പരാതി ഒഴിയാതെ ദേശീയപാത; പിലിക്കോട്ടും സര്‍വീസ് റോഡില്‍ കുഴി

പിലിക്കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന് മുമ്പില്‍ സര്‍വീസ് റോഡിനടുത്തായി രൂപപ്പെട്ട ഗര്‍ത്തം
കാഞ്ഞങ്ങാട്: ദേശീയപാത രണ്ടാം റീച്ചിലും മൂന്നാം റീച്ചിലും പരാതി ഒഴിയുന്നില്ല. പിലിക്കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന് മുമ്പില്‍ സര്‍വീസ് റോഡിനടുത്തായി വന്‍ ഗര്‍ത്തം രൂപപ്പെട്ടു. ഇന്നലെ രാവിലെയോടെ രൂപപ്പെട്ട ഗര്‍ത്തത്തിന് നാലടിയോളം ആഴമുണ്ട്. സ്‌കൂളിലേക്ക് വിദ്യാര്‍ത്ഥികള്‍ കടന്നുപോകുന്ന വഴി കൂടിയാണിത്. ഗര്‍ത്തം രൂപപ്പെട്ടത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ അപകട സാഹചര്യം ഒഴിവാക്കുകയായിരുന്നു. ഉടനെ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയതോടെ കരാര്‍ കമ്പനിയായ മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ എഞ്ചിനീയര്‍മാരും തൊഴിലാളികളുമെത്തി ഗര്‍ത്തം മണ്ണിട്ട് മൂടി. മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന റോഡില്‍ നേരത്തെയും ഇത്തരം പരാതികള്‍ ഉയര്‍ന്നിരുന്നു.