പിറവിയും എ കെ ജി യും-ഷാജി എന്‍ കരുണിന്റെ കാഞ്ഞങ്ങാട്ട് പിറന്ന രാഷ്ട്രീയ ചലച്ചിത്രങ്ങള്‍
നാല് സഖാക്കളോടൊപ്പം എ.കെ.ജി വെല്ലൂര്‍ ജയിലില്‍ നിന്ന് തടവ് ചാടിയത്, കടലൂര്‍ ജയിലില്‍ നടന്ന വെടിവെപ്പും, അടിയന്തരാവസ്ഥയിലെ ഭീകരമായ പൊലീസ് തേര്‍വാഴ്ചകളും നീതിയുടെ നിഷ്ഠൂരമായ ലംഘനവുമെല്ലാം തന്നെ എ.കെ.ജിയുടെ ജീവിത ചിത്രത്തില്‍ പുന:സൃഷ്ടിക്കപ്പെട്ടു.

അടിയന്തരാവസ്ഥയില്‍ പൊലീസുകാര്‍ ഉരുട്ടിക്കൊന്ന് കക്കയം ഡാമില്‍ കത്തിച്ച് ഒഴുക്കിക്കളഞ്ഞെന്ന് സംശയിക്കുന്ന രാജന്റെ ഓര്‍മ്മയില്‍ നിന്നാണ് സമകാലിക മലയാളം വീക്കിലിയുടെ എഡിറ്ററായിരുന്ന എസ് ജയചന്ദ്രന്‍ പിറവിയുടെ കഥ എഴുതുന്നത്. ഷാജി എന്‍ കരുണിനൊപ്പം തിരക്കഥയെഴുതിയ ആ സിനിമ ലോകത്തിലെ എല്ലാ പ്രധാന സിനിമാ ഉത്സവങ്ങളിലൊക്കെ ഭൂമി മലയാളത്തിന്റെ സിനിമ നിര്‍മിതിയെ ചേര്‍ത്തു നിര്‍ത്തി.
പൂര്‍ണമായും കാഞ്ഞങ്ങാട്ട് നിര്‍മ്മിച്ച സിനിമ. ചിത്താരിക്കടവത്തും ഇരിവല്‍ ഇല്ലത്തും മാക്കരംകോട്ട് ഇല്ലത്തും ആ സിനിമ പൂര്‍ത്തിയായി. ചുവപ്പിന്റെ ബാധ കൂടിയ അധികാരവര്‍ഗ്ഗത്തിന്റെ കൂട്ടു കൃഷിയില്‍ ഉരുട്ടിക്കൊന്ന മകനെ തേടിയുള്ള ആ വൃദ്ധനായ അച്ഛന്റെ യാത്രകള്‍ ഇന്നും ചിന്തിക്കുന്ന രാഷ്ടീയ യുവത്വം മറന്നിട്ടില്ല. വിപ്ലവത്തിന്റെ വിത്തുപാകിയ പോരുനിലങ്ങളില്‍ അധ:സ്ഥിതന്റെയും അടിച്ചമര്‍ത്തപ്പെട്ടവന്റെയും അന്നന്നത്തെ അപ്പത്തിന് വേണ്ടി വിപ്ലവഭേരി മുഴക്കിയ പോരാളിയുടെ മനസ്സുള്ള ഒരു മനുഷ്യന്‍ എ.കെ.ജി.
പാവങ്ങളുടെ പടത്തലവനെന്ന് ചരിത്രത്തിന്റെ ഏടുകളില്‍ രേഖപ്പെടുത്തിയ പ്രോജ്ജ്വല വ്യക്തിത്വം. പോയ കാലത്തിലെ വിപ്ലവ പോരാട്ടങ്ങളുടെ കഥ പറയാന്‍ ജനശക്തിയുടെ തേരാളിയായി വീണ്ടും നിര്‍ത്തുന്നതും ഈ മനുഷ്യനെത്തന്നെയാണ്. ഉച്ചവെയിലും ഉന്മാദികളുടെ ആക്രമണങ്ങളെയും കൂസാതെ, ഒരു വ്യക്തി ഒരു പ്രസ്ഥാനമാവുന്നതും ആ വ്യക്തിയുടെ ജീവിതം ഒരു പ്രസ്ഥാനത്തിന്റെ ചരിത്രമാവുന്നതും ലോകം കണ്ടറിഞ്ഞ കഥ.
