും മറ്റാവശ്യങ്ങള്‍ക്കും ഉപയോഗിക്കാം
ഖനനം നടത്തുന്ന സ്ഥലങ്ങള്‍ സര്‍ക്കാരിന് വിവിധ പദ്ധതികള്‍ക്കും കൃഷിക്കും മറ്റാവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കുന്ന രീതിയിലാകും. അഞ്ച് മീറ്റര്‍ മാത്രമേ ഖനനം നടത്തുകയുള്ളൂ. ബോക്‌സൈറ്റ് കുഴിച്ചെടുത്താല്‍ മണ്ണ് നിക്ഷേപിക്കാം. വെള്ളമിറങ്ങാത്ത പാറകളാണ് പൊടിച്ചെടുക്കുക. ഇവ മാറ്റിയാല്‍ മണ്ണിലേക്ക് വെള്ളമിറങ്ങും. കൃഷി, വ്യവസായ പാര്‍ക്കുകള്‍, പാര്‍പ്പിട പദ്ധതികള്‍ എന്നിവയ്ക്കായി ഉപയോഗിക്കാം. ഒരുഘട്ടം കൃത്യമായി പൂര്‍ത്തീകരിച്ച ശേഷം മാത്രമേ അടുത്ത ഘട്ടത്തിലേക്ക് പോകൂ.
എന്താണ് ബോക്‌സൈറ്റ്?
പ്രകൃതിദത്ത ഖനി അലുമിനിയം, സിമന്റ് എന്നിവയുള്‍പ്പെടെ ഒട്ടേറെ വ്യവസായങ്ങളില്‍ ഉപയോഗിക്കുന്ന പ്രകൃതിദത്ത ഖനിയാണ് ബോക്‌സൈറ്റ്. കഴിഞ്ഞ 3 പതിറ്റാണ്ടായി രാജ്യത്തെവിടെയും വലിയ തോതിലുള്ള ബോക്‌സൈറ്റ് ശേഖരം കണ്ടെത്താനായിട്ടില്ലെന്നു വിദഗ്ധര്‍ പറയുന്നു. അതിനാല്‍ ചെറിയ തോതിലെങ്കിലും ശേഖരമുള്ള സ്ഥലങ്ങളില്‍ ഖനനത്തിനാണു തീരുമാനം. രാജ്യത്ത് കാസര്‍കോട് അടക്കം 30 സ്ഥലങ്ങളാണു മിനറല്‍ എക്‌സ്‌പ്ലോറേഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡ് ബോക്‌സൈറ്റ് ഖനനത്തിന് അനുകൂലമാണെന്ന് കണ്ടത്തിയത്.
ജനങ്ങളുടെ ആശങ്കയകറ്റും
ജില്ലയില്‍ ബോക്‌സൈറ്റ് സാന്നിധ്യം കണ്ടെത്തിയ സ്ഥലം സംരക്ഷിത വനമേഖലയും ആനത്താരയും ഉള്ളതാണ്. വന മേഖലയില്‍ ഖനനം ഉണ്ടായാല്‍ വന്യമൃഗശല്യം രൂക്ഷമാകുമോ വനത്തിലൂടെ ഉള്ള റോഡുകള്‍ നഷ്ടമാകുമോ എന്ന ആശങ്ക ജനങ്ങള്‍ക്കുണ്ട്. ഖനനഭാഗത്തുകൂടി കടന്നുപോകുന്ന ഗ്രാമീണ റോഡുകള്‍ മാറ്റി നിര്‍മ്മിക്കും. ഖനനം തീരുന്ന മുറയ്ക്ക് നിലവിലുള്ള സ്ഥലത്തുകൂടി പുതിയ പാത നിര്‍മ്മിക്കുമെന്നും വനമേഖലയ്ക്ക് അകത്ത് നില്‍ക്കുന്ന സ്വകാര്യഭൂമി എന്നിവ ഒഴിവാക്കുമെന്നും അധികൃതര്‍ പറഞ്ഞു. ഖനനത്തിന് മുന്നോടിയായി പ്രദേശവാസികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കും. ജനങ്ങളുടെ ആശങ്കകളും പരാതികളും ഇതില്‍ പങ്കുവെക്കാം.