വീട്ടിലെ വിഷരഹിത പച്ചക്കറി; ഗീതയുടെ ആശയം ഏറ്റെടുത്ത് ഒരു നാട്

കാഞ്ഞങ്ങാട്: വീട്ടാവശ്യത്തിനുള്ള വിഷരഹിത പച്ചക്കറിയെന്ന വീട്ടമ്മയുടെ ആശയം ഒരു നാട് ഏറ്റെടുത്തിരിക്കുകയാണ്. വീട്ടാവശ്യത്തിനുള്ള പച്ചക്കറി കൃഷിയിലിറങ്ങിയ ഗീതയുടെ അടുക്കള തോട്ടത്തിലെ ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍ ഡിമാണ്ടാണ്.

ഇന്ന് കടകളിലും വില്‍പ്പന നടത്താന്‍ പാകത്തില്‍ കൃഷി വ്യാപിപ്പിച്ചിരിക്കുകയാണ് കൊട്ടോടി മാവുങ്കാലിലെ ഈ കര്‍ഷക. വീട്ടാവശ്യത്തിനുള്ള കൃഷിയിലേക്കിറങ്ങിയ ഗീതയ്ക്ക് ഇന്ന് വരുമാന മാര്‍ഗം കൂടിയായി കൃഷി. കൃഷിയിലെ പെരുമ കണ്ട് ഗീതയെ തേടി അവാര്‍ഡുമെത്തി. കള്ളാര്‍ പഞ്ചായത്തിലെ മികച്ച വനിത പച്ചക്കറി കര്‍ഷകയെന്ന ബഹുമതിയാണ് ഗീതയെ തേടിയെത്തിയത്.

മണ്ണില്‍ ചാല് കീറി വിത്തിട്ടിരുന്ന കൃഷി രീതിയിലും മാറ്റം വരുത്തി മള്‍ച്ചിങ് രീതിയിലാണ് ഗീതയുടെ കൃഷി. വിത്തും ഹൈബ്രീഡായി. ഇതു മൂലം വിളവ് വര്‍ധിക്കാനും കൃഷി പരിപാലനം എളുപ്പത്തിലാക്കാനും സാധിച്ചതായി ഗീത പറയുന്നു. മണ്ണിന്റെ ഈര്‍പ്പം നിലനിര്‍ത്താനും കളകള്‍ നിയന്ത്രിച്ച് മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തി വിളവ് വര്‍ധിപ്പിക്കാനും മള്‍ച്ചിങ് കൃഷി രീതി കൊണ്ട് സാധിക്കുന്നു. ഒരേ സ്ഥലത്ത് മണ്ണ് മാറ്റാതെ തന്നെ മൂന്ന് തവണ കൃഷിയിറക്കാമെന്നത് മള്‍ച്ചിങ് രീതിയുടെ പ്രത്യേകതയാണ്. നട്ട് നനച്ച് നന്നായി പരിപാലിച്ചാല്‍ പച്ചക്കറി കൃഷി ലാഭകരമാകുമെന്നാണ് 10 വര്‍ഷമായി ഈ രംഗത്തുള്ള ഗീതയുടെ അഭിപ്രായം. ഭര്‍ത്താവ് വേങ്ങയില്‍ കുഞ്ഞിക്കണ്ണന്റെ പൂര്‍ണ പിന്തുണയും ഗീതയുടെ വിജയത്തിന്റെ പിന്നിലുണ്ട്. പയര്‍, പാവല്‍, പടവലങ്ങ, നരമ്പന്‍, വഴുതന, വെണ്ട തുടങ്ങി എല്ലാ പച്ചക്കറികളും തോട്ടത്തിലുണ്ട്. കടകളിലും വീടുകളിലുമായി ആവശ്യക്കാരുള്ളതിനാല്‍ ഉല്‍പ്പന്നങ്ങള്‍ പെട്ടെന്ന് വിറ്റഴിയുകയാണ്.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it