റെക്കോഡ് വിറ്റുവരവ്; അംഗീകാര നിറവില്‍ പ്രോജനി കാര്‍ബണ്‍ ന്യൂട്രല്‍ ഓര്‍ച്ചാഡ് ഫാം

മുള്ളേരിയ: കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ അംഗീകാര നിറവില്‍ കുണ്ടാറിലുള്ള കാഷ്യു പ്രോജനി കാര്‍ബണ്‍ ന്യൂട്രല്‍ ഓര്‍ച്ചാഡ്. കൃഷിവകുപ്പിന്റെ കീഴിലുളള ഈ ഓര്‍ച്ചാഡ് ഫാമില്‍ അത്യുല്‍പാദനശേഷിയുള്ള കശുമാവിന്‍ തൈകളാണ് പ്രധാനമായും ഉല്‍പാദിപ്പിക്കുന്നത്. കശുമാവിന് പുറമേ മാവിന്‍ ഒട്ടുതൈകള്‍, കുറിയ ഇനം തെങ്ങിന്‍ തൈകള്‍, ഒട്ടുപ്ലാവ്, പേര ലയര്‍, വിവിധയിനം നടീല്‍വസ്തുക്കള്‍, കശുവണ്ടി തുടങ്ങിയവയും ഫാമില്‍ തയ്യാറാക്കിയിട്ടുണ്ട്. ഇളനീര്‍, വിവിധയിനം മാങ്ങകള്‍, വിയറ്റ്‌നാം ഏര്‍ളി ചക്ക എന്നിവയും ഫാമില്‍ നിന്നും വാങ്ങാം. ഡ്രാഗണ്‍ ഫ്രൂട്ട് ഓര്‍ച്ചാഡ്, ഇടവിളയായി അത്യുല്‍പാദനശേഷിയുള്ള കുരുമുളകു കൃഷി, വിവിധ ഇനം അലങ്കാരച്ചെടികള്‍, ചെണ്ടുമല്ലി കൃഷി എന്നിവയും ഫാമിലുണ്ട്.

കൂടാതെ കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ ഇനങ്ങളായ ധന, ധരശ്രീ, പ്രിയങ്ക എന്നിവയും കര്‍ണാടകയില്‍ കര്‍ഷകരുടെ ഇടയില്‍ പ്രചാരത്തിലുള്ള ഭാസ്‌കര തുടങ്ങിയ അത്യുല്‍പാദനശേഷിയുള്ള ഇനങ്ങളുടെ മാതൃസസ്യങ്ങളും ഈ ഫാമില്‍ സംരക്ഷിച്ചുവരുന്നു.

കഴിഞ്ഞ വര്‍ഷം ഒരുകോടി രൂപയുടെ റെക്കോഡ് വിറ്റുവരവാണ് ഓര്‍ച്ചാഡിലുണ്ടായത്. പത്തിലധികം ഇനങ്ങളില്‍പ്പെട്ട 1.62 ലക്ഷം കശുമാവിന്‍ ഒട്ടുതൈകളാണ് ഇവിടെ ഉല്‍പാദിപ്പിച്ച് കശുമാവ് വികസന ഏജന്‍സി മുഖേന സംസ്ഥാനത്തുടനീളം വിതരണം ചെയ്തത്. കുണ്ടാര്‍, പടിയത്തടുക്ക എന്നിവിടങ്ങളിലായി 250 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഈ ഫാമില്‍ രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാതെ ജൈവ വളങ്ങള്‍ ഉപയോഗിച്ചാണ് ഫലവൃക്ഷങ്ങള്‍ ഉല്‍പാദിപ്പിക്കുന്നത്. കേന്ദ്രസര്‍ക്കാറിന്റെ ആര്‍.കെ.വി.വൈ പ്രകാരം വിവിധ അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ക്കായി 2.7 കോടി രൂപ ലഭിച്ചിട്ടുണ്ട്. ഇതുപയോഗിച്ച് കശുവണ്ടി സംസ്‌കരണ യൂണിറ്റ്, വില്‍പനശാല, കശുവണ്ടി മ്യൂസിയവും പരിശീലന കേന്ദ്രവും എന്നിവയും നിര്‍മ്മിച്ചു.

കാര്‍ഷിക സര്‍വകലാശാലയുമായി ചേര്‍ന്ന് സ്വന്തം കാലാവസ്ഥാനിരീക്ഷണ കേന്ദ്രവും ഫാമില്‍ സ്ഥാപിച്ചിട്ടുണ്ട്. ഫാം ടൂറിസത്തിന്റെ ഭാഗമായി മയിലാംകോട്ട കുന്നില്‍ വ്യൂ പോയിന്റിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. സംസ്ഥാന സര്‍ക്കാറിന്റെ ഫണ്ട് ഉപയോഗിച്ച് കശുവണ്ടി ഗോഡൗണ്‍, ഡ്രയിങ് യാര്‍ഡ് എന്നിവയും തോട്ടത്തിലുണ്ട്.

കേന്ദ്രകൃഷിമന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡയറക്ടറേറ്റ് ഓഫ് കാഷ്യുനട്ട് ആന്റ് കൊക്കോ ഡിവലപ്‌മെന്റിന്റെ സര്‍ട്ടിഫിക്കറ്റ് ഓഫ് അക്രഡിറ്റേഷനാണ് ഫാമിന് ലഭിച്ചത്. ആദ്യമായാണ് ഒരു സര്‍ക്കാര്‍ ഫാമിന് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it