യാത്രക്കാര്‍ ചോദിച്ചത് കണ്ണൂരിന് വടക്കോട്ടേക്ക് നീട്ടാന്‍, ഷൊര്‍ണൂറിന് കിഴക്കോട്ടേക്ക് നീട്ടി റെയില്‍വെ; പ്രതിഷേധം കനക്കുന്നു

അവഗണന നേരിടുന്ന കുമ്പള റെയില്‍വേ സ്റ്റേഷന്‍
കാസര്‍കോട്: തെക്കു നിന്നുവരുന്ന ഹൃസ്വദൂര തീവണ്ടികള്‍ അധികവും കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കുന്നതില്‍ പ്രതിഷേധം കനക്കുന്നു. 9 വണ്ടികളാണ് ഇങ്ങനെ ഓടുന്നത്. അതുകൊണ്ട് തന്നെ കാസര്‍കോട് ഭാഗത്തുള്ളവര്‍ക്ക് യാത്രാദുരിതമേറുകയാണ്.
വൈകിട്ട് 5.10 കഴിഞ്ഞാല്‍ കോഴിക്കോട് നിന്ന് കാസര്‍കോട്ടേക്ക് പ്രതിദിന വണ്ടിയില്ലാത്ത അവസ്ഥയാണിപ്പോള്‍. അടുത്ത സ്ഥിര വണ്ടിക്ക് പിറ്റേദിവസം പുലര്‍ച്ചെ 1.10 വരെ കാത്തിരിക്കേണ്ടി വരുന്നു. അതുപോലെ വൈകിട്ട് 7.10 കഴിഞ്ഞാല്‍ വടക്കേ അറ്റത്തെ ജില്ലയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് തെക്കോട്ടേക്ക് ട്രെയിനില്ല. ഈ ബുദ്ധിമുട്ട് പരിഹരിക്കാന്‍ കോഴിക്കോട്ട് വൈകിട്ട് 5.35ന് എത്തിച്ചേരുന്ന ഷൊര്‍ണൂര്‍-കണ്ണൂര്‍ എക്‌സ്പ്രസ് കാസര്‍കോട് വരെയോ മഞ്ചേശ്വരം വരെയോ നീട്ടി രാത്രി തന്നെ കണ്ണൂരിലേക്ക് തിരിച്ചുപോകുന്ന വിധത്തില്‍ ഓടിക്കണമെന്ന് വടക്കേ മലബാറിലെ യാത്രക്കാര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. അതിനിടെയാണ് ഈ വണ്ടി ഷൊര്‍ണൂറില്‍ നിന്ന് കിഴക്കോട്ടേക്ക് പാലക്കാട് വരെ നീട്ടിക്കൊണ്ടുള്ള റെയില്‍വെ ഉത്തരവ് വന്നത്. കഴിഞ്ഞ ജൂലൈ 2 മുതല്‍ ആരംഭിച്ച ട്രെയിന്‍ ഓണ്‍ ഡിമാണ്ട് സ്‌പെഷ്യല്‍ വണ്ടി ശനിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ കഴിഞ്ഞ ദിവസം മുതല്‍ പാലക്കാട് വരെ ഓടി തുടങ്ങുകയും ചെയ്തു. ശനിയാഴ്ചകളില്‍ ഈ വണ്ടി ഷൊര്‍ണൂറില്‍ യാത്ര അവസാനിപ്പിച്ച് അവിടെ നിന്ന് തന്നെ മടക്കയാത്ര ആരംഭിക്കും.
പ്രസ്തുത ട്രെയിന്‍ രാവിലെ കണ്ണൂര്‍ മുതല്‍ കോഴിക്കോട് വരെ ഒരു വണ്ടിയായും അവിടെന്ന് തെക്കോട്ട് മറ്റൊരു വണ്ടിയായും പ്രത്യേകം നമ്പര്‍ കൊടുത്തിരിക്കുന്നുണ്ട്. സമയ ക്രമത്തില്‍ ചെറിയ മാറ്റവും വരുത്തിയിട്ടുണ്ട്.
അത്യുത്തര മലബാറിലെ യാത്രക്കാരെ പ്രത്യേകിച്ച് കാസര്‍കോട് ജില്ലയെ പൂര്‍ണമായും അവഗണിച്ചുകൊണ്ടുള്ള ഈ ഉത്തരവ് ജില്ലയിലെ യാത്രക്കാരില്‍ വലിയ അമര്‍ഷത്തിനും പ്രതിഷേധത്തിനും കാരണമാക്കിയിട്ടുണ്ട്. ആകെ ഒരു പാസഞ്ചര്‍ വണ്ടി മാത്രമേ കണ്ണൂരില്‍ നിന്ന് കാസര്‍കോട് വഴി മംഗലാപുരത്തേക്ക് ഇപ്പോഴുള്ളൂ. റെയില്‍വേയുടെ നടപടി യാത്രാക്ലേശം അനുഭവിക്കുന്ന കാസര്‍കോട്ടുകാരോടുള്ള കടുത്ത അവഹേളനമാണെന്ന് കാസര്‍കോട് റെയില്‍ പാസഞ്ചേര്‍സ് അസോസിയേഷന്‍ അഭിപ്രായപ്പെട്ടു.
ഷൊര്‍ണൂര്‍-കണ്ണൂര്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ് കണ്ണൂരിന് വടക്കോട്ടേക്ക് നീട്ടാനുള്ള ബഹുജന സമരത്തിന് എം.പി നേതൃത്വം കൊടുക്കണമെന്നും പസഞ്ചേര്‍സ് അസോസിയേഷന്‍ പ്രസിഡണ്ട് പ്രശാന്ത് കുമാര്‍, സെക്രട്ടറി നാസര്‍ ചെര്‍ക്കളം, കോര്‍ഡിനേറ്റര്‍ നിസാര്‍ പെര്‍വാഡ് എന്നിവര്‍ ആവശ്യപ്പെട്ടു.
അവഗണന നേരിടുന്ന കുമ്പള റെയില്‍വേ സ്റ്റേഷന്‍