ആ കഥകള്‍ അഭ്രപാളികളില്‍ പുനര്‍ജ്ജനിക്കുമ്പോള്‍ ഒരു ദേശവും അവിടുത്തെ ജനതയും സാക്ഷിയാവുന്നതും ഒരപൂര്‍വ്വ സംഭവമായിരുന്നു. വിപ്ലവ ഗ്രാമമായ കയ്യൂര്‍ വീണ്ടും ഒരു ചരിത്ര സിനിമയ്ക്ക് ആതിഥ്യമേകിയത് അമ്പതുവര്‍ഷം മുമ്പുള്ള കേരളീയ ജീവിതത്തിന്റെ നേര്‍പകര്‍പ്പാവുന്ന ഒരു ചലച്ചിത്രരേഖതന്നെ ഒരുക്കിയെടുക്കാനാണ്.
സെല്ലുലോയ്ഡിന്റെ മാസ്മരികത മൗലികമായ ദൃശ്യപഥങ്ങളിലൂടെ ലോകത്തിനു മുമ്പില്‍ തുറന്ന് കാണിച്ചുകൊടുത്ത മലയാളത്തിന്റെ എക്കാലത്തെയും നല്ല ഛായഗ്രാഹകനായ ഷാജി എന്‍ കരുണ്‍ ആയിരുന്നു മീനമാസത്തിലെ സൂര്യന്‍ എന്ന സിനിമയുടെ ഛായഗ്രാഹകന്‍. ജനകീയ സിനിമയുടെ വക്താക്കളായ മൃണാള്‍സെന്‍, ജോണ്‍ അബ്രഹാം, ലെനിന്‍ രാജേന്ദ്രന്‍ എന്നിവര്‍ക്കുശേഷം പ്രശസ്ത ക്യാമറാമാന്‍ ഷാജി എന്‍ കരുണ്‍ നേരിട്ടെത്തിയാണ് കയ്യൂരില്‍ സിനിമ ഷൂട്ട്ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയത്.
മൃണാള്‍ദാ തുടങ്ങി വച്ചതും ജോണ്‍ അബ്രഹാം പാതിവഴിയില്‍ നര്‍ത്തി വച്ചും പോയ കയ്യൂര്‍ ഗ്രാമത്തിന്റെയും എകെജിയുടെയും സിനിമ പിന്നീട് പൂര്‍ത്തീകരിച്ചത് ഷാജിയാണ്. മഹാനായ എ.കെ.ജിയുടെ ജീവിത കഥയ്ക്കൊപ്പം കയ്യൂര്‍ സമരവും ജനതയും ജീവിതവും ഷാജി സാര്‍ പകര്‍ത്തി. 'എ.കെ.ജി അതിജീവനത്തിന്റെ കനല്‍വഴികള്‍' എന്നാണ് സിനിമയുടെ പേര്.
വടക്കേ മലബാറിലെ കരളുറപ്പുള്ള മണ്ണിന്റെയും മനുഷ്യരുടെയും കഥകള്‍ ജൈവത്തിലൂടെയും ഇളകിയാടുന്ന മൗനത്തിലൂടെയും മലയാളത്തിന് സമ്മാനിച്ച കഥാകാരന്‍ പി.വി.കെ പനയാല്‍ മാഷായിരുന്നു എ.കെ.ജിയെക്കുറിച്ചുള്ള ഈ ചരിത്ര സിനിമയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത്. 1961ലെ ഉടുമ്പന്‍ചോലയില്‍ നടന്ന കുടിയിറക്ക് സംഭവവും ദുരിതങ്ങളിലേക്ക് കുടിയിറക്കപ്പെട്ട ആയിരക്കണക്കിന് മനുഷ്യരുടെ നിലവിളികളിലേക്കും കണ്ണീരിലേക്കും സാന്ത്വനത്തിന്റെ കാറ്റായി വന്നതുമായ ഇതിഹാസ സമരത്തിന്റെ ദൃശ്യങ്ങള്‍ ഷാജി പുനര്‍നിര്‍മ്മിക്കുകയാണ്.
നാല് സഖാക്കളോടൊപ്പം എ.കെ.ജി വെല്ലൂര്‍ ജയിലില്‍ നിന്ന് തടവ് ചാടിയത്, കടലൂര്‍ ജയിലില്‍ നടന്ന വെടിവെപ്പും, അടിയന്തരാവസ്ഥയിലെ ഭീകരമായ പൊലീസ് തേര്‍വാഴ്ചകളും നീതിയുടെ നിഷ്ഠൂരമായ ലംഘനവുമെല്ലാം തന്നെ എ.കെ.ജിയുടെ ജീവിത ചിത്രത്തില്‍ പുന:സൃഷ്ടിക്കപ്പെട്ടു.
അമരാവതി പ്രശ്നങ്ങളുമായി ബന്ധപ്പെട്ടുള്ള എ.കെ.ജിയുടെ ധീരമായ നിലപാടുകള്‍, പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനുള്ള നിരാഹാര സമരം, തുടങ്ങി 1944 മുതല്‍ 1975 വരെയുള്ള ദേശീയവും കേരളീയവുമായ നിര്‍ണ്ണായകമായ സംഭവ മുഹൂര്‍ത്തങ്ങള്‍ സിനിമയിലുണ്ടാവും. വളരെ മുമ്പ് തിരുവനന്തപുരത്ത് വച്ചാണ് എ.കെ.ജിയെ കാണാന്‍ കഴിഞ്ഞിട്ടുള്ളതെന്ന് ഷാജി എന്‍ കരുണ്‍ പറഞ്ഞിരുന്നു..
ലോകത്തിലെ മഹാന്‍മാരായ കമ്മ്യൂണിസ്റ്റുകളെക്കുറിച്ചെല്ലാം പ്രശസ്തമായ ചലച്ചിത്രങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മഹാനായ എ.കെ.ജിയെക്കുറിച്ച് സിനിമയുണ്ടാവുന്നതും അത് സംവിധാനം ചെയ്യാനുള്ള നിയോഗമുണ്ടായതും ഭാഗ്യമായി ഷാജി കരുതിയിരുന്നു.
മനുഷ്യസ്നേഹിയായ ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് എന്ന രീതിയിലായിരുന്നു അന്ന് ആ സിനിമയില്‍ എ.കെ.ജിയെ ഷാജി എന്‍ കരുണ്‍ അവതിരിപ്പിച്ചത്. ഇ.എം.എസ് മുതല്‍ എ.വി കുഞ്ഞമ്പുവരെയുള്ള നേതാക്കളുടെ പുനരാവിഷ്‌ക്കാരം ഈ ചലച്ചിത്രത്തില്‍ വന്നു.
ആദ്യകാലത്തെ സംസ്ഥാന നിയമസഭാ സമ്മേളനത്തില്‍ നിന്ന് തുടങ്ങുന്ന സിനിമ അവസാന നിവേദനവുമായി റെയില്‍വേ സ്റ്റേഷനില്‍ ഓടിയെത്തിയ പാവപ്പെട്ട സ്ത്രീയില്‍ നിന്ന് നിവേദനം നേരിട്ട് വാങ്ങാന്‍ ഓടുന്ന വണ്ടിയില്‍ നിന്ന് ചാടിയിറങ്ങുന്ന മനുഷ്യസ്നേഹിയായ എ.കെ.ജിയുടെ ദൃശ്യത്തിലാണ് അവസാനിച്ചത്.
കയ്യൂര്‍, കണ്ണൂര്‍, ബേക്കല്‍, കാഞ്ഞങ്ങാട്, കിണാവൂര്‍, ചായ്യോം, നീലേശ്വരം, ചീമേനി തുടങ്ങിയ കാസര്‍കോട് ജില്ലയിലെ വിവിധ ഗ്രാമങ്ങളിലും ഡെല്‍ഹി, ഹൈദരാബാദ്, എന്നീ സംസ്ഥാനങ്ങളിലും ചിത്രീകരണം നടത്തി. ഇ.കെ നായനാരായി നായനാരുടെ മകന്‍ കൃഷ്ണകുമാര്‍, എസ്.വി.ഖാട്ടെയുടെ വേഷത്തില്‍ കാഞ്ഞങ്ങാട്ടെ റിട്ടയേര്‍ഡ് തഹസില്‍ദാര്‍ ചന്ദ്രശേഖരന്‍, എ.വി,കുഞ്ഞമ്പുവായി മകന്‍ ജയദേവനുമാണ്.
പിറവി എന്ന സിനിമ ഇന്നും കാഞ്ഞങ്ങാട്ടുകാരുടെ ഓര്‍മയില്‍ നില്‍ക്കുന്നുണ്ട്. അടിയന്താരവസ്ഥയില്‍ തീപ്പൊള്ളി മരിച്ച അങ്ങാടിപ്പുറം ബാലകൃഷ്ണനും പ്രഭാകരന്‍ മാഷും രാജനും ഈച്ചര വാര്യരും ലക്ഷ്മണയും ജയറാം പടിക്കലും ടി വി മധുസൂധനനും കുഞ്ഞിക്കണ്ണനും പുലിക്കോടന്‍ നാരായണനുമൊക്കെ കാഞ്ഞങ്ങാടിന്റെ അടിയന്തരാവസ്ഥാ ചരിത്രത്തിന്റെ ഭാഗമാണ്. വ്യക്തികളെ വെള്ളപൂശാം പക്ഷെ ചരിത്രത്തെ എങ്ങിനെയാണ് നിങ്ങള്‍ തിരുത്തുക.
പ്രവീണ്‍ കുമാര്‍. പി
(ചിത്രങ്ങള്‍ പ്രഭാകരന്‍ കാഞ്ഞങ്ങാടിന്റെ ശേഖരത്തില്‍ നിന്നും)