സഹസ്ര സരോവരം പദ്ധതി പ്രകാരം നിര്‍മ്മിച്ച മഴവെള്ള സംഭരണി കാഴ്ച വസ്തുവായി മാറുന്നു

നീര്‍ച്ചാല്‍: സഹസ്ര സരോവരം പദ്ധതി പ്രകാരം നിര്‍മ്മിച്ച മഴവെള്ള സംഭരണി വെറും കാഴ്ച വസ്തുവായി മാത്രം മാറുന്നു. ബദിയടുക്ക പഞ്ചായത്ത് 17-ാം വാര്‍ഡ് നീര്‍ച്ചാലിലാണ് ലക്ഷങ്ങള്‍ ചെലവഴിച്ച് മഴവെള്ള സംഭരണി നിര്‍മ്മിച്ചത്. പണ്ട് മുതല്‍ക്കെ പ്രാകൃത രീതിയില്‍ വെള്ളം കെട്ടിനിന്നിരുന്ന വെള്ളക്കെട്ടില്‍ (മദക്കം) നിന്നാണ് സമീപത്തെ ഏക്കര്‍ കണക്കിന് സ്ഥലത്തെ കര്‍ഷകര്‍ കാര്‍ഷിക ആവശ്യത്തിനുള്ള ജലം ഓവുചാലുണ്ടാക്കി കൃഷി സ്ഥലത്തേക്ക് എത്തിച്ചിരുന്നത്. മാര്‍ച്ച് അവസാനം വരെ ഇവിടെ വെള്ളം കെട്ടിനിന്നിരുന്നു. നീര്‍ച്ചാലില്‍ മദക്കം ഉണ്ടായിരുന്ന സ്ഥലത്താണ് കേരള വികസന കോര്‍പ്പറേഷന്റെ കീഴില്‍ സഹസ്ര സരോവര്‍ പദ്ധതി പ്രകാരം 2017ല്‍ നബാര്‍ഡ് ധനസഹായത്തോടെ 102.40ലക്ഷം രൂപ പദ്ധതി പ്രവര്‍ത്തനത്തിന് അടങ്കല്‍ തുക നിശ്ചയിച്ച് മഴവെള്ളം സംഭരിക്കുന്നതിനുള്ള പ്രവൃത്തിക്ക് തുടക്കം കുറിച്ചത്. ഇത് പ്രകാരം മണ്ണ് നീക്കം ചെയ്ത് പ്രവൃത്തി ഏറ്റെടുത്ത ചിലര്‍ ചെങ്കല്‍ ഖനനം നടത്തി വില്‍പ്പന നടത്താന്‍ ശ്രമം നടത്തിയിരുന്നു. അതിനെതിരെ നാട്ടുകാരില്‍ ചിലര്‍ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ ശ്രമം ഉപേക്ഷിച്ചു. പിന്നീട് മണ്ണ് നീക്കം ചെയ്തും ചെങ്കല്‍ യന്ത്രങ്ങളുടെ സഹായത്തോടെ നീക്കം ചെയ്തുമാണ് പ്രവൃത്തി നടത്തിയത്. നീക്കം ചെയ്ത മണ്ണ് കര്‍ണ്ണാടകയിലെ സിമന്റ് ഫാക്ടറിക്ക് വില്‍പ്പന നടത്തി ഇടനിലക്കാരില്‍ ചിലര്‍ കാശ് സ്വന്തം കീശയിലാക്കിയതായും ആക്ഷേപമുയര്‍ന്നിരുന്നു. നബാര്‍ഡ് ധനസഹായത്തോടെ 2020 ഡിസംബര്‍ 30ന് 97.29ലക്ഷം രൂപ ചെലവില്‍ പദ്ധതി പൂര്‍ത്തിയാക്കി മഴവെള്ള സംഭരണിക്ക് ചുറ്റുമതിലും ഗെയ്റ്റും സ്ഥാപിച്ച് പണിത് സുരക്ഷിതത്വം ഉറപ്പുവരുത്തിയിരുന്നു. എന്നാല്‍ പതിയെ ഇത് നോക്കുകുത്തിയായി മാറി. പണ്ട് മുതല്‍ പ്രാകൃത രീതിയിലുണ്ടായിരുന്ന മദക്കം നിലനിര്‍ത്തിയിരുന്നുവെങ്കില്‍ മാര്‍ച്ച് വരെയും വെള്ളം ലഭിക്കുമായിരുന്നുവെന്നാണ് കര്‍ഷകര്‍ പറയുന്നത്.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it