കണ്ണുനട്ടു കാത്തിരുന്നിട്ടും... മണിയംപാറ പാലം ചുവപ്പുനാടയില്‍ തന്നെ

പുത്തിഗെ: പ്രദേശവാസികളുടെ വര്‍ഷങ്ങളുടെ കാത്തിരിപ്പായ മണിയംപാറ പാലം അധികൃതരുടെ അനാസ്ഥയില്‍ ചുവപ്പ് നാടയില്‍ തന്നെ. പദ്ധതിയുടെ വിശദമായ പഠനം പൂര്‍ത്തിയാക്കി ഭരണാനുമതിക്കായി അപേക്ഷ സമര്‍പ്പിച്ച് രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ അനുകൂല നടപടി ഉണ്ടായില്ല. പുത്തിഗെ പഞ്ചായത്തിലെ ധര്‍മ്മത്തടുക്ക, ചെന്നിക്കോടി, കന്തല്‍, മണിയപാറ, ഷേണി മലയോര പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന തരത്തില്‍ ഷിറിയ പുഴക്ക് കുറുകെ കന്താലയം നൊണക്കല്ലിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പാലവും പുഴയുടെ ഇരുവശങ്ങളിലും രണ്ടും മൂന്നും വാര്‍ഡിനെ ബന്ധിപ്പിക്കുന്ന അനുബന്ധ റോഡും നാട്ടുകാരുടെ ഏറെ കാലത്തെ സ്വപ്‌നമാണ്. പാലം യാഥാര്‍ത്ഥ്യമായാല്‍ പ്രദേശവാസികള്‍ക്ക് ഏറ്റവും എളുപ്പത്തില്‍ സമീപ പ്രദേശങ്ങളിലുള്ള ആസ്പത്രികളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും അടക്കം എളുപ്പത്തില്‍ എത്താന്‍ സഹായകമാകും. കൂടാതെ ഷിറിയ അണക്കെട്ട്, പൊസഡി ഗുംപെ, നൊണക്കല്ല് വെള്ളച്ചാട്ടം തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിക്കാനും ഇത് സഹായകമാകും. നിലവില്‍ കിലോമീറ്ററുകളോളം ചുറ്റികറങ്ങി യാത്ര ചെയ്യേണ്ട അവസ്ഥയാണുള്ളത്. പാലം യാഥാര്‍ത്ഥ്യമായില്ലെങ്കില്‍ പ്രദേശത്ത് വികസന മുരടിപ്പുണ്ടാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക. പദ്ധതിയുടെ ഭരണാനുമതി വൈകുന്നതിനുള്ള കാരണങ്ങള്‍ ഇതുവരെ വ്യക്തമായിട്ടില്ല. നിരവധി തവണ എ.കെ.എം അഷ്റഫ് എം.എല്‍.എയുംപുത്തിഗെ പഞ്ചായത്ത് മെമ്പര്‍ അസിഫ് അലി കന്തലും മന്ത്രിമാര്‍ അടക്കമുള്ള അധികൃതരെ സമീപിച്ചിട്ടും പദ്ധതിക്ക് ഭരണനുമതിയായില്ല. പദ്ധതിയുടെ അനിശ്ചിതത്വം നീക്കി നാട്ടുകാരുടെ സ്വപ്‌ന പദ്ധതിയായ ഈ പാലത്തിന്റെ തുടര്‍ നടപടി ഉണ്ടാകണമെന്നാണ് പ്രദേശിവാസികളുടെ ആവശ്യം.

'പ്രതിഷേധം ശക്തമാക്കും'

പുത്തിഗെ: മണിയംപാറ പാലമെന്നത് ഒരു നാടിന്റെ സ്വപ്‌നമാണ്. ഇതിനായി വര്‍ഷങ്ങളായി കാത്തിരിപ്പ് തുടരുമ്പോഴും അധികൃതര്‍ മൗനം പാലിക്കുകയാണ്. ഇതില്‍ പ്രതിഷേധിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും ചെറുകിട ജലസേചന വകുപ്പ്, പഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ക്ക് ഇ-മെയില്‍ സന്ദേശമയച്ചു. എത്രയും പെട്ടെന്ന് പദ്ധതി പ്രവര്‍ത്തനത്തിന് ഭരണാനുമതി ലഭിക്കാത്ത പക്ഷം പ്രതിഷേധ സമരങ്ങള്‍ക്ക് മുന്നിട്ടിറങ്ങും.

-സിദ്ദീഖ് മണിയംപാറ (സാമൂഹ്യ പ്രവര്‍ത്തകന്‍)

Related Articles
Next Story
Share it