മൊഗ്രാലില്‍ വീണ്ടും സര്‍വീസ് റോഡ് അടച്ചു; നാട്ടുകാര്‍ക്ക് ദുരിതം

മൊഗ്രാല്‍ സര്‍വീസ് റോഡിലെ കലുങ്ക് നിര്‍മ്മാണം
മൊഗ്രാല്‍: മൊഗ്രാല്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന് സമീപവും കൊപ്ര ബസാറും കലുങ്ക് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജോലികള്‍ പുനരാരംഭിച്ചതോടെ മൊഗ്രാല്‍ സര്‍വീസ് റോഡ് വീണ്ടും അടച്ചു. എത്ര ദിവസത്തേക്കാണെന്ന് മുന്നറിയിപ്പില്ലാതെയാണ് അടച്ചിട്ടിരിക്കുന്നത്. ഇതുമൂലം നാട്ടുകാരും ബസ് യാത്രക്കാരും വീണ്ടും ദുരിതത്തിലായി. ഒരുമാസം മുമ്പും മൊഗ്രാല്‍ സര്‍വീസ് റോഡ് അടച്ചിട്ടിരുന്നു. ഏഴു ദിവസത്തേക്കാണ് അടച്ചതെങ്കിലും കലുങ്ക് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നാട്ടുകാരും നിര്‍മ്മാണ കമ്പനി അധികൃതരും തര്‍ക്കിച്ചതോടെ ജോലി നിര്‍ത്തിവെക്കുകയായിരുന്നു. ഇതുമൂലം ഒരു മാസമാണ് സര്‍വീസ് റോഡ് അടച്ചത്. പിന്നീട് വാര്‍ഡ് മെമ്പര്‍ റിയാസ് മൊഗ്രാല്‍ ഇടപെട്ട് സര്‍വ്വീസ് റോഡ് താല്‍ക്കാലികമായി തുറന്നുകൊടുത്തിരുന്നു. രണ്ടിടങ്ങളിലും കലുങ്കിലൂടെ ഒഴുകിവരുന്ന വെള്ളം പഞ്ചായത്ത് റോഡുകളിലെ ഓവുചാലിലേക്ക് ഒഴുക്കിവിടുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. ഇത് ശാസ്ത്രീയമായ രീതിയിലായിരിക്കണമെന്ന് നാട്ടുകാര്‍ വാദിച്ചു. ഇതോടെയാണ് സര്‍വീസ് റോഡില്‍ കുഴിയെടുത്ത് ഇതിനായുള്ള സംവിധാനമൊരുക്കാന്‍ ഒടുവില്‍ നിര്‍മ്മാണ കമ്പനി അതികൃതര്‍ തയ്യാറായത്. ഈ പ്രവൃത്തി ആരംഭിച്ചതോടെയാണ് ഇപ്പോള്‍ വീണ്ടും സര്‍വീസ് റോഡ് അടച്ചിട്ടത്. ഇതുമൂലം ബസ് യാത്രക്കാര്‍ക്ക് കൊപ്പളം, പെര്‍വാഡ് ബസ് സ്റ്റോപ്പില്‍ പോയി വേണം ബസുകള്‍ കയറാന്‍. ഇത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ദുരിതമാകുന്നുവെന്നും ഓട്ടോ പിടിച്ചു ബസ്‌സ്റ്റോപ്പില്‍ പോകേണ്ടിവരുന്നത് അധിക ബാധ്യതയാകുന്നുവെന്നും പരാതി ഉയര്‍ന്നിരുന്നു. നിര്‍മ്മാണ സ്ഥലത്ത് ഇന്ന് രാവിലെ പെയ്ത മഴയില്‍ വെള്ളക്കെട്ട് കൂടി രൂപപ്പെട്ടതോടെ നിര്‍മ്മാണ ജോലികള്‍ ഇനിയും തടസ്സപ്പെടുമെന്ന് പറയുന്നുണ്ട്. ഇത് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കാലതാമസം എടുക്കുകയും ചെയ്യും. സര്‍വ്വീസ് റോഡിലെ രണ്ട് കലുങ്കുകളുടെയും പ്രവൃത്തി ഉടന്‍ തന്നെ തീര്‍ത്ത് സര്‍വീസ് റോഡ് തുറന്നുകൊടുക്കാന്‍ നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.