പോസ്റ്റ് കാര്‍ഡിലുള്ള സ്‌നേഹാശംസകളുടെ ആഴമറിഞ്ഞ് സുരേഷ് നാരായണന്‍

കാഞ്ഞങ്ങാട്: പോസ്റ്റ് കാര്‍ഡുകള്‍ വഴിയുള്ള സ്‌നേഹാശംസകളെ വെല്ലാന്‍ മറ്റൊന്നുമില്ലെന്ന് തെളിയിക്കുകയാണ് സുരേഷ് നാരായണന്‍. വിവരസാങ്കേതികവിദ്യ എ.ഐയില്‍ എത്തി നില്‍ക്കുമ്പോഴും പോസ്റ്റ് കാര്‍ഡില്‍ പുതുവത്സരാശംസകള്‍ അയച്ച് സുഹൃത്തുക്കളെ ചേര്‍ത്തുപിടിക്കുന്ന സുരേഷ് നാരായണന്റെ പതിവിന് ഒരു മാറ്റവുമില്ല. പുതുവത്സര ദിനത്തില്‍ ആയിരക്കണക്കിന് സുഹൃത്തുക്കളെ ഓര്‍ത്ത് ആശംസ അയക്കുന്ന ശീലം 45 വര്‍ഷം പിന്നിടുന്നു. മെന്റലിസ്റ്റും മജീഷ്യനുമായ കല്യാണ്‍ റോഡ് വിശ്വകലയിലെ സുരേഷ് നാരായണന്‍ 1981ലാണ് പോസ്റ്റുകാര്‍ഡില്‍ നവവത്സരാശംസകള്‍ അയച്ചു തുടങ്ങിയത്. എസ്.എസ്.എല്‍.സി കഴിഞ്ഞത് മുതലാണ് തുടങ്ങിയത്. ആദ്യമൊക്കെ 15 മുതല്‍ 20 വരെ സുഹൃത്തുക്കള്‍ക്കായിരുന്നു കാര്‍ഡ് അയച്ചിരുന്നത്. ഇന്ന് അത് 3000 കാര്‍ഡുകളില്‍ എത്തി നില്‍ക്കുകയാണ്. പോസ്റ്റ് കാര്‍ഡിന് 15 പൈസ ഉണ്ടായിരുന്നപ്പോഴാണ് തുടങ്ങിയത്. ഇന്ന് കാര്‍ഡിന് 50 പൈസയാണ്. കല്യാണം റോഡില്‍ മൈക്കോ ഹോളോബ്രിക്‌സ് ഇന്‍ഡസ്ട്രീസ് നടത്തുന്ന സുരേഷ് നാരായണന്‍ ഡിസംബര്‍ 10 മുതല്‍ തന്നെ കാര്‍ഡുകള്‍ അയക്കാന്‍ തുടങ്ങും. കാര്‍ഡുകള്‍ ലഭിക്കുന്ന സുഹൃത്തുക്കള്‍ തിരിച്ചുവിളിക്കുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം എടുത്തുപറയാന്‍ കഴിയാത്തതാണെന്ന് സുരേഷ് പറയുന്നു. നവവത്സര ആശംസകള്‍ സോഷ്യല്‍ മീഡിയ വഴി കൈമാറുന്ന കാലത്തും സുരേഷ് നാരായണന്റെ ഈ ശീലം സൗഹൃദം കൂടുതല്‍ ഊട്ടി ഉറപ്പിക്കാന്‍ കഴിയുന്നു. ബിസിനസ് തിരക്കിന് പുറമെ തിങ്ക് ആര്‍ട്ട് എന്ന സ്ഥാപനം വഴി കുട്ടികള്‍ക്ക് മാജിക് പഠിപ്പിക്കുകയും ഇതിലൂടെ ബോധവല്‍ക്കരണം നടത്തുകയും ചെയ്യുന്നതിനിടയാണ് സുഹൃത്തുക്കളെ ഓര്‍ത്തെടുത്ത് ആശംസ കാര്‍ഡുകളും അയക്കുന്നത്. ജെ.സി ആലംനൈ സോണ്‍ ചെയര്‍മാനായ സുരേഷ് കാഞ്ഞങ്ങാട് റോട്ടറി, ലയണ്‍സ് സംഘടനകളുടെ ഭാരവാഹിയായും പ്രവര്‍ത്തിച്ചിരുന്നു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it