തകര്‍ന്ന നെല്ലിക്കുഞ്ച നടപ്പാലം എന്ന് നന്നാക്കും; നാട് കാത്തിരിക്കുന്നു

തകര്‍ന്ന നെല്ലിക്കുഞ്ച നടപ്പാലം
ബദിയടുക്ക: കാലവര്‍ഷം കലി തുള്ളിയതോടെ തകര്‍ന്ന നടപ്പാലം എന്ന് നന്നാക്കുമെന്ന കാത്തിരിപ്പിലാണ് നെല്ലിക്കുഞ്ച പ്രദേശവാസികള്‍. ഈ പ്രദേശത്തുകാര്‍ അക്കരെയും ഇക്കരെയുമെത്താന്‍ ആശ്രയിച്ചിരുന്ന പാലം തകര്‍ന്നതോടെ യാത്രാദുരിതം നേരിടുകയാണ്. തിരഞ്ഞെടുപ്പ് സമയത്ത് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പാലം പുനര്‍ നിര്‍മ്മിക്കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. ഇത് യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍. ബദിയടുക്ക പഞ്ചായത്തിലെ പഴയ അഞ്ചാം വാര്‍ഡിലും പുതിയ ഒന്‍പതാം വാര്‍ഡായ ചാലക്കോടിലുമുള്ള നെല്ലിക്കുഞ്ച ഗുത്തു പാലമാണ് മാസങ്ങള്‍ക്ക് മുമ്പ് തകര്‍ന്നത്. 20 വര്‍ഷം മുമ്പ് കോണ്‍ക്രീറ്റ് കൊണ്ട് നിര്‍മ്മിച്ച പാലത്തിന്റെ ഇരുവശവുമുള്ള സംരക്ഷണ ഭിത്തി ചെങ്കല്ല് കൊണ്ട് പണിതതാണ്. സംരക്ഷണ ഭിത്തിയിലെ കല്ലുകള്‍ ഇളകി വീണതോടെ നടപ്പാലം നിലംപൊത്തുകയായിരുന്നു. സംരക്ഷണ ഭിത്തിയിലെ കല്ലുകള്‍ ഇളകി വീഴാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു. പഞ്ചായത്ത് അധികൃതരെ ഗ്രാമസഭയില്‍ പാലം കോണ്‍ക്രീറ്റ് ചെയ്ത് സംരക്ഷണ ഭിത്തി നിര്‍മ്മിക്കണമെന്ന് ആവശ്യം ഉയര്‍ത്തിയെങ്കിലും അധികൃതര്‍ ഗൗനിച്ചില്ലെന്നാണ് ആരോപണം. നടപ്പാലം നിലംപൊത്തിയതോടെ നെല്ലിക്കുഞ്ച, കജംപാടി തുടങ്ങിയ സ്ഥലങ്ങളിലെ വിദ്യാര്‍ത്ഥികളും മറ്റും യാത്രാദുരിതമനുഭവിക്കുന്നു. പ്രദേശവാസികളായ പലരും ഉക്കിനടുക്ക, പെര്‍ള, കാട്ടുകുക്കെ, ബദിയടുക്ക, നീര്‍ച്ചാല്‍ തുടങ്ങിയടങ്ങളിലെ സ്‌കൂളുകളിലേക്ക് യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികളും കര്‍ഷകരും മറ്റു യാത്രക്കാരും ഇതോടെ കിലോ മീറ്ററുകള്‍ താണ്ടി കണ്ണാടിക്കാനയിലൂടെ പെര്‍ളയിലെത്തി അവിടെന്ന് മറ്റു സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യേണ്ട സ്ഥിതിയാണ്. അതേസമയം തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് വേളയില്‍ മുന്നണി സ്ഥാനാര്‍ത്ഥികളില്‍ പലരും പാലം പുതുക്കി പണിയുമെന്ന വാഗ്ദാനം നല്‍കിയിരുന്നുവത്രെ. ഇനിയെങ്കിലും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം നിറവേറ്റാന്‍ ജനപ്രതിനിധികളും പഞ്ചായത്ത് ഭരണ സമിതിയും തയ്യാറാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍.

