കശുമാവ് കൃഷിയില്‍ നൂതന രീതികളുമായി പ്ലാന്റേഷന്‍ കോര്‍പറേഷന്‍

ബദിയടുക്ക: കശുവണ്ടി ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ കശുമാവ് കൃഷിയിലെ നൂതന രീതികള്‍ കര്‍ഷകര്‍ക്ക് പരിചയപ്പെടുത്താന്‍ പ്രദര്‍ശനത്തോട്ടങ്ങള്‍ ഒരുക്കുകയാണ് പ്ലാന്റേഷന്‍ കോര്‍പറേഷന്‍. മൂന്ന് തരത്തിലുള്ള തോട്ടങ്ങളാണ് പരീക്ഷണങ്ങള്‍ക്കായി എസ്റ്റേറ്റില്‍ ഒരുങ്ങുന്നത്. കശുമാവ് കൃഷിക്ക് ജലസേചനം ചെയ്താല്‍ കൂടുതല്‍ വിളവ് ലഭിക്കുമോ എന്ന പരീക്ഷണവും പി.സി.കെ നടത്തുണ്ട്. ഇതിനായ ഒരു തോട്ടം തുള്ളിനന സംവിധാനത്തിനൊപ്പം തൈകള്‍ തമ്മിലുള്ള അകലം കുറച്ചുള്ളതും മറ്റൊന്ന് തുള്ളിനനയുള്‍പ്പെടെ സാധാരണ അകലത്തിലുള്ളതുമാണ്. തുള്ളിനന ഇല്ലാതെ, സാധാരണ അകലത്തിലുള്ളതാണ് മൂന്നാമത്തെ തോട്ടം. കാസര്‍കോട് എസ്റ്റേറ്റ് ഓഫിസിനോട് ചേര്‍ന്ന് രണ്ട് സ്ഥലങ്ങളിലായാണ് ഓരോ ഹെക്ടര്‍ വീതമുള്ള മൂന്ന് തോട്ടങ്ങള്‍ ഒരുക്കിയത്. ഏഴ് മീറ്റര്‍ അകലത്തിലാണ് സാധാരണ രീതിയില്‍ കശുമാവ് നടുന്നത്. ഈ അകലത്തില്‍ നടുമ്പോള്‍ ഒരു ഹെക്ടര്‍ സ്ഥലത്ത് 200 തൈകള്‍ നടാം. ഇതോടൊപ്പം തൈകള്‍ തമ്മിലുള്ള അകലം കുറച്ച്, അഞ്ച് മീറ്റര്‍ അകലത്തിലുള്ള മറ്റൊരു തോട്ടവും സ്ഥാപിച്ചിട്ടുണ്ട്. ഇങ്ങനെ നടുമ്പോള്‍ ഒരു ഹെക്ടറില്‍ 400 തൈകള്‍ നടാന്‍ സാധിക്കും.

ഈ രണ്ട് തോട്ടങ്ങളിലും തുള്ളിനന സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവയ്‌ക്കൊപ്പം ഏഴ് മീറ്റര്‍ അകലത്തില്‍ ജലസേചന സൗകര്യമില്ലാത്ത മറ്റൊരു തോട്ടവും ഉണ്ട്. മൂന്ന് രീതിയിലുള്ള തോട്ടങ്ങളിലെയും ഉല്‍പാദനം താരതമ്യം ചെയ്താല്‍ ഏതാണ് ലാഭകരമെന്ന് എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയും. പി.സി.കെയുടെ മുതലപ്പാറയിലെ നഴ്‌സറിയില്‍ ഉല്‍പാദിപ്പിച്ച അത്യുല്‍പാദനശേഷിയുള്ള ധന, ധരശ്രി, സുലഭ, മാടക്കത്തറ 1, 2, പ്രിയങ്ക എന്നീ ആറിനങ്ങള്‍ തൈകളാണ് നട്ടിരിക്കുന്നത്. തുള്ളിനനയുള്ള തോട്ടങ്ങളില്‍ മൂന്ന് വര്‍ഷം കൊണ്ടും ഇല്ലാത്തതില്‍ അഞ്ച് വര്‍ഷംകൊണ്ടും വിളവു ലഭിക്കുമെന്നാണ് പി.സി.കെയുടെ വിലയിരുത്തല്‍. വെള്ളം നനച്ച കശുമാവില്‍ ഉല്‍പാദനം കൂടുകയാണെങ്കില്‍ അത് പി.സി.കെയുടെ നിലവിലുള്ള തോട്ടങ്ങളിലേക്ക് ഭാവിയില്‍ വ്യാപിപ്പിക്കാനും ആലോചിക്കുന്നുണ്ട്. ഒന്നര ലക്ഷം രൂപ വീതമാണ് ഓരോന്നിനും ചെലവഴിച്ചത്. കേന്ദ്ര കൃഷി മന്ത്രാലയത്തിനു കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് കാഷ്യു ആന്റ് കൊക്കോ ഡവലപ്‌മെന്റിന്റെ സാമ്പത്തിക സഹായത്തോടെയാണ് തോട്ടങ്ങള്‍ നിര്‍മ്മിച്ചത്.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it