ദേശീയപാത: ബസ് സ്റ്റോപ്പുകളില്‍ പലയിടത്തും ബസ് നിര്‍ത്തുന്നില്ല; യാത്രക്കാര്‍ക്ക് ദുരിതം

മൊഗ്രാല്‍ ടൗണില്‍ ബസ് സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയിടാതെ അടിപ്പാതക്ക് സമീപം ബസുകള്‍ നിര്‍ത്തിയിടുന്നു
മൊഗ്രാല്‍: ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളില്‍ പലയിടങ്ങളിലും ബസുകള്‍ നിര്‍ത്തിയിടാത്തത് യാത്രക്കാര്‍ക്ക് ദുരിതമാവുന്നു. മൊഗ്രാല്‍ ടൗണില്‍ ബസുകള്‍ അടിപ്പാതക്ക് സമാനമായിട്ടാണ് നിര്‍ത്തിയിടുന്നത്. ഇത് സര്‍വീസ് റോഡിലെ ഗതാഗത കുരുക്കിന് കാരണമാവുന്നു. അതോടൊപ്പം മൊഗ്രാല്‍ സ്‌കൂള്‍ റോഡിലേക്കുള്ള ഗതാഗത തടസത്തിനും തടസമാകുന്നു. ഈ വിഷയം സംബന്ധിച്ച് കഴിഞ്ഞവര്‍ഷം വാര്‍ഡ് മെമ്പറും സന്നദ്ധസംഘടനകളും കുമ്പള പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കുറച്ചുനാളത്തേക്ക് ട്രാഫിക് നിയന്ത്രിക്കാന്‍ പൊലീസിനെ നിയമിച്ചിരുന്നു. എന്നാല്‍ ഇത്തവണ സ്‌കൂള്‍ അധ്യായന വര്‍ഷം ആരംഭിച്ചത് മുതല്‍ വീണ്ടും പഴയപടി തന്നെയായി. അടിപ്പാതക്ക് സമാനമായി ബസുകള്‍ നിര്‍ത്തിയിടുന്നത് മൂലം ഇതുവഴി നടന്നുപോകുന്ന നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് പ്രയാസമുണ്ടാന്നു. റോഡിന്റെ രണ്ട് ഭാഗങ്ങളിലും ടൗണ്‍ ജംഗ്ഷന്‍ അടിപ്പാതക്ക് സമീപത്തായി കേവലം 50 മീറ്റര്‍ മാത്രം അകലെ ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്. പ്രസ്തുത സ്ഥലത്ത് ബസുകള്‍ നിര്‍ത്തിയിട്ടാല്‍ ഗതാഗത തടസം ഒഴിവാക്കാനാകുമെന്ന് നാട്ടുകാര്‍ പറയുന്നു.