ചെര്‍ക്കള-കല്ലടുക്ക റോഡിലെ അപകടക്കുഴികള്‍ യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു

ബദിയടുക്ക: ചെര്‍ക്കള -കല്ലടുക്ക അന്തര്‍ സംസ്ഥാനപാതയിലെ പള്ളത്തടുക്കയില്‍ റോഡില്‍ രൂപപ്പെട്ട കുഴികള്‍ വാഹന യാത്രക്കാരുടെ നടുവൊടിക്കുന്ന സ്ഥിതിയാണ്. കുഴികള്‍ തെറ്റിക്കുന്നതിനിടയില്‍ വീണ് വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവായി. ഇരു ചക്രവാഹനങ്ങളാണ് ഏറെയും അപകടത്തില്‍പ്പെടുന്നത്. തകര്‍ന്ന് തരിപ്പണമായ റോഡിലൂടെയുള്ള വാഹന യാത്ര ഏറെ ദുസഹമായതോടെ നാട്ടുകാരുടെ മുറവിളിക്കും ജനകീയ സമരങ്ങള്‍ക്കുമൊടുവില്‍ നവീകരണ പ്രവൃത്തി ആരംഭിച്ചെങ്കിലും പ്രവൃത്തി പൂര്‍ത്തിയായിട്ടില്ല. പലയിടങ്ങളിലും റോഡ് പ്രവൃത്തിയിലെ അശാസ്ത്രീയതയും പാതയോരങ്ങളില്‍ വെള്ളം ഒഴുകി പോകുവാനുള്ള സംവിധാനമോ ഓവുചാലോ ഇല്ലാത്തതും റോഡ് തകര്‍ച്ചയ്ക്ക് കാരണമായി. കര്‍ണാടക പുത്തൂര്‍, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലേക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഏറ്റവും എളുപ്പത്തില്‍ എത്താവുന്ന റോഡ് ആയതിനാല്‍ ഇതുവഴിയാണ് കൂടുതല്‍ യാത്രക്കാരും കടന്നുപോയിരുന്നത്. ഉക്കിനടുക്ക മെഡിക്കല്‍ കോളേജിലേക്ക് പോകുന്നവര്‍ക്കും റോഡ് തകര്‍ന്നത് ദുരിതമാവുന്നു. കോടികള്‍ ചെലവഴിച്ചുള്ള നിര്‍മ്മാണ പ്രവൃത്തി യാത്രക്കാര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ നിര്‍മ്മാണ പ്രവൃത്തിയില്‍ വ്യാപകമായ ക്രമക്കേട് നടന്നതാണ് റോഡ് പൊടുന്നനെ തകരാന്‍ കാരണമായതെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it