നെല്ലിക്കുന്നിലെ പഴയ ആസ്ട്രല്‍ വാച്ചസ് കമ്പനി സ്ഥലം വ്യവസായ യൂണിറ്റുകള്‍ തുടങ്ങാന്‍ പാട്ടത്തിന് നല്‍കുന്നു

കാസര്‍കോട്: നെല്ലിക്കുന്നില്‍ പഴയ ആസ്ട്രല്‍ വാച്ചസ് നിര്‍മ്മാണ കമ്പനി പ്രവര്‍ത്തിച്ചിരുന്ന 1.99 ഏക്കര്‍ സ്ഥലത്ത് നിര്‍മ്മാണ, സേവന മേഖലയില്‍ വ്യവസായ യൂണിറ്റുകള്‍ തുടങ്ങാന്‍ യോഗ്യരായ സ്വകാര്യ സംരംഭകരെ കണ്ടെത്തുന്നതിന് കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെ.എസ്.ഐ.ഡി.സി) അപേക്ഷ ക്ഷണിച്ചു. സ്ഥലം നിലവില്‍ കെ.എസ്.ഐ.ഡി.സിയുടെ കൈവശമാണുള്ളത്. ഇവിടെ സ്റ്റാന്റേര്‍ഡ് ഡിസൈന്‍ ഫാക്ടറി നിര്‍മ്മിക്കാന്‍ ആലോചിച്ചെങ്കിലും നടപ്പായില്ല. സ്ഥാപനങ്ങള്‍ക്ക് അവര്‍ തുടങ്ങാനുദ്ദേശിക്കുന്ന സംരംഭങ്ങളെക്കുറിച്ചുള്ള വിവരമുള്‍പ്പെടുത്തി അപേക്ഷ നല്‍കാം. തിരഞ്ഞെടുക്കപ്പെടുന്ന സംരംഭകന് 60 വര്‍ഷത്തേക്ക് സ്ഥലം പാട്ടത്തിന് അനുവദിക്കും. സെന്റിന് 3.5 ലക്ഷം രൂപയാണ് പാട്ടത്തിന് നിശ്ചയിച്ചിട്ടുള്ള അടിസ്ഥാന നിരക്ക്. ഉയര്‍ന്ന തുക ക്വാട്ട് ചെയ്യുന്നവരെ പരിഗണിക്കും. തിരഞ്ഞെടുക്കപ്പെട്ടാല്‍ ഈ തുക അടക്കണം. സ്ഥലം പാട്ടത്തിനെടുക്കുന്ന സംരംഭകന്‍ അടിസ്ഥാന സൗകര്യമൊരുക്കിയ ശേഷം ഉപപാട്ടത്തിന് നല്‍കുന്നതിനും തടസ്സമില്ല. തിരഞ്ഞെടുക്കപ്പെടുന്ന സംരംഭകന്‍ പ്രോജക്ട് റിപ്പോര്‍ട്ടിനോടൊപ്പം സമര്‍പ്പിച്ചിട്ടുള്ള ഷെഡ്യൂളില്‍ പറയുന്ന പ്രകാരം രണ്ട് വര്‍ഷത്തിനകം പ്രവര്‍ത്തനം തുടങ്ങണം. സാമ്പത്തിക വികസനവും ലഭിക്കുന്ന തൊഴിലവസരങ്ങളും പരിഗണിച്ച് വന്‍കിട നിക്ഷേപകര്‍ക്ക് ഭൂമി അനുവദിക്കുന്നതില്‍ മുന്‍ഗണന നല്‍കും. മൂന്ന് വര്‍ഷത്തിനുള്ളില്‍ നൂറ് കോടി രൂപ വരെ നിക്ഷേപിക്കുകയും തൊഴില്‍ ലഭ്യത ഉറപ്പാക്കുകയും ചെയ്യുന്നവര്‍ക്കാണ് പ്രഥമ പരിഗണന. മൂന്ന് വര്‍ഷത്തിനുള്ളില്‍ 50 മുതല്‍ 100 കോടി രൂപവരെ നിക്ഷേപിക്കുന്നവര്‍ക്കും മുന്‍ഗണന ലഭിക്കും. രണ്ട് പതിറ്റാണ്ടിലേറെയായി അടച്ചിട്ടിരുന്ന സ്ഥലം കാട് മൂടിയ നിലയിലായിരുന്നു. ഇവിടെ മറ്റു വ്യവസായ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കണമെന്നാവശ്യപ്പെട്ട് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു. നേരത്തെ 1980ലാണ് കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന് കീഴില്‍ ഇവിടെ ആസ്ട്രല്‍ വാച്ചസ് നിര്‍മ്മാണ കമ്പനി ആരംഭിച്ചത്. എച്ച്.എം.ടി കമ്പനിക്ക് വേണ്ടിയുള്ള വാച്ചുകള്‍ സംയോജിപ്പിച്ച് കൊടുക്കുകയായിരുന്നു ഇവിടെ ചെയ്തുപോന്നിരുന്നത്. പിന്നീട് ഓര്‍ഡറുകള്‍ കുറഞ്ഞതോടെ നഷ്ടത്തിലാവുകയും 2002ല്‍ എന്നന്നേക്കുമായി പൂട്ടുകയുമായിരുന്നു. പിന്നീട് ഇവിടെ ഐ.ടി പാര്‍ക്ക് അനുവദിക്കുമെന്ന പ്രഖ്യാപനം അടക്കം ഉണ്ടായെങ്കിലും ഒന്നും നടപ്പിലായില്ല.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it