TEMPLE FEST | ഒരുക്കങ്ങളായി; മധൂര്‍ ക്ഷേത്രത്തില്‍ മൂടപ്പസേവ നടക്കുന്നത് 33 വര്‍ഷങ്ങള്‍ക്ക് ശേഷം

മധൂര്‍: മധൂര്‍ ശ്രീ സിദ്ധിവിനായക ക്ഷേത്രത്തില്‍ 33 വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന മൂടപ്പസേവ ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ദേരെബയല്‍ ശിവപ്രസാദ് തന്ത്രിയുടെ കാര്‍മികത്വത്തില്‍ കൊമ്പ്, കുഴല്‍ തുടങ്ങി വിവിധ വാദ്യമേളത്തിന്റെയും വേദമന്ത്രഘോഷത്തിന്റെയും അകമ്പടിയായി കഴിഞ്ഞ ദിവസമാണ് ബ്രഹ്മകലശ ഉത്സവ അഭിഷേകത്തിന് പ്രാരംഭം കുറിച്ചത്.
നാളെ രാത്രി 11നാണ് മഹാഗണപതി ദേവന് മഹാമൂടപ്പ സമര്‍പ്പണം നടക്കുക. 6ന് രാവിലെ 6.20ന് മൂടപ്പനിവേദ്യത്തിന് മുന്നിലുള്ള സിദ്ധിവിനായക ദേവന്റെ ദര്‍ശനം. നാളെ 9ന് മൂടപ്പസേവയുടെ അരി കൊട്ടില്‍ മുഹൂര്‍ത്തം, ഉച്ചയ്ക്ക് ഉണ്ണിയപ്പം ഉണ്ടാക്കാന്‍ തുടക്കം, വൈകിട്ട് 5ന് ഉളിയത്തടുക്കയിലേക്ക് ദേവന്റെ എഴുന്നള്ളത്ത് എന്നിവ നടക്കും. പാരമ്പര്യ ട്രസ്റ്റി മായിപ്പാടി കൊട്ടാരം പാരമ്പര്യ ട്രസ്റ്റി ദാനമാര്‍ത്താണ്ഡ വര്‍മ രാജ രാമന്തരസുകള്‍ 13-ാമന്റെ പ്രതിനിധി എം. ജയചന്ദ്ര വര്‍മരാജയും കുടുംബവും ക്ഷേത്രദര്‍ശനം നടത്തി.
തൃച്ചംബരം ഉള്‍പ്പെടെ ക്ഷേത്രങ്ങളിലെ തിടമ്പ് നര്‍ത്തകന്‍ മധൂര്‍ പി.കെ. ധനഞ്ജയ ഭട്ടിനാണ് മൂടപ്പസേവ അപ്പം പാകം ചെയ്യാനുള്ള നിയോഗം. 1962ലും 1992ലും മൂടപ്പസേവ ചടങ്ങില്‍ ദേവനര്‍ത്തകന്‍ കൂടിയായ പിതാവ് രാമകൃഷ്ണ ഭട്ട് ആയിരുന്നു അപ്പം പാകം ചെയ്തിരുന്നത്. 1992ല്‍ ധനഞ്ജയ ഭട്ട് സഹായിയായിരുന്നു. 2008ല്‍ പിതാവ് അന്തരിച്ചതോടെ മധൂര്‍ ക്ഷേത്രത്തില്‍ വിശേഷാല്‍ ചടങ്ങുകളില്‍ അപ്പമുണ്ടാക്കുന്ന ചുമതല ധനഞ്ജയ ഭട്ടിനായി. 40 വര്‍ഷമായി തിടമ്പ് നര്‍ത്തകനായ ധനഞ്ജയ ഭട്ടിന് ക്ഷേത്രകലാ അക്കാദമിയുടേതടക്കം ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.