ദേശീയപാത: തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതില്‍ വിവേചനമെന്ന് ആക്ഷേപം

തെരുവ്വിളക്ക് സ്ഥാപിക്കാത്ത മൊഗ്രാല്‍ പുത്തൂര്‍ ചൗക്കി ദേശീയപാത
മൊഗ്രാല്‍ പുത്തൂര്‍: ദേശീയപാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏകദേശം പൂര്‍ത്തിയാകുമ്പോള്‍ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലൂടെ കടന്നുപോകുന്ന കല്ലങ്കൈ-സി.പി.സി.ആര്‍.ഐ ഗസ്റ്റ് ഹൗസ് മുതല്‍ സി.പി.സി.ആര്‍.ഐ പ്രധാന ഓഫീസ് നിലനില്‍ക്കുന്ന കുളങ്കര വരെ രണ്ട് കിലോമീറ്റര്‍ ദൂരയളവില്‍ റോഡിന് ഇരുവശവും തെരുവ് വിളക്ക് സ്ഥാപിക്കാത്തത് വിവേചനമാണെന്നും നടപടി പുന: പരിശോധിക്കണമെന്നും മൊഗ്രാല്‍ പുത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. വൈദ്യുതി പോസ്റ്റുകള്‍ സ്ഥാപിക്കാത്തതിനെ തുടര്‍ന്ന് കരാറുകാരുടെ ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ ജനവാസകേന്ദ്രമല്ലാത്ത പ്രദേശമായത് കൊണ്ടാണ് ഒഴിവാക്കിയതെന്ന അഴകുഴമ്പന്‍ മറുപടിയാണ് കിട്ടിയതെന്ന് കോണ്‍ഗ്രസ് ഭാരവാഹികള്‍ പറയുന്നു. ഏത് അടിസ്ഥാനത്തിലാണ് ജനവാസ കേന്ദ്രമല്ലെന്ന് വിലയിരുത്തിയതെന്ന് അറിയാന്‍ ആഗ്രഹമുണ്ട്. ഇത് അധികൃതര്‍ വിശദീകരിക്കണം. എത്രയും പെട്ടെന്ന് പ്രസ്തുത പ്രദേശങ്ങളില്‍ തെരുവുവിളക്ക് സ്ഥാപിക്കാന്‍ ഇടപെടണമെന്ന് കാസര്‍കോട് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താനോടും, നാഷണല്‍ ഹൈവേ അതോറിറ്റിയോടും മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ബഹുജനപ്രക്ഷോഭത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. മൊഗ്രാല്‍ പുത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് വേലായുധന്‍, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടുമാരായ നാരായണന്‍ നായര്‍, ഹനീഫ് ചേരങ്കൈ, പ്രവാസി കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അഹമ്മദ് ചൗക്കി എന്നിവര്‍ ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കി.