മൊഗ്രാല്‍ സ്‌കൂളില്‍ ക്ലാസ് റൂമും തൊഴില്‍ കോഴ്‌സ് പദ്ധതികളും നഷ്ടപ്പെടാതിരിക്കാന്‍ ജനപ്രതിനിധികള്‍ ഇടപെടമെന്നാവശ്യം

മൊഗ്രാല്‍: മൊഗ്രാല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വികസന ഫണ്ട് തിരിമറി നടത്തിയതുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് വഹിച്ചിരുന്ന മുന്‍ അധ്യാപകനെതിരെ പി.ടി.എയുടെ പരാതി പ്രകാരം പൊലീസും വിജിലന്‍സും അന്വേഷണം നടത്തുന്നതിനിടെ 2 പ്രധാന വികസന പദ്ധതികള്‍ സ്‌കൂളിന് നഷ്ടപ്പെടാതിരിക്കാന്‍ എം.എല്‍.എയും ജില്ലാ പഞ്ചായത്തും അടിയന്തിരമായി ഇടപെടണമെന്ന് സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് അഷ്‌റഫ് പെര്‍വാഡും തൊഴില്‍ കോഴ്‌സിന് അപേക്ഷ നല്‍കിയ വിദ്യാര്‍ത്ഥികളും ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ ഏറെ പ്രാധാന്യത്തോടെ നോക്കി കണ്ട തൊഴില്‍ അധിഷ്ഠിത കോഴ്‌സ് ആരംഭിക്കാനുള്ള പദ്ധതിയാണ് ഇപ്പോള്‍ അനിശ്ചിതത്വത്തിലായിരിക്കുന്നത്. 16 മുതല്‍ 23 വയസ്സുവരെയുള്ള യുവതി-യുവാക്കളെ ലക്ഷ്യമിട്ടാണ് ആധുനിക ലോകത്തെ തൊഴില്‍ സാധ്യതയുടെ അറിവും, നൈപുണ്യവും നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് സ്‌കില്‍ ഡെവലപ്പ്‌മെന്റ് സെന്റര്‍ (എസ്.ഡി.സി) പ്രവര്‍ത്തിച്ചു വരുന്നത്. ഔപചാരികമായ വിദ്യാഭ്യാസത്തോടൊപ്പം ഏതെങ്കിലും സഹചര്യത്തില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്നാല്‍ അത്തരം വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതിന്റെ ഭാഗമായാണ് മൊഗ്രാല്‍ ജി.വി.എച്ച്.എസ്.എസില്‍ മൊബൈല്‍ഫോണ്‍, ഹാന്‍ഡ്‌വെയര്‍ റിപ്പയര്‍ ടെക്‌നീഷ്യന്‍, അമിനേറ്റര്‍ മീഡിയ കോഴ്‌സുകള്‍ മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫിന്റെ ശ്രമഫലമായി മൊഗ്രാലിന് അനുവദിച്ചത്. ഇതിനായി അനുവദിച്ച 21.5 ലക്ഷം ഫണ്ടും തിരിമറി നടത്തിയതില്‍ ഉള്‍പ്പെടുന്നുണ്ട്. കോഴ്‌സിന് അപേക്ഷിച്ച വിദ്യാര്‍ത്ഥികളും യുവാക്കളും ഇപ്പോള്‍ ആശങ്കയിലാണുള്ളത്. അതുപോലെ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള ലാബും ക്ലാസ് മുറിയും ഒരുക്കുന്നതിനാണ് ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ എസ്.എസ്.കെ സ്റ്റാര്‍ പദ്ധതി പ്രകാരം രണ്ട് ക്ലാസ്സ് റൂമുകള്‍ അനുവദിച്ചതും. ഇതിന് അനുവദിച്ച 30 ലക്ഷം രൂപയില്‍ നിന്ന് ആദ്യ ഘടുവായി ലഭിച്ച 12.19000 ലക്ഷം രൂപാ ഫണ്ടും തിരിമറിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
2 ഫണ്ടും സ്‌കൂളിന് ലഭിക്കുമ്പോള്‍ ആരോപണ വിധേയനായ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് വച്ചിരുന്ന മുന്‍ അധ്യാപകന്‍ സ്‌കൂളില്‍ ഉണ്ടായിരുന്നു. പിന്നീടാണ് സ്ഥലം മാറ്റം ലഭിച്ച് പോയത്.
ഫണ്ട് തിരിമറി സ്‌കൂളിന്റെ സല്‍പേരിന് കളങ്കമുണ്ടാക്കിയെന്നും പദ്ധതി നഷ്ടപ്പെടുന്നതില്‍ പി.ടി.എയ്ക്കും വിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കും ആശങ്കയുണ്ടെന്നും അതുകൊണ്ടുതന്നെ വിഷയത്തില്‍ എം.എല്‍.എയും ജില്ലാ പഞ്ചായത്തും അടിയന്തിരമായി ഇടപെടണമെന്നും പി.ടി.എ പ്രസിഡണ്ട് ആവശ്യപ്പെട്ടു